Connect with us

National

ഇന്ദിരാ ഗാന്ധിയുടെ ജന്‍മ ഗൃഹത്തിന് നാലര കോടി നികുതി ചുമത്തി നഗരസഭ

Published

|

Last Updated

പ്രയാഗ് രാജ്: യുപിയിലെ പ്രയാഗ് രാജിലുള്ള ആനന്ദ ഭവന്‍ ഭവന നികുതി ഇനത്തില്‍ 4.35 കോടി രൂപ അടയ്ക്കണമെന്ന് നഗരസഭയുടെ ഉത്തരവ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആനന്ദ് ഭവനിലാണ് ജനിച്ചത്. പാര്‍പ്പിടം എന്ന ഗണത്തില്‍ നിന്ന് ഒഴിവാക്കി 2013 മുതലുള്ള കുടിശ്ശിക അടക്കമാണ് ഇത്രയും തുക നികുതിയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു സ്മാരക ട്രസ്റ്റാണ് ഗാന്ധി കുടുംബത്തിന്റെ വസതിയായിരുന്ന ആനന്ദ ഭവന്‍ പരിപാലിച്ചുവരുന്നത്.

മുനിസിപ്പല്‍ കോര്‍പറേഷന്‍ ചട്ടവും വസ്തു നികുതി ചട്ടവും അനുസരിച്ചാണ് നോട്ടീസ് അയച്ചതെന്ന് പ്രയാഗ് രാജ് കോര്‍പറേഷനിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ പി.കെ മിശ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

നികുതി നിശ്ചയിക്കാന്‍ സര്‍വെ നടത്തി. എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം ഒടുവിലാണ് നികുതി നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ട്രസ്റ്റ് നികുതി ഇളവുള്ള സ്ഥാപനമായതിനാല്‍ നികുതി ചുമത്താന്‍ പാടില്ലാത്തതാണെന്ന് കോര്‍പറേഷന്‍ മുന്‍ മേയര്‍ ചൗധരി ജിതേന്ദ്ര സിങ് പറഞ്ഞു.

ഇത് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സ്മാരകവും മ്യൂസിയവുമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ നിരോധം തീര്‍ത്തതാണെന്ന് നഗരവാസിയായ അഭയ അവസ്തി പ്രതികരിച്ചു.

Latest