രാഷ്ട്രീയ ചതിക്ക് പിന്നില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഉയര്‍ത്തിയുള്ള ഭീഷണിയോ?

Posted on: November 23, 2019 11:17 am | Last updated: November 23, 2019 at 10:06 pm

ന്യൂഡല്‍ഹി | കഴിഞ്ഞ 29 ദിവസമായി മഹാരാഷ്ട്രയിൽ ബി ജെ പിയെ പുറംതള്ളാന്‍ ശിവസേനയേയും കോണ്‍ഗ്രസിനേയും ഒരുമിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രസ്ഥാനമായിരുന്നു എന്‍ സി പി. വര്‍ഗീയ രാഷ്ട്രീയവും പ്രാദേശികവാദവും മുഖമുദ്രയായി കൊണ്ട്‌നടക്കുന്ന ശിവസേനയുമായി സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിലെ യുവനേതാക്കളായ രാഹുലിനും പ്രിയങ്കക്കും താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മാഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളെ ഉപയോഗിച്ച് സോണിയാ ഗാന്ധിയിൽ സമ്മര്‍ദം ചെലുത്തിയും ഇരു പാര്‍ട്ടികള്‍ക്കുമിടയില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തിയും ശരത്‌ പവാര്‍ സഖ്യ സര്‍ക്കാറിന്റെ കിംഗ് മേക്കര്‍ റോളിലെത്തി.

ബി ജെ പിയെ പുറത്താക്കുക എന്ന ഒറ്റ അജന്‍ഡയില്‍ കോണ്‍ഗ്രസും സമ്മതം മൂളി. പൊതുമിനിമം പരിപാടി തയ്യാറാക്കി. മന്ത്രിസ്ഥാനങ്ങള്‍ വീതം വെച്ചു. നീണ്ട ചരുടുവലികള്‍ക്കും അണിയറ നീക്കങ്ങള്‍ക്കുമൊടുവില്‍ ഇന്ന് ത്രികക്ഷി സര്‍ക്കാര്‍ ശരത്‌ പവാര്‍ പ്രഖ്യാപിക്കാനിരിക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും എന്തു കൊണ്ട് മലക്കം മറിഞ്ഞു എന്നത് ശ്രദ്ധേയമാണ്.

ദേശീയ രാഷ്ട്രീയത്തില്‍ വരും നാളുകളില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കിയേക്കാവുന്ന വലിയ കാലുവാരലാണ് എന്‍ സി പി നടത്തിയത്. എന്‍ സി പിയുടെ ഈ ചതിക്ക് പിന്നില്‍ നിരവധി കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇതില്‍ പ്രധാനം എന്‍ സി പി അധ്യക്ഷന്‍ ശരത്‌
പവാറിനും മരുമകനായ അജിത് പവാറിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഉയര്‍ത്തിയുള്ള ബി ജെ പിയുടെ ഭീഷണികളാണെന്നാണ് ഒരു വിലയിരുത്തല്‍. ശരത്‌
പവാറിനും അജിത് പവാറിനുമെതിരെ സെപ്റ്റംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന സഹകരണ ബേങ്കുമായി ബന്ധപ്പെട്ട് 25,000 കോടി രൂപയുടെ ആരോപണമാണ് ഉയര്‍ന്നത്. കേസിനെതിരെ ശരത്‌
പവാര്‍ ശക്തമായി പ്രതികരിച്ചിരുന്നു. ബി ജെ പിയുടെ രാഷ്ട്രീയ നീക്കമാണ് കേസിന് പിന്നിലെന്നും ഇത് നേരിടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ബി ജെ പി പിടിമുറുക്കുമോയെന്ന് പാവറും മരുമകനും ഉള്ളില്‍ ഭയന്നതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരത്തേയും ഡി കെ ശിവകുമാറിനേയും എന്‍ഫോസ്‌മെന്റിനെ ഉപോയഗിച്ച് കുടുക്കിയത് പോലെ കുടുക്കുമെന്ന് ഇവര്‍ ഭയന്നു. സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇത്തരം നീക്കങ്ങള്‍ ബി ജെ പി സജീവമാക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ടായി.

മഹാരാഷ്ട്രയില്‍ ബി ജെ പി – ശിവസേന സഖ്യം തകര്‍ന്നതിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് ശിവസേന ആരോപിച്ചിരുന്നു. ശിവസേനയും കോണ്‍ഗ്രസും എന്‍ സി പിയും സര്‍ക്കാര്‍ രൂപവത്ക്കരണ ശ്രമം നടത്തുമ്പോഴെല്ലാം അമിത് ഷായുടേതായി ഒരു പ്രതികരണവും വന്നിരുന്നില്ല. എന്നാല്‍ സഖ്യത്തെ പൊളിക്കുന്നതിന് ഏറ്റവും വലിയ ആയുധമായി പവാറിനും മരുമകനുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസ് മാറ്റാന്‍ ബി ജെ പി കരുക്കൾ നീക്കിയിരുന്നെന്നാണ് അറിവ്. ഇക്കാര്യം പവാറിന്റെയും അജിതിന്റേയും ശ്രദ്ധയിലുമെത്തിയതായാണ് റിപ്പോര്‍ട്ട്.

സഖ്യ സര്‍ക്കാറിന്റെ ഭാഗമാകുമ്പോള്‍ രണ്ടര വര്‍ഷം ലഭിക്കുന്ന മുഖ്യമന്ത്രി സ്ഥാനം മകള്‍ സുപ്രിയ സുലേക്ക് നല്‍കാനായിരുന്നു ശരത് പവാറിന്റെ തീരുമാനം. ഇതില്‍ അജിതിന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ ബി ജെ പി കരുക്കള്‍ നീക്കി. അജിതിനെ പല തവണ ബി ജെ പി നേതാക്കള്‍ രഹസ്യമായി ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ ഇന്നലെ രാത്രിയോടെ അജിതുമായി ബി ജെ പി ധാരണയിലെത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം ബി ജെ പി വാഗ്ദാനം ചെയ്തപ്പോള്‍ തന്റെ കൂടെ നില്‍ക്കുന്ന എം എല്‍ എമാരുമായി ബന്ധപ്പെട്ട് അജിത് പവാര്‍ പിന്തുണ ഉറപ്പിച്ചു. തുടര്‍ന്ന് ബി ജെ പിയോട് സമ്മതം മൂളുകയായിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ബി ജെ പി നടത്തുന്ന നീക്കങ്ങളെക്കുറിച്ചും ബോധ്യമുള്ള അജിത് പവാര്‍ എല്ലാം പിന്നീട് തന്റെ നേട്ടമാക്കി മാറ്റുകയായിരുന്നു. 20 ഓളം എന്‍ സി പി. എം എല്‍ എമാര്‍ അജിത് പവാറിനൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എ പി ശമീര്‍