Connect with us

Kannur

കാലം തെറ്റിച്ച് ചൂട് കൂടുന്നു

Published

|

Last Updated

തിരുവനന്തപുരം | കാലാവസ്ഥാ പ്രവചനങ്ങൾ ശരിവെച്ച് മധ്യവേനൽ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനം കടുത്ത ചൂടിലേക്ക് നീങ്ങുന്നു. മധ്യ വേനലായ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലാണ് സാധാരണ ചൂട് ശക്തമാകുകയെങ്കിലും ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് പലയിടത്തും ചൂട് 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഫെബ്രുവരി മാസത്തിൽ കൊടും ചൂട് അനുഭവപ്പെടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ ശരാശരിയിലും മൂന്ന് ഡിഗ്രി സെൽഷ്യസ് ചൂടാണ് വർധിച്ചത്. വർധിച്ച താപനില 37.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ആലപ്പുഴയിൽ 4.6 ഡിഗ്രി വരെ കൂടിയപ്പോൾ 37 ഡിഗ്രി വരെയെത്തിയ കോട്ടയത്ത് കൂടിയത് 3.5 ഡിഗ്രിയാണ്. ഇന്നലെ 38 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ട മലപ്പുറത്ത് മൂന്ന് ഡിഗ്രി ചൂട് വർധിച്ചിട്ടുണ്ട്.

വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന കാറ്റിന്റെ ദിശ മാറിയതും ഏറ്റക്കുറച്ചിൽ ഉണ്ടായതും തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് വരണ്ട കാറ്റ് കേരളത്തിലേക്ക് എത്തുന്നതും ചൂടിന്റെ കാഠിന്യം വർധിക്കാൻ കാരണമായതായി കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ലോകത്ത് ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന അറബിക്കടൽ ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി പതിവിലും ചൂടായതും കടൽ കാറ്റ് കുറഞ്ഞതും കേരളത്തിലെ താപനില ഉയരാനിടയാക്കി. അതേസമയം വടക്കേ ഇന്ത്യയിൽ അടുത്തയാഴ്ച പശ്ചിമവാതം സജീവമാകുന്നതോടെ കേരളത്തിലെ ചൂട് ചെറിയ ഇടവേളയിൽ തത്കാലത്തേക്ക് കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പതിവിലും കൂടുതൽ ചൂടിന് സാധ്യതയുണ്ടെന്നാണ് പ്രവചനം.

കേരളത്തിലെ അന്തരീക്ഷം തണുപ്പിക്കുന്നതിൽ വടക്കേ ഇന്ത്യയിൽ നിന്നുള്ള കാറ്റിന് വലിയ പ്രാധാന്യമുണ്ട്. ജനുവരി മാസത്തിൽ അവിടെ നിന്ന് ലഭിക്കുന്ന തണുത്ത കാറ്റാണ് കേരളത്തിന്റെ ചൂട് കുറക്കുന്നത്. ഇത്തവണ ഈ കാറ്റിന്റെ ഗതി മാറിയതോടെ കേരളത്തിൽ ചൂട് കൂടി. ആർട്ടിക് മേഖലയിൽ ഉണ്ടായ പ്രതിഭാസമാണ് കഴിഞ്ഞ വർഷം കേരളത്തിൽ തണുപ്പ് കൂട്ടിയത്.

കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നേവൽ ബേസിൽ 32 ഡിഗ്രിയായിരുന്നു താപനിലയെങ്കിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചൂട് 37 ഡിഗ്രിയായിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ശരാശരിക്ക് മുകളിൽ ചൂട് ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ കേരളത്തിൽ അനുഭവപ്പെടും. കാസർകോട് ജില്ലയിലടക്കം കടുത്ത വരൾച്ച അനുഭവപ്പെടും. അതേസമയം അടുത്ത ദിവസങ്ങളിൽ ചെറിയ തോതിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ചൂടിന്റെ കാഠിന്യത്തെ കുറക്കില്ലെന്നും പറയപ്പെടുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം