Connect with us

Ongoing News

തിരിച്ചടിച്ച് ഇന്ത്യ; രണ്ടാം അങ്കത്തില്‍ ഓസീസിനെ 36 റണ്‍സിന് തകര്‍ത്തു

Published

|

Last Updated

രാജ്കോട്ട് | രണ്ടാം ഏകദിനത്തില്‍ ആസ്ത്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്ത്രേലിയ 49.1 ഓവറില്‍ 304 റണ്‍സിന് എല്ലാവരും പുറത്തായി. ജയത്തോടെ പരമ്പര പ്രതീക്ഷകള്‍ ഇന്ത്യ സജീവമാക്കി (1-1). സ്‌കോര്‍: ഇന്ത്യ- 340/6 (50 ഓവര്‍), ആസ്ത്രേലിയ- 304/10(49.1 ഓവര്‍). ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കുന്ന ഏകദിനത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

വാംഖഡെയില്‍ നടന്ന ആദ്യ മത്സരം പത്ത് വിക്കറ്റിനു തോറ്റ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവായിരുന്നു രാജ്കോട്ടില്‍ കണ്ടത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യ ആസ്ത്രേലിയയെ വട്ടം കറക്കി. ഓപണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാന്റെയും കൂട്ടുകെട്ട് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 13.3 ഓവറില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രദ്ധയോടെ ബാറ്റ് വീശിയ രോഹിത് 44 പന്തില്‍ ആറ് ബൗണ്ടറികളടക്കമാണ് 42 റണ്‍സ് നേടിയത്. സാംപയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു രോഹിത്. രണ്ടാം വിക്കറ്റ് വീണത് 184 റണ്‍സിലാണ്.

ഇഷ്ട ബാറ്റിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ നായകന്‍ കോലി ധവാനൊപ്പം ചേര്‍ന്ന് 103 റണ്‍സാണ് അടിച്ചുകൂട്ടി. നാല് റണ്‍സ് അകലെ ധവാന് സെഞ്ച്വറി നഷ്ടമായി. 90 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും 13 ഫോറും ഉള്‍പ്പെടെ 96 റണ്‍സെടുത്തു. കെയ്ന്‍ റിച്ചാര്‍ഡ്സണിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ പുറത്തായത്.
സ്ഥാനം മാറി ഇറങ്ങിയ ലോകേഷ് രാഹുലിന്റെത് മികച്ച ഇന്നിംഗ്സായിരുന്നു. രാഹുല്‍ തന്നെയാണ് കളിയിലെ താരമായതും. 52 പന്തുകള്‍ നേരിട്ട് താരം മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ രാഹുല്‍ 80 റണ്‍സെടുത്തു. വാലറ്റത്ത് ജഡേജ ഉറച്ച് പിന്തുണ നല്‍കിയതോടെ ഇന്ത്യയുടെ സ്‌കോര്‍ 350ന് അടുത്തെത്തി. അവസാന ഓവറില്‍ രാഹുല്‍ റണ്ണൗട്ടാകുകയായിരുന്നു. ഇരുവരും 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ സ്റ്റീവ് സ്മിത്ത് (102 പന്തില്‍ 98), ലബുഷെയ്ന്‍ (47 പന്തില്‍ 46), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (48 പന്തില്‍ 33) എന്നിവര്‍ക്കു മാത്രമാണ് കാര്യമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാനായത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയും വാലറ്റത്തെ ഒന്നാകെ ചുരുട്ടിക്കെട്ടിയും ഇന്ത്യന്‍ ബൗളര്‍മാര്‍ ആസ്ത്രേലിയയെ എറിഞ്ഞൊതുക്കി. ഇന്ത്യക്കായി മുഹമ്മദ് ഷമി പത്ത് ഓവറില്‍ 77 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. നവ്ദീപ് സൈനി, ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ 9.1 ഓവറില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. ആസ്ത്രേലിയക്കായി ആഡം സാംപ മൂന്ന് വിക്കറ്റും റിച്ചാര്‍ഡ്സ്ണ്‍ രണ്ട് വിക്കറ്റും നേടി.

 

Latest