Connect with us

Covid19

വാട്‌സ്ആപ്പില്‍ ഫോര്‍വേര്‍ഡ് സന്ദേശങ്ങളുടെ എണ്ണം ഒന്നാക്കി ചുരുക്കി

Published

|

Last Updated

ന്യൂഡല്‍ഹി | വ്യാജ വാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ നിയന്ത്രണം ശക്തമാക്കി വാട്‌സ്ആപ്പ്. ഇന്ത്യയില്‍ വാട്‌സ്ആപ്പില്‍ ഒരേസമയം ഫോര്‍വേര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന സന്ദേശങ്ങളുടെ എണ്ണം അഞ്ചില്‍ നിന്ന് ഒന്നാക്കി ചുരുക്കിയതായി കമ്പനി അറിയിച്ചു. ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും വാട്‌സ്ആപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം, ഏറ്റവും കൂടുതല്‍ തവണ ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ക്ക് മാത്രമാണ് ഈ നിയന്ത്രണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അധികൃതരുടെ നിര്‍ദേശപ്രകാരമാണ് നിയന്ത്രണം എണ്ണാണ് സൂചന.

കൊവിഡ് 19നുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതിന് കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെയാണ് വാട്‌സ്ആപ്പ് ഫോര്‍വേര്‍ഡിംഗിന്റെ പരിധി വെട്ടിച്ചുരുക്കിയത്. നേരത്തെ വ്യാജ വാര്‍ത്തകള്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ് ഇന്ത്യയില്‍ ഫോര്‍വേര്‍ഡ് മെസ്സേജുകളുടെ എണ്ണം അഞ്ചായി ചുരുക്കിയത്. ഇതോടെ ഫോര്‍വേര്‍ഡ് സന്ദേശങ്ങളുടെ എണ്ണം 25 ശതമാനം കുറഞ്ഞെന്നാണ് വാട്‌സ്ആപ്പ് അവകാശപ്പെടുന്നത്.

കൈമാറിയ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന പുതിയ ഒരു ഫീച്ചറും വാട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും. സന്ദേശങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് വ്യാജമാണോ അല്ലെയോ എന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്ന സെര്‍ച്ച് മെസ്സേജ് ഓണ്‍ ദി വെബ് എന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്.