സംഘ്പരിവാര്‍ ദൗത്യം ‘സിനഡ്’ ഏറ്റെടുത്തോ?

വിചാരധാരയില്‍, മുസ്‌ലിംകള്‍ക്കൊപ്പം ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കണമെന്നു എഴുതിയ കാര്യം സഭാനേതൃത്വങ്ങള്‍ വിസ്മരിക്കരുത്. മതന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ മുസ്‌ലിം- ക്രിസ്തീയ സ്പര്‍ധക്ക് വഴിവെക്കുന്ന പ്രസ്താവനയുമായി സീറോ മലബാര്‍ മെത്രാന്‍ സിനഡ് രംഗത്തു വന്നത് ശരിയായില്ല.
Posted on: January 18, 2020 11:49 am | Last updated: January 18, 2020 at 11:49 am

അന്വേഷണ ഉദ്യോഗസ്ഥരും കോടതിയും എഴുതിത്തള്ളിയ ലൗ ജിഹാദ് ആരോപണം വീണ്ടും കുത്തിപ്പൊക്കാനുള്ള ശ്രമത്തിലാണ് സീറോ മലബാര്‍ മെത്രാന്‍ സിനഡ്. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുന്നതായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിനഡ് ആരോപിക്കുകയുണ്ടായി. ഔദ്യോഗിക കണക്കില്‍ പെടാത്ത അനേകം പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണത്രെ. പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം അതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയാണെന്നും ഇത്തരം പരാതികളില്‍ പോലീസ് യഥാസമയം നടപടിയെടുക്കുന്നില്ലെന്നും സിനഡ് കുറ്റപ്പെടുത്തി.

2009ല്‍ പത്തനംതിട്ടയിലെ രണ്ട് എം ബി എ വിദ്യാര്‍ഥിനികള്‍ ഇസ്‌ലാം സ്വീകരിച്ചതോടെയാണ് ലൗ ജിഹാദ് പ്രയോഗം ഉയര്‍ന്നു വന്നത്. ഒരു ആര്‍ എസ് എസ് വെബ്‌സൈറ്റിനെ ആധാരമാക്കി രണ്ട് മലയാള പത്രങ്ങള്‍ ഇത് പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിച്ചതോടെ സംസ്ഥാനത്ത് ഇത് കോളിളക്കം സൃഷ്ടിക്കുകയും വിഷയം കോടതി കയറുകയും ചെയ്തു. ഇസ്‌ലാമിനെ പഠിച്ചറിഞ്ഞാണ് ഈ രണ്ട് വിദ്യാര്‍ഥികളും അതില്‍ ആകൃഷ്ടരായത്. അന്വേഷണത്തില്‍ ഇരുവരുടെയും റൂമില്‍ നിന്ന് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന 150ഓളം പുസ്തകങ്ങള്‍ പോലീസ് കണ്ടെടുത്തതായി ജന്മഭൂമി പത്രം ഉള്‍പ്പെടെ സംഘ്പരിവാര്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതുമാണ്. ആരുടെയും നിര്‍ബന്ധം മൂലമായിരുന്നില്ല അവരുടെ മതംമാറ്റം. പക്ഷേ, സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്കു അത്തരം യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ മുഖംതിരിക്കാതെ പറ്റില്ലല്ലോ.

ലൗ ജിഹാദിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഏറെ നടന്നതാണ്. ജേക്കബ് പുന്നൂസ് ഡി ജി പിയായിരിക്കെയായിരുന്നു ആദ്യ അന്വേഷണം. കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്നാണ് 2009 ഒക്‌ടോബര്‍ 22ന് ജേക്കബ് പുന്നൂസ് ഹൈക്കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത.് ഹാദിയ ഇസ്‌ലാം സ്വീകരിച്ചതിനെ തുടര്‍ന്ന് ലൗ ജിഹാദ് ആരോപണം പിന്നെയും ഉയര്‍ന്നപ്പോള്‍ ആഭ്യന്തര വകുപ്പ് വീണ്ടും അന്വേഷണം നടത്തി. സംസ്ഥാനത്ത് പെണ്‍കുട്ടികളെ മതംമാറ്റാനായി സംഘടിത രീതിയില്‍ ആരും പ്രവര്‍ത്തിക്കുന്നതിന് തെളിവില്ലെന്നാണ് അന്നത്തെ അന്വേഷണ റിപ്പോര്‍ട്ടിലും പറയുന്നത്. മതപരിവര്‍ത്തനം സംബന്ധിച്ചു കേരളത്തില്‍ വ്യക്തമായ കണക്കുണ്ട്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ കൃത്യമായ കണക്കില്ല. ഇതാണ് കേരളത്തില്‍ മതപരിവര്‍ത്തനം കൂടുതലാണെന്നു തോന്നാന്‍ കാരണമെന്നും ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോളിളക്കം സൃഷ്ടിച്ച ഷെഫിന്‍- ഹാദിയ വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി എന്‍ ഐ എയും ലൗ ജിഹാദിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ലൗ ജിഹാദിനെ തുടര്‍ന്നല്ല ഹാദിയയുടെ വിവാഹമെന്നും സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയാണ് എന്‍ ഐ എ അന്വേഷണം അവസാനിപ്പിച്ചത്. ഹാദിയ കേസ് അന്വേഷണത്തിനിടെ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 11 കേസുകള്‍ എന്‍ ഐ എ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴി മതപരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതിലൊന്നും നിര്‍ബന്ധിത മതം മാറ്റം നടന്നതായി കാണുന്നില്ലെന്നും എന്‍ ഐ എ വ്യക്തമാക്കുന്നു.

ALSO READ  കേരളം നിയമ പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍

ലൗ ജിഹാദ് വഴി കേരളത്തില്‍ ക്രിസ്ത്യാനികളെ മതപരിവര്‍ത്തനം നടത്തുന്നതായി നേരത്തേ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലും ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനും ആരോപിച്ചിരുന്നു. അന്ന് അതിനെ ശക്തിയായി ഖണ്ഡിച്ചും ബിഷപ്പ് കൗണ്‍സിലിന്റെയും കുര്യന്റെയും ആശങ്ക അസ്ഥാനത്താണെന്നു കാണിച്ചും കാത്തലിക് സഭയുടെ കീഴില്‍ ഡല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഇന്ത്യന്‍ കറന്റസ്’ എന്ന ഇംഗ്ലീഷ് മാഗസിൻ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രണയ വിവാഹങ്ങളാണ് ലൗ ജിഹാദായി വ്യാഖ്യാനിക്കപ്പെടുന്നത്. രാജ്യത്ത് സെലിബ്രിറ്റികള്‍ മുതല്‍ രാഷ്ട്രീയക്കാര്‍ വരെ പ്രണയ വിവാഹം കഴിച്ചവരാണെന്നും അതിന്റെ പേരില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും മാഗസിൻ ലൗ ജിഹാദ് ആരോപകരെ ഓര്‍മപ്പെടുത്തുന്നു.

പൗരത്വത്തിനു മതം മാനദണ്ഡമാക്കാനുള്ള മോദി സര്‍ക്കാറിന്റെ അപകടകരമായ നീക്കത്തിനെതിരെ ഇന്ത്യന്‍ ജനത മത, ജാതി ചിന്തകള്‍ക്കതീതമായി പ്രക്ഷോഭം നടത്തുന്ന ഘട്ടമാണിത്. നിലവില്‍ മുസ്‌ലിംകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ വാളോങ്ങുന്നതെങ്കില്‍ നാളെ അത് മറ്റു മതസ്ഥര്‍ക്കെതിരെയും പ്രയോഗിക്കുമെന്നുറപ്പ്. ആര്‍ എസ് എസിന്റെ തലതൊട്ടപ്പനായ ഗോള്‍വാള്‍ക്കര്‍ തന്റെ വിചാരധാരയില്‍, മുസ്‌ലിംകള്‍ക്കൊപ്പം ക്രിസ്ത്യാനികളെയും ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കണമെന്നു എഴുതിയ കാര്യം സഭാനേതൃത്വങ്ങള്‍ വിസ്മരിക്കരുത്. മതന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട ഈ ഘട്ടത്തില്‍ മുസ്‌ലിം- ക്രിസ്തീയ സ്പര്‍ധക്ക് വഴിവെക്കുന്ന പ്രസ്താവനയുമായി സീറോ മലബാര്‍ മെത്രാന്‍ സിനഡ് രംഗത്തു വന്നത് ശരിയായില്ല. പ്രണയത്തെ തുടര്‍ന്നുള്ള മിശ്രവിവാഹങ്ങളും മതം മാറ്റങ്ങളും പുതിയ സംഭവമല്ല, കേരളത്തില്‍ മുമ്പേ നടന്നു വരുന്നതാണ്. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി സംഘ്പരിവാര്‍ ഇപ്പേരില്‍ നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങളില്‍ ക്രിസ്തീയ സഭകള്‍ അകപ്പെടരുതായിരുന്നു.

ക്രിസ്തീയ സമൂഹത്തിനിടയില്‍ തന്നെ ബഹുഭൂരിപക്ഷവും സിനഡിന്റെ പ്രസ്താവന വിവരക്കേടും അനവസരത്തിലുമാണെന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപത്തിന്റെ പുതിയ ലക്കത്തില്‍ സീറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു ലേഖനം വന്നിട്ടുണ്ട്. പ്രണയത്തിന്റെ പേരില്‍ ക്രിസ്തീയ പെണ്‍കുട്ടികള്‍ ഇസ്‌ലാം വിശ്വസിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്ന സീറോ മലബാര്‍ സഭ, ക്രിസ്തീയ മതം സ്വീകരിക്കുന്ന ഹിന്ദു, മുസ്‌ലിം പെണ്‍കുട്ടികളെ എങ്ങനെ കാണുന്നുവെന്നു വ്യക്തമാക്കണമെന്നും ആ ലേഖനത്തില്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെടുന്നു. ബി ജെ പിയുടെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യം കത്തുമ്പോള്‍ ഏതെങ്കിലും മതത്തെ ചെറുതാക്കുന്ന കാര്യങ്ങള്‍ പറഞ്ഞു എരിതീയില്‍ എണ്ണയൊഴിക്കാതിരിക്കാനുള്ള സാമാന്യ ബുദ്ധി കാണിക്കേണ്ടതായിരുന്നു സീറോ മലബാര്‍ സഭയെന്നും ഫാ. കുര്യാക്കോസ് ഉപദേശിക്കുന്നുണ്ട്.