Covid19
കോഴിക്കോട് മെഡിക്കല്‍ കോളജിലെ 118 ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട് | മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രസവ ചികിത്സക്കെത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍പോയ ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ പരിശോധന ഫലം നെഗറ്റീവ്.120 പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 118 പേരുടെ പരിശോധന ഫലമാണ് പുറത്തുവന്നത്.
മണിയൂര്‍ സ്വദേശിയായ യുവതിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഡോക്ടര്‍മാരടക്കം 189 ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ പോയത്. 107 ഡോക്ടര്‍മാരും 42 നഴ്‌സുമാരും 40 പാരാമെഡിക്കല്‍ ജീവനക്കാരുമാണ് പരിശോധന ഫലം വരുംവരെ വീടുകളില്‍ നിരീക്ഷണത്തില്‍ പോയത്. ഇതില്‍ 120 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു.
പ്രസവത്തെ തുടര്‍ന്ന് യുവതിക്ക് വിവിധ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനാല്‍ വിവിധ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. മേയ് 24ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായ യുവതിക്ക് ജൂണ്‍ രണ്ടിന് നടത്തിയ സ്രവപരിശോധനയിലാണ് ഫലം പോസിറ്റിവായത്. ഇവര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.