Connect with us

Kerala

മത്തായിയുടെ മരണം; ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 24നു പരിഗണിക്കും

Published

|

Last Updated

പത്തനംതിട്ട | ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെചരുവില്‍ പി പി മത്തായി (പൊന്നു – 41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ചിറ്റാറിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറായിരുന്ന ആര്‍ രാജേഷ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ 24നു പരിഗണിക്കും.
കേസില്‍ റാന്നി കോടതിയില്‍ പോലീസ് അന്വേഷണ സംഘം സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്റെ പേരിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. പ്രതിപ്പട്ടിക പോലും നല്‍കാതെ ക്രിമിനല്‍ നടപടിക്രമം 157 പ്രകാരമാണ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതിപ്പട്ടിക നല്‍കിയാല്‍ മുന്‍കൂര്‍ ജാമ്യം തേടുമെന്നതായിരുന്നു പോലീസിന്റെ വിലയിരുത്തല്‍.

എന്നാല്‍, കേസിന്റെ തുടക്കം മുതല്‍ പോലീസ്, വനംവകുപ്പുകള്‍ നടത്തുന്ന ഒളിച്ചുകളി ഇപ്പോഴും തുടരുന്നതായി മത്തായിയുടെ കുടുംബം ആരോപിച്ചു. നടപടികള്‍ പരമാവധി വൈകിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷയെന്നും ആരോപണമുയര്‍ന്നു. മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ 23 ദിവസമായി നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് കുടുംബം.

ജൂലൈ 28ന് വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും റാന്നി കോടതിയില്‍ അന്വേഷണ സംഘം കഴിഞ്ഞ 14നു ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തരവാദികളായ വനപാലകര്‍ക്കെതിരെ നരഹത്യ, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ സംബന്ധിച്ച വിവരണം റിപ്പോര്‍ട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരില്‍ ഒരാളായ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഒന്നാം പ്രതിയാകുമെന്ന സൂചനയെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. മത്തായിയെ കസ്റ്റഡിയിലെടുത്തത് ഏഴംഗ വനപാലക സംഘമാണ്. ഇതിനു നേതൃത്വം നല്‍കിയത് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറാണ്. സംഭവത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ സ്ഥലംമാറ്റുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

കേസ് സി ബി ഐക്കു വിടണമെന്നാവശ്യപ്പെട്ട് മത്തായിയുടെ കുടുംബം നല്‍കിയിട്ടുള്ള ഹരജി വ്യാഴാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കേ ഇതുവരെയുള്ള അന്വേഷണ നടപടികള്‍ പോലീസിനു കോടതിയെ അറിയിക്കേണ്ടതുണ്ട്. അറസ്റ്റ് വൈകുന്നതിനുള്ള കാരണമായി ഇപ്പോഴത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ എടുത്തുകാട്ടുകയും ചെയ്യാം.
അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തതിന്റെ പേരില്‍ കഴിഞ്ഞാഴ്ച ഹരജിയുടെ പ്രഥമ പരിഗണനയില്‍ തന്നെ ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ 10 വകുപ്പുകള്‍ കൂടി പുതുതായി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കുറ്റാരോപിതരായ വനപാലകരെ കണ്ടെത്തി അറസ്റ്റ് തുടങ്ങിയ നടപടികളിലേക്കു പോകാന്‍ പോലീസ് തയാറായതുമില്ല. ഇതിനിടെയാണ് കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യതയുള്ളയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ഇതു പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകമാകും.

ഇതിനിടെ, സി ബി ഐ അന്വേഷണം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്ന നിര്‍ദേശം പോലീസും മുമ്പോട്ടുവച്ചിട്ടുള്ളതായി പറയുന്നു. പക്ഷേ ഇത് നേരിട്ട് കോടതിയെ അറിയിക്കാന്‍ പോലീസ് തയാറാകില്ല. കുടുംബമാകട്ടെ സി ബി ഐ അന്വേഷണ ഹരജി കോടതിയിലാണ ്നല്‍കിയത്. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനോ ഡി ജി പിക്കോ കത്ത് നല്‍കിയിട്ടില്ല.

Latest