Connect with us

Kerala

മന്ത്രി കെ കെ ശൈലജ ഇനി വിസിറ്റിംഗ് പ്രൊഫസർ

Published

|

Last Updated

തിരുവനന്തപുരം | കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ഷൈലജക്ക് വിസിറ്റിംഗ് പ്രൊഫസര്‍ പദവി. മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയായ നിക്കോളൈ ടെസ്റ്റിമിറ്റാണു സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഫാര്‍മസിയില്‍ കെ.കെ ഷൈലജയ്ക്ക് വിസിറ്റിംഗ് പ്രൊഫസര്‍ പദവി നല്‍കിയത്. നിപ പ്രതിരോധം ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ കാഴ്ചവച്ച മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമാന സൂചകമായിട്ടാണ് ബഹുമതി നല്‍കിയതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വ്യക്തി കൂടിയാണ് കെ കെ ശൈലജ.

സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ് ബഹുമതിയെന്ന് കെ.കെ. ശൈലജ പ്രതികരിച്ചു. ഇതിലൂടെ നമ്മുടെ ആരോഗ്യ മേഖലയുടെ പുരോഗതി ലോകത്തിന് മുന്നിലെത്തിക്കാനും വിദേശരാജ്യങ്ങളിലെ ആരോഗ്യ രംഗത്തെ മാറ്റങ്ങള്‍ നമുക്കടുത്തറിയാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലയില്‍ വിഷയം നിശ്ചയിച്ച് ക്ലാസെടുക്കാനുള്ള സ്വതന്ത്ര അനുമതിയായാണ് വിസിറ്റിംഗ് പ്രൊഫസര്‍ പദവി യൂണിവേഴ്സിറ്റി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ മോള്‍ഡോവ സന്ദര്‍ശന വേളയില്‍ മോള്‍ഡോവ ദേശീയ മെഡിക്കല്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി മന്ത്രി പ്രഭാഷണം നടത്തിയിരുന്നു. നിപ പ്രതിരോധത്തിലും പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിലും കേരളത്തിന്റെ ആരോഗ്യ മേഖല സ്വീകരിച്ച നടപടികളാണ് പ്രധാനമായും പ്രഭാഷണത്തിലൂന്നിയത്. കേരളത്തിന്റെ ആരോഗ്യ നിലവാരം എങ്ങനെ ലോകനിലവാരമാക്കി എന്നതുസംബന്ധിച്ചും സംസാരിച്ചു. ചാന്‍സലര്‍ ഡോ. എമില്‍ സെബാന്‍, സര്‍വ്വകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുമായും മന്ത്രികൂടിക്കാഴ്ച നടത്തിയിരുന്നു.