Connect with us

National

ട്രംപിന്റെ സന്ദര്‍ശനാര്‍ഥമുള്ള ഒരുക്കങ്ങള്‍ ഇന്ത്യയുടെ അടിമത്ത മനോഭാവത്തിന് തെളിവ്: ശിവസേന

Published

|

Last Updated

മുംബൈ: | ഇന്ത്യയുടെ അടിമത്ത
മനോഭാവം പ്രതിഫലിപ്പിക്കുന്നതാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രാജ്യത്ത് നടത്തിവരുന്ന ഒരുക്കങ്ങളെന്ന് ശിവസേന. ഒരു ബാദ്ഷാ (ചക്രവര്‍ത്തി) വരുന്നതിന് സമാനമായാണ് ട്രംപിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചിട്ടുള്ളതെന്ന് സേനയുടെ മുഖപത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

വിദേശ നാണയ കൈമാറ്റ വിപണിയില്‍ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നത് തടയാനോ മതില്‍ കെട്ടി മറച്ചിരിക്കുന്ന ചേരി നിവാസികളുടെ ക്ഷേമം ഉദ്ദേശിച്ചോ അല്ല ട്രംപിന്റെ സന്ദര്‍ശനം.യു എസ് പ്രസിഡന്റിന്റെ വരവിനോടനുബന്ധിച്ച് അഹമ്മദാബാദിലെ ചേരികളിലുള്ള കുടിലുകള്‍ മറയ്ക്കുന്നതിന് മതില്‍ നിര്‍മിച്ചതിനെ പരാമര്‍ശിച്ച് മുഖപ്രസംഗം പറഞ്ഞു.
സ്വാതന്ത്ര്യത്തിനു മുമ്പ് തങ്ങള്‍ക്ക് കീഴിലുള്ള അടിമ രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ ബ്രിട്ടീഷ് രാജാവോ രാജ്ഞിയോ സന്ദര്‍ശിച്ചിരുന്നതിനെ ഓര്‍മിപ്പിക്കുന്നതാണ് നികുതിദായകരുടെ പണം ചെലവിട്ടുള്ള ഒരുക്കങ്ങള്‍. അടിമത്ത മനോഭാവത്തില്‍ നിന്ന് ഇന്ത്യ മാറിയിട്ടില്ല എന്ന് തെളിയിക്കുന്നതാണിത്.

മുന്‍ പ്രധാന മന്ത്രിയാണ് ദാരിദ്ര്യ നിര്‍മാര്‍ജന (ഗരീബി ഹഠാവോ) മെന്ന മുദ്രാവാക്യം മുന്നോട്ടു വച്ചിരുന്നത്. എന്നാല്‍, ഇത് ജനങ്ങളെ കബളിപ്പിക്കുന്നതായിരുന്നു. ദാരിദ്ര്യം മറച്ചുവക്കുകയാണ് (ഗരീബി ചുപ്പാന) മോദിയുടെ നയമെന്നാണ് നിലവിലെ നടപടികള്‍ വ്യക്തമാക്കുന്നത്.
അഹമ്മദാബാദില്‍ ഇത്തരമൊരു മതില്‍ നിര്‍മിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ടോ? രാജ്യ വ്യാപകമായി ഇങ്ങനെ മതില്‍ പണിയുന്നതിന് വായ്പ തരാമെന്ന് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടോ? മുഖപ്രസംഗം ആശ്ചര്യം പ്രകടിപ്പിച്ചു.

വെറും മൂന്ന് മണിക്കൂര്‍ സമയമാണ് ട്രംപ് അഹമ്മദാബാദില്‍ ഉണ്ടാവുക എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 100 കോടി രൂപയാണ് മതിലിനായി ചെലവിടുന്നത്. ഇത് മോദിയും ട്രംപും തമ്മിലുള്ള രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞ വര്‍ഷം “ഹൗഡി മോഡി” എന്ന പേരില്‍ യു എസില്‍ നടന്ന പരിപാടിയെ പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാന മന്ത്രി മോദിയും സംയുക്തമായി അഭിസംബോധന ചെയ്തു. ഇതിനു സമാനമായ പരിപാടിയാണ് യു എസ് തിരഞ്ഞെടുപ്പിനു മുന്നോടിയായി കെം ചോ ട്രംപ് (ഹൗ ആര്‍ യു ട്രംപ്-എങ്ങനെയിരിക്കുന്നു ട്രംപ്) എന്ന പേരില്‍ അഹമ്മദാബാദില്‍ സംഘടിപ്പിക്കുന്നത്. ഗുജറാത്തി ജനതയില്‍ വലിയൊരു വിഭാഗം അമേരിക്കയില്‍ ജീവിക്കുന്നു എന്നതും ഇതിനൊരു കാരണമാണ്. മുഖപ്രസംഗത്തില്‍ കൂട്ടിച്ചര്‍ക്കുന്നു.