ആം ആദ്മി സർക്കാർ പരസ്യങ്ങൾക്ക് പ്രതിവർഷം ചെലവഴിക്കുന്നത് ₹ 78 കോടി

ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ പരസ്യങ്ങൾക്കായി ചെലവഴിച്ചതിന്റെ നാല് മടങ്ങാണിത്.
Posted on: November 24, 2019 10:46 pm | Last updated: November 24, 2019 at 10:46 pm


ന്യൂഡൽഹി | ഡൽഹിയിൽ ആം ആദ്മി സർക്കാർ പരസ്യങ്ങൾക്ക് മാത്രമായി പ്രതിവർഷം ചെലവഴിക്കുന്നത് 78 കോടിയെന്ന് വിവരാവകാശ രേഖ. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ പരസ്യങ്ങൾക്കായി ചെലവഴിച്ചതിന്റെ നാല് മടങ്ങാണിത്.
മൂന്നാം തവണ അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ പരസ്യങ്ങൾക്കായി പ്രതിവർഷം ചെലവഴിച്ചത് 19കോടിയായിരുന്നു. വാർത്താ ഏജൻസിയായ ഐ എ എൻ എസ് ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 2008- 2012 കാലയളവിൽ കോൺഗ്രസ് സർക്കാർ 75.9 കോടിയാണ് പരസ്യങ്ങൾക്ക് ചെലവഴിച്ചത്. പ്രതിവർഷം ശരാശരി 18.9 കോടി.

അതേസമയം, അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന എ എ പി സർക്കാർ 2015- 2019 കാലയളവിൽ 311.78 കോടി പരസ്യങ്ങൾക്ക് ചെലവഴിച്ചു. ശരാശരി 77.94 കോടിയാണ് പ്രതിവർഷം ചെലവഴിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ, കോൺഗ്രസ് ഭരണ കാലത്തെ അപേക്ഷിച്ച് പത്രങ്ങളുടെ പരസ്യ നിരക്ക് ഇപ്പോൾ 20 മുതൽ 40 ശതമാനം വരെ ഉയർന്നിട്ടുണ്ട്.

എ എ പി അധികാരത്തിലെത്തിയ 2015-16 വർഷം 81.23 കോടിയായിരുന്നു പരസ്യത്തിന് ചെലവഴിച്ചത്. 2016-17 വർഷത്തിൽ 67.25 കോടിയും. 2017-18 വർഷം പരസ്യങ്ങൾക്കായി പരമാവധി ചെലവഴിച്ച തുക 117.76 കോടിയായിരുന്നെങ്കിൽ 2018-19 വർഷത്തിൽ അത് 45.54 കോടിയായി ചുരുങ്ങി. നിലവിലെ സാമ്പത്തിക വർഷം ജൂലൈ 31 വരെ 29.92 കോടിയാണ് സർക്കാർ ചെലവഴിച്ചത്.