Connect with us

National

'ദയ'യില്ലാത്ത രാഷ്ട്രപതി

Published

|

Last Updated

രാഷ്ട്രപതി കസേരയിലിരിക്കുമ്പോള്‍ പ്രണാബ് മുഖര്‍ജി തള്ളിയത് 30 ദയാഹര്‍ജികള്‍. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മാമന്‍, പാര്‍ലിമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരു തുടങ്ങിയവരുടെ ദയാഹര്‍ജികള്‍ മുഖര്‍ജി തള്ളിയതില്‍ ഉള്‍പ്പെടും. യാക്കൂബ് മേമന്റെ ഹര്‍ജി രണ്ട് തവണയാണ് തള്ളിയത്. ഇത് കൂടി ചേര്‍ത്താല്‍ ആകെ തള്ളിയ ഹര്‍ജികളുടെ എണ്ണം 31 ആകും. യാക്കൂബ് മേമന്റെ രണ്ട് ഹര്‍ജികള്‍ അടക്കം 35 ദയാഹര്‍ജികളാണ് പ്രണാബിന്റെ മുന്നിലെത്തിയത്. ഇതില്‍ നാലെണ്ണം മാത്രമാണ് അദ്ദേഹം ശിക്ഷ ലഘൂകരിച്ച് നല്‍കിയത്.

ദയാഹര്‍ജികളില്‍ 88 ശതമാനവും തീര്‍പ്പാക്കിയ രാഷ്ട്രപതിയായിരുന്നു പ്രണാബ് മുഖര്‍ജി. 45 ദയാഹര്‍ജികള്‍ തള്ളിയ മുന്‍ രാഷ്ട്രതി വെങ്കട്ടരാമന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹര്‍ജികള്‍ തള്ളിയത് പ്രണാബ് മുഖര്‍ജിയാണ്. 2012 ജൂലൈ 25ന് പ്രണാബ് അധികാരമേല്‍ക്കുമ്പോള്‍ പത്ത് ദയാഹര്‍ജികളാണ് അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്. ഇതില്‍ 1997-2002 കാലത്ത് രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ പരിഗണിക്കാതെ വെച്ച ഹര്‍ജിയും ഉള്‍പ്പെടും. പ്രണബ് സ്ഥാനമൊഴിയുമ്പോള്‍ ഒരു ദയാഹര്‍ജിയും ബാക്കിയുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതിന് മുമ്പുള്ള മൂന്ന് രാഷ്ട്രപതിമാരുടെ കാലയളവില്‍ ആദ്യമായിരുന്നു ഇങ്ങനെ ഒരു അനുഭവം.

കെ ആര്‍ നാരായണനും അദ്ദേഹത്തെ തുടര്‍ന്ന വന്ന എ പി ജെ അബ്ദുല്‍ കലാമുമാണ് ദയാഹര്‍ജികളുടെ കാര്യത്തില്‍ തിടുക്കം കാട്ടാതിരുന്ന രാഷ്ട്രപതിമാര്‍. കെ ആര്‍ നാരായണന്‍ അദ്ദേഹത്തിന് മുന്നിലെത്തിയ ഒരു ദയാഹര്‍ജിയിലും തീരുമാനമെടുക്കാതിരുന്നപ്പോള്‍ കലാം അദ്ദേഹത്തിന് മുന്നിലെത്തിയ 25 ഹര്‍ജികളില്‍ രണ്ട് ഹര്‍ജികളില്‍ മാത്രമാണ് തീര്‍പ്പ് കല്‍പ്പിച്ചത്. ഒന്ന് തള്ളുകയും മറ്റൊന്ന് ശിക്ഷ ലഘൂകരിച്ച് നല്‍കുകയും ചെയ്തു. ദയാഹര്‍ജികളില്‍ തീരുമാനമെടുക്കപ്പെടാത്ത കാലഘട്ടം എന്നാണ് 2015ല്‍ ലോ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇവരുടെ കാലഘട്ടത്തെ വിശേഷിപ്പിച്ചത്.

രാജ്യത്തെ ഏറ്റവും ദയയുള്ള രാഷ്ട്രപതി പ്രതിഭാ പാട്ടീലായിരുന്നു. തനിക്ക് മുന്നിലെത്തിയ 39 ദയാഹര്‍ജികളില്‍ 34ലും അവര്‍ ശിക്ഷ ജീവപര്യന്തമായി ലഘൂകരിച്ച് നല്‍കി. രാജീവ് ഗാന്ധിയുടെ ഘാതകരായ മൂന്ന് പേരുടെതടക്കം അഞ്ചെണ്ണം മാത്രമാണ് അ്വര്‍ തള്ളിയത്.

Latest