Connect with us

Malappuram

ജനതാ കർഫ്യൂവുമായി പൂർണമായും സഹകരിക്കും: എസ് വൈ എസ്

Published

|

Last Updated

 എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ മഞ്ചേരിയിൽ നടത്തിയ മാസ്‌ക് വിതരണം മഞ്ചേരി മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. സഹീർ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം | കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും കേരള സർക്കാരും പ്രഖ്യാപിച്ച ജനതാ കർഫ്യൂവുമായി പൂർണമായും സഹകരിക്കുമെന്നും രാജ്യത്തിന്റെ രക്ഷക്കായി ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എസ് വൈ എസ് മലപ്പുറം ജില്ലാ ഈസ്റ്റ് കമ്മിറ്റി. ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയേഴ്‌സ്, ടീം ഒലീവ് ഘടകങ്ങൾ ആരോഗ്യ പ്രവത്തകരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. എസ് വൈ എസിന് കീഴിലുള്ള ആംബുലൻസുകൾ, ഡേ കെയർ വാഹനങ്ങൾ എന്നിവ വിട്ടുനൽകും. ഇത് സംബന്ധമായ വിവരങ്ങൾ അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ സർക്കുലർ വഴി യൂണിറ്റ് ഘടകങ്ങളെ അറിയിച്ച് പൂർണമായും പൊതുജന സമ്പർക്കം ഒഴിവാക്കാനും ഇന്ന് വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കൊറോണയെ തുരത്തുന്നതിനായി എസ് വൈ എസിന് കീഴിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. മലപ്പുറം ഈസ്റ്റ് ജില്ലയിലെ 75 സർക്കിളുകളിലായി 300 ഹാൻഡ് വാഷ് കേന്ദ്രങ്ങൾ എസ് വൈ എസിന് കീഴിൽ സ്ഥാപിച്ചിട്ടുണ്ട്. വഴിക്കടവിലും മലപ്പുറത്തും മാസ്‌ക് നിർമാണ യൂനിറ്റുകൾ സ്ഥാപിച്ചു. മാസ്‌ക്, സാനിറ്റൈസർ വിതരണം, ബോധവൽക്കരണം, ലഘുലേഖ വിതരണം, രക്ത ദാനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഞ്ചേരിയിൽ നടന്ന മാസ്‌ക് വിതരണം, രക്തദാനം എന്നിവയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ആർ എം ഒ ഡോ. സഹീർ നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ ഹസൈനാർ സഖാഫി കുട്ടശ്ശേരി, സെക്രട്ടറി അബ്ദുറഹ്്മാൻ കാരക്കുന്ന്, എസ് വൈ എസ് ആംബുലൻസ് ഡ്രൈവർ നൗഫൽ, സാന്ത്വനം വളണ്ടിയർമാരായ ഇർഷാദ് കാരാപറമ്പ്, അൻവർ നെല്ലിക്കുത്ത് എന്നിവർ സംബന്ധിച്ചു.

Latest