Covid19
യുഎഇയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതര്‍ 333

ദുബൈ | യുഎഇയില്‍ പുതുതായി 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 333 ആയി. പുതുതായി ഏഴ് പേര്‍ അണുബാധയില്‍ നിന്ന് പൂര്‍ണമായും സുഖം പ്രാപിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 52 ആയെന്ന് അബുദാബിയിലെ ആരോഗ്യവകുപ്പിന്റെ സാംക്രമിക രോഗ വിഭാഗം ഡയറക്ടറും യുഎഇ ആരോഗ്യ വക്താവുമായ ഡോ. ഫരീദ അല്‍ ഹൊസാനി വ്യക്തമാക്കി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിവരും വിദേശത്ത് നിന്ന് മടങ്ങി എത്തിയവരും ഉള്‍പ്പെടും. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും ഡോ. ഫരീദ അറിയിച്ചു.
രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും 20 വയസ് മുതല്‍ 44 വയസ്സ് വരെ പ്രായമുള്ളവരാണ്. അന്തര്‍ദ്ദേശീയ ഫ്‌ളൈറ്റുകള്‍ നിര്‍ത്തിവെച്ചതിന്റെ ഗുണം ലഭിക്കാന്‍ കുറച്ച് സമയമെടുക്കും. ഈ നടപടി രോഗവ്യാപനം കുറയക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് യുഎഇ അടുത്തിടെ കടുത്ത നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തുക, എന്‍ട്രി വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തുക, സ്ഥാപനങ്ങളില്‍ വിദൂര ജോലി സംവിധാനം ഏര്‍പ്പെടുത്തുക, പൊതുവേദികള്‍ അടയ്ക്കുക, വീട്ടില്‍ താമസിക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളാണ് യുഎഇ സ്വീകരിച്ചത്.