Connect with us

Covid19

ആശുപത്രി ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്നെത്തുന്നവരെ പോലും കര്‍ണാടക തടയുന്നു; പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | 80 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോട് ഈ പ്രതിസന്ധിക്കു പുറമെ മറ്റൊരു ദുര്യോഗം കൂടി അനുഭവിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോടുള്ള ജനങ്ങള്‍ ആശുപത്രി കാര്യങ്ങള്‍ക്ക് കൂടുതലായി ആശ്രയിച്ചത് കര്‍ണാടകത്തെയാണ്. കര്‍ണാടകയിലെ മംഗലാപുരം കാസര്‍കോട്ടുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന നഗരമാണ്. ഡയാലിസിസ് അടക്കമുള്ള പല ആശുപത്രി ആവശ്യങ്ങള്‍ക്കുമായി അവിടേക്ക് ആളുകള്‍ നിത്യേന പോകാറുള്ളതാണ്. കാസര്‍കോട് ജില്ലക്കാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റാന്‍ കണ്ണൂരിന് ശേഷിയില്ലാത്ത സ്ഥിതിയുമുണ്ട്. നിലവില്‍ രോഗികളെ പോലും അങ്ങോട്ട് കടത്തിവിടാത്ത നിലപാടാണ് കര്‍ണാടക സ്വീകരിക്കുന്നത്. എങ്ങനെ ഇതിനു പരിഹാരം കാണണമെന്ന് ഇവിടെ ആലോചിക്കുകയും കര്‍ണാടക സര്‍ക്കാറുമായി ചര്‍ച്ച നടത്തുകയും വേണം.

അതിര്‍ത്തി പങ്കിടുന്ന കേരളത്തിനും കര്‍ണാടകത്തിനുമിടയില്‍ ചെറുതും വലുതുമായ നിരവധി റോഡുകളുണ്ട്. ഇതില്‍ പലയിടത്തും കര്‍ണാടക മണ്ണ് കൊണ്ടിട്ട് റോഡ് തടയുന്ന അവസ്ഥയുണ്ട്. അത് ശരിയായ നടപടിയല്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ജനങ്ങള്‍ എവിടെയുണ്ടോ അവിടെ തുടരട്ടെ എന്ന പ്രധാനമന്ത്രിയുടെ നിലപാടിന് വിരുദ്ധമായ നടപടിയാണ് കര്‍ണാടക സ്വീകരിച്ചിരിക്കുന്നത്. വിഷയം നമ്മുടെ ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് മണ്ണ് മാറ്റാമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി സമ്മതിച്ചിട്ടുണ്ട്. അത് സ്വാഗതാര്‍ഹമാണ്.

Latest