ഫാത്വിമ സ്ഥാപന ഹിംസയുടെ ഒടുക്കത്തെ ഇര

സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളില്‍ പോലും ബ്രഹ്മണ്യമായ ശുദ്ധി- അശുദ്ധി സങ്കല്‍പ്പങ്ങളുടെയും അപരവത്കരണങ്ങളുടെയും രാഷ്ട്രീയത്തെ പേറുന്ന ആധുനിക അഗ്രഹാരങ്ങളാണ് ഐ ഐ ടിയുടെ ഇടങ്ങള്‍.
Posted on: November 16, 2019 10:56 am | Last updated: November 16, 2019 at 10:56 am

2018ല്‍ ഐ ഐ ടി മദ്രാസില്‍ റിസര്‍ച്ച് സ്‌കോളറായി ഞാന്‍ ചേര്‍ന്നതു മുതല്‍ 2019 വരെ ഐ ഐ ടിയില്‍ നിന്ന് അഞ്ച് ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ രണ്ട് പേര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ ആയിരുന്നു. മലപ്പുറത്തെ മഞ്ചേരിയില്‍ നിന്നുള്ള ഷഹല്‍ കോര്‍മാത്തും ഈ അടുത്ത് ആത്മഹത്യ ചെയ്ത ഫാത്വിമ ലത്തീഫും. മുസ്‌ലിം വിദ്യാര്‍ഥികളും ഝാര്‍ഖണ്ഡ് പോലുള്ള രാജ്യത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള പി എച്ച് ഡി സ്‌കോളറുമടക്കം ഭയാനകമായ ആത്മഹത്യകള്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തില്‍ നടമാടിയിട്ടും ഭരണകൂടമോ സ്ഥാപനാധികാരികളോ ഒരിക്കലും ഈ മരണങ്ങളെയോ അതിനു പിന്നിലെ വര്‍ഗപരവും ജാതിപരവും സ്വത്വപരവുമായ വിവേചനങ്ങളെ കുറിച്ചോ കാര്യക്ഷമമായ ഒരു അന്വേഷണം പോലും നടത്തിയിട്ടില്ല. ഐ ഐ ടിയുടെ പുരോഗമന മുഖത്തിന് പോറലേല്‍ക്കാതിരിക്കാന്‍ മരിച്ച വിദ്യാര്‍ഥിയുടെ പേര് പോലും വ്യക്തമാക്കാതെ ഞങ്ങള്‍ക്ക് സ്ഥാപനാധികാരികളില്‍ നിന്ന് യാന്ത്രികമായി ലഭിച്ച അനുശോചന സന്ദേശങ്ങള്‍ അതിന്റെ സ്വഭാവം കൊണ്ട് തന്നെ ഞെട്ടിക്കുന്നതാണ്. ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ അഡ്മിനിസ്ട്രേറ്റീവ്, ഡിപ്പാര്‍ട്ട്മെന്റ് തലങ്ങളില്‍ ഒരു കമ്മിറ്റി പോലും രൂപവത്കരിച്ചിട്ടില്ല. ഇനി രൂപവത്കരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത്തരം ഒരു വിവരം വിദ്യാര്‍ഥികളില്‍ ആരെയും അറിയിച്ചിട്ടില്ല.

ഞെട്ടിക്കുന്ന ഈ മരണങ്ങള്‍ പലപ്പോഴും മാനസികാരോഗ്യ പ്രശ്നങ്ങളുടെ പട്ടികയിലോ വിദ്യാര്‍ഥികളുടെ ഇടയിലെ പരസ്പര മത്സരം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദത്തിന്റെ ഉത്പന്നമായോ ആണ് അവതരിപ്പിക്കപ്പെടാറുള്ളത്. യഥാര്‍ഥത്തിലുള്ള വര്‍ണപരവും ജാതീയവും ലിംഗപരവും വര്‍ഗപരവുമായ വിവേചനങ്ങള്‍ ഇവിടെ മറച്ച് വെക്കപ്പെടുന്നു. ഐ ഐ ടി പോലുള്ള വരേണ്യ ഇടങ്ങള്‍ പണിതുയര്‍ത്തിയിട്ടുള്ള പ്രത്യയശാസ്ത്ര അടിത്തറകളും അത് ഉളവാക്കുന്ന സ്ഥാപനവത്കരിക്കപ്പെട്ട ഹിംസകളും അരികുവത്കരണത്തിന്റെ രാഷ്ട്രീയവും എല്ലാം ഈ വിശദീകരണങ്ങളില്‍ മൂടി വെക്കപ്പെടുന്നു.

സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളില്‍ പോലും ബ്രഹ്മണ്യമായ ശുദ്ധി- അശുദ്ധി സങ്കല്‍പ്പങ്ങളുടെയും അപരവത്കരണങ്ങളുടെയും രാഷ്ട്രീയത്തെ പേറുന്ന ആധുനിക അഗ്രഹാരങ്ങളാണ് ഐ ഐ ടിയുടെ ഇടങ്ങള്‍. ആദ്യം ഇവിടെ കാലെടുത്തുവെച്ച അന്ന് മുതല്‍ ഇവിടെ പ്രകടമായ നിലയില്‍ തന്നെ സവര്‍ണ രീതികളും പെരുമാറ്റ ചട്ടങ്ങളും ഞെട്ടിച്ചിട്ടുണ്ട്. ഇവിടുത്തെ സ്വാഭാവികതയായിരുന്നു ഈ ജാതി ഹിന്ദുത്വ അന്തരീക്ഷം. 80 ശതമാനം ഹിന്ദുക്കളാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഐ ഐ ടിയുടെ ആന്തരിക ഇടങ്ങള്‍ ഹിന്ദു ദേവതകളുടെയും ദേവന്മാരുടെയും പ്രതിമകളും ചിത്രങ്ങളും വഹിക്കുന്ന ക്ഷേത്രങ്ങള്‍ ആണ്. ഡിപാര്‍ട്ട്‌മെന്റ് ഓഫീസുകളിലേക്കും ഹോസ്റ്റലുകളിലേക്കും മെസ്സുകളിലേക്കും നീണ്ടു കിടക്കുന്ന ഈ ക്ഷേത്രസമാന വാസ്തു ശില്‍പം ഹിന്ദു എന്നതിനെ സ്വാഭാവികമായ ഒരു സൂചകവും സൂചിതവും ആക്കി മാറ്റുന്നു.

11 ശതമാനത്തില്‍ താഴെ ഉള്ള ഒ ബി സി വിഭാഗക്കാരും രണ്ട് ശതമാനത്തില്‍ താഴെ മാത്രം ഉള്ള പട്ടിക ജാതി വിഭാഗങ്ങളും അടങ്ങുന്ന അധ്യാപകരാണ് ഐ ഐ ടിയില്‍ ഉള്ളത്. ബാക്കി ഭൂരിഭാഗം അധ്യാപകര്‍ സവര്‍ണമായ പശ്ചാത്തലമുള്ളവരും. വിദ്യാര്‍ഥികളിലെയും അധ്യാപകരിലെയും ഭൂരിപക്ഷവും സവര്‍ണ പശ്ചാത്തലം ഉള്ളവര്‍ ആണെന്നത് ഉന്നത മെറിറ്റ് ഉള്ള സ്ഥാപനമാണെന്ന തോന്നല്‍ ഉളവാക്കുകയും ജനറല്‍ വിഭാഗത്തിലെ ബുദ്ധിമാന്മാരും സംവരണ വിഭാഗത്തിലെ ചിന്താശേഷി കുറഞ്ഞവരും എന്ന പരികല്‍പ്പനയെ നിര്‍മിക്കുകയും ചെയുന്നു. സ്ഥാപന അധികാരികള്‍ ഇതിനെ ഇടക്കിടെ ഊട്ടി ഉറപ്പിക്കാറുമുണ്ട്. ജനറല്‍ വിഭാഗത്തില്‍പ്പെടുന്ന ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഭൂരിഭാഗം വിദ്യാര്‍ഥികള്‍ ഐ ഐ ടിയുടെ പുരോഗമന മുഖത്തെ പ്രതിനിധാനം ചെയ്യുന്നവരായി അടയാളപ്പെടുത്തപ്പെടുമ്പോള്‍ പ്രസ്തുത പുരോഗമന മുഖത്തിന് വിഘാതമായി മെറിറ്റില്ലാത്ത സംവരണ വിഭാഗക്കാരും കീഴാള ശരീരങ്ങളും മുദ്രകുത്തപ്പെടുന്നു. ഐ ഐ ടിയുടെ മാതൃകാ ശരീരങ്ങള്‍ സവര്‍ണ ശരീരങ്ങളാണ്. കീഴാളരും ന്യൂനപക്ഷങ്ങളും ഇതിന് പുറത്ത് നില്‍ക്കുന്നവരും.

ഷഹല്‍ 2018ല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതിന് കാരണങ്ങളായി പറയപ്പെട്ടത് അറ്റന്‍ഡന്‍സ് കുറഞ്ഞതിനെ പ്രതിയുള്ള പേടിയും അവസാന പരീക്ഷയെ അഭിമുഖീകരിക്കുന്നതിന്റെ ടെന്‍ഷനും എല്ലാം ആയിരുന്നു. ഐ ഐ ടിയുടെ യാന്ത്രികമായ ഷെഡ്യൂളുകളും അക്കാദമിക് കലണ്ടറും സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദങ്ങള്‍ ഓരോ ഗവേഷണ വിദ്യാര്‍ഥിയുമായി സംസാരിക്കുമ്പോഴും തിരിച്ചറിയപ്പെടാറുണ്ട്. ജാതീയവും സാമ്പത്തികവും മതപരവുമായ വിവേചനങ്ങള്‍ക്കു പുറമെയാണ് ഈ അനുഭവങ്ങള്‍. ഒരു വിദ്യാര്‍ഥിയുടെ മാനസിക സമ്മര്‍ദങ്ങളിലെ സാമൂഹികപരവും ഘടനാപരവും ആയ ഘടകങ്ങളെ മാറ്റിനിര്‍ത്തി വ്യക്തിപരമായ തലത്തിലേക്ക് ചുരുക്കി മാനസിക കരുത്തില്ലായ്മ ആരോപിക്കുക എന്ന പ്രക്രിയ മാത്രമാണ് ഇവിടെ അരങ്ങേറുന്നത്.
ഫാത്വിമയുടെ ആത്മഹത്യയിലാകട്ടെ കാര്യങ്ങള്‍ വിഭിന്നമാണ്. ആത്മഹത്യാ കുറിപ്പ് എഴുതുകയും സംഘ്പരിവാര്‍ അനുകൂലകനായ ഒരു അധ്യാപകനെ തന്റെ ആത്മഹത്യക്ക് കാരണക്കാരനായി ചൂണ്ടി ക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ എല്ലാം തെളിവുകള്‍ ഉണ്ടായിരിക്കെ ഈ വിഷയത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റിന് ഒരു മീറ്റിംഗ് വിളിച്ചു കൂട്ടാന്‍ തന്നെ നാല് ദിവസം വേണ്ടി വന്നു. വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം ഫാത്വിമയുടെ ആത്മഹത്യാ കുറിപ്പിനെ നിസ്സാരവത്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്ത് മാനസികമായ അസ്ഥിരതയിലേക്കു ആത്മഹത്യയുടെ കാരണത്തെ ചേര്‍ത്തു വെക്കുന്നവരാണ്. ഫാത്വിമയുടെ മരണത്തെ പ്രതിയുള്ള ചര്‍ച്ചയില്‍ മാനസികമായ അപക്വതയെയും മറ്റും ആണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സവര്‍ണ ലിബറല്‍ ആഖ്യാനത്തെ ഇതില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കും.

ക്യാമ്പസിലെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് മുഖ്യധാര നിര്‍മിച്ചെടുത്ത നല്ല മുസ്‌ലിം/ചീത്ത മുസ്‌ലിം എന്ന ദ്വന്ദ്വനിര്‍മിതിയില്‍ നിന്ന് പുറത്തു കടക്കാന്‍ ആകുന്നില്ല. മുസ്‌ലിം വിദ്യാര്‍ഥികളിലെ ഒരു വിഭാഗം സ്ഥാപനത്തെ അനുകൂലിച്ചു രംഗത്തു വന്നതിനെ നല്ല മുസ്‌ലിമിന്റെ ശബ്ദമായി ആഘോഷിക്കുകയാണ് വലതുപക്ഷ അനുഭാവികളും ഇടതു ലിബറലുകളും ചെയ്യുന്നത്. ഇതു വരെ മുസ്‌ലിം സ്റ്റുഡന്റ്സ് അസോസിയേഷന്‍ എന്ന ക്യാമ്പസിലെ ഔദ്യോഗിക ബോഡി അന്വേഷണത്തിനായി ആവശ്യപ്പെടുകയോ ഒരു പ്രസ്താവനയെങ്കിലും പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. മുഖ്യധാരയോട് ചേര്‍ന്നുനില്‍ക്കുന്ന മതേതര മുസ്‌ലിം, മുസ്‌ലിം സമുദായത്തിനകത്തു തന്നെയുള്ള പ്രതിസന്ധികളെ കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്.

“IITM FOR FATHIMA LATHEEF’എന്ന പേരില്‍ വിദ്യാര്‍ഥികളും ഗവേഷകരും അടങ്ങുന്ന കൂട്ടായ്മ മാനവ വിഭവശേഷി വകുപ്പിനോടും മൈനോരിറ്റി കമ്മീഷനോടും ഈ വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താനും മതവിവേചനം അടക്കമുള്ള സാധ്യതകളിലേക്ക് നോക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുറമെ രോഹിത് വെമുല ആക്ട് നടപ്പാക്കാനും ക്യാമ്പസില്‍ ന്യൂനപക്ഷ/പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരു മൈനോരിറ്റി വിദ്യാര്‍ഥി പ്രശ്‌നപരിഹാര സെല്‍ രൂപവത്കരിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ യൂനിവേഴ്‌സിറ്റികളില്‍ നടന്ന സ്ഥാപന ഹിംസയുടെ അവസാനത്തെ ഇരയാണ് ഫാത്വിമ. രോഹിത് വെമുലയും മുത്തുകൃഷ്ണനും പായല്‍ തദ്വിയും അടക്കം ഉള്ള പലരുടെയും അവസാനത്തെ കണ്ണി. ഗവേഷക സമൂഹത്തിലെ മുസ്‌ലിം പ്രതിനിധികള്‍ എന്ന നിലയില്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഫാത്വിമയുടെ അടക്കമുള്ള മരണങ്ങളുടെ ഘടനാപരവും സാമൂഹികപരവും ആയ കാരണങ്ങളെ കണ്ടെത്തണമെന്നാണ്. അടിയന്തര നടപടികള്‍ പ്രസ്തുത വിഷയത്തില്‍ കൈക്കൊള്ളണമെന്നും.
(മദ്രാസ് ഐ ഐ ടിയിലെ പി എച്ച് ഡി ഗവേഷകയാണ് ലേഖിക)