അട്ടപ്പാടിയിൽ എന്താണ് സംഭവിച്ചത്?

മാവോയിസ്റ്റ് ആശയങ്ങളോടു ഒരു വിധേനയും പൊരുത്തപ്പെടാൻ സാധ്യമല്ല. പക്ഷേ ആശയപരമായ ഏറ്റുമുട്ടലിലൂടെയോ നിയമവിധേയ മാർഗേണയോ ആയിരിക്കണം മാവോയിസ്റ്റുകളെ നേരിടേണ്ടത്.
എഡിറ്റോറിയൽ
Posted on: November 3, 2019 1:53 pm | Last updated: November 3, 2019 at 1:55 pm

അട്ടപ്പാടിയിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ട സംഭവം വിവാദമായിരിക്കുകയാണ്. ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പോലീസ് റിപ്പോർട്ട്. മാവോവാദികൾ തണ്ടർ ബോൾട്ടിനു നേരെ വെടിയുതിർത്തപ്പോൾ സ്വയംരക്ഷക്കായി അവർ തിരിച്ചു വെടിവെക്കുകയായിരുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. ഏറ്റുമുട്ടലിന്റെ രംഗങ്ങളടങ്ങുന്ന വീഡിയോ പോലീസ് പുറത്തിറക്കിയിട്ടുമുണ്ട്. അതേസമയം മാവോവാദികൾ കീഴടങ്ങാൻ തയ്യാറായിരുന്നുവെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് അവരെ കൊലപ്പെടുത്തിയതെന്നും ആദിവാസി ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. ഇത് ശരിവെച്ചുകൊണ്ട് പ്രതിപക്ഷ നിരയും ഭരണ മുന്നണി ഘടകകക്ഷിയായ സി പി ഐയും രംഗത്തു വന്നിട്ടുണ്ട്. മാവോയിസ്റ്റുകൾ ടെന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ പോലീസ് ക്ലോസ് റേഞ്ചിൽ വെടിവെക്കുകയായിരുന്നുവെന്നാണ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പത്രസമ്മേളനത്തിൽ ആരോപിച്ചത്.

പാർട്ടി അസി. സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ സി പി ഐ പ്രതിനിധി സംഘം പോലീസ് നടപടി നടന്ന പ്രദേശം സന്ദർശിച്ച ശേഷം വ്യാജ ഏറ്റുമുട്ടൽ ആരോപണം ആവർത്തിക്കുന്നുണ്ട്. അതീവ ജാഗ്രത നിലനിൽക്കുന്ന പ്രദേശമായതിനാൽ സി പി ഐ സംഘം വനത്തിനുള്ളിലേക്ക് പോകുന്നത് പോലീസ് വിലക്കിയിരുന്നു. ഇത് അവഗണിച്ചാണ് സംഘം സന്ദർശനം നടത്തിയത്. തണ്ടർ ബോൾട്ട് ആദിവാസി സ്ത്രീകളെ ദേഹപരിശോധനക്ക് വിധേയരാക്കിയതായും എൽ ഡി എഫ് സർക്കാറിനെ മോശമാക്കാൻ പോലീസ് മനഃപൂർവം നടത്തിയ ക്രൂരതയാണിതെന്നും സംഘം കുറ്റപ്പെടുത്തുകയുണ്ടായി. സുപ്രീംകോടതിയുടെ നിഷ്‌കർഷകളൊന്നും പാലിക്കാതെ ഏകപക്ഷീയമാണ് വെടിവെപ്പെന്നും സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തണമെന്നും സംഘം ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് മാവോവാദികൾ കൊല്ലപ്പെട്ട സംഭവങ്ങളിലെല്ലൊം വ്യാജ ഏറ്റുമുട്ടൽ ആരോപണം ഉയർന്നിട്ടുണ്ട്. 2016 നവംബർ 24ന് മാവോയിസ്റ്റ് കേന്ദ്ര സമിതി അംഗമായിരുന്ന കുപ്പു ദേവരാജ്, പശ്ചിമഘട്ട മേഖലാ സമിതി ഭാരവാഹി അജിത എന്നിവർ നിലമ്പൂർ കരുളായി വനമേഖലയിൽ വെടിയേറ്റു മരിച്ച സംഭവവും ഏകപക്ഷീയമായ വെടിവെപ്പാണെന്ന് ആരോപിക്കപ്പെട്ടിരുന്നു. സി പി ഐ തന്നെയായിരുന്നു അന്നും പിണറായി സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ മുന്നിട്ടിറങ്ങിയത്. പോലീസിനു വെടിയേറ്റില്ലെന്നാണ് ഇതിന് അവർ മുൻവെച്ച ന്യായം. തീവ്രവാദവിരുദ്ധ നീക്കങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് തട്ടിയെടുക്കാൻ സംസ്ഥാനത്ത് ഒരു ഐ പി എസ് സംഘം പ്രവർത്തിക്കുന്നുണ്ടെന്നും കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്നു വരുത്തി തീർത്ത് ഈ ഫണ്ട് തട്ടിയെടുക്കാനുള്ള ഗൂഢനീക്കമാണ് കരുളായി കൊലപാതകങ്ങൾക്ക് പിന്നിലെന്നും സി പി ഐ ആരോപിച്ചു. അതേസമയം നിലമ്പൂർ ഉൾവനത്തിൽ മാവോയിസ്റ്റുകൾ ക്യാമ്പു ചെയ്തു ആയുധ പരിശീലനം നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയ തണ്ടർ ബോൾട്ടിനു നേരെ തീവ്രവാദികൾ വെടിയുതിർത്തതിനു പിന്നാലെ തിരിച്ചുവെടിവെച്ചപ്പോഴാണ് മൂന്നു പേരും കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മലപ്പുറം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന മജിസ്റ്റീരിയൽ അന്വേഷണത്തിൽ ഏകപക്ഷീയമായ വെടിവെപ്പായിരുന്നില്ല കരുളായിലേതെന്നും ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നുമാണ് കണ്ടെത്തിയത്.

അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ മരണം വിവാദമായ സാഹചര്യത്തിൽ ഇതേക്കുറിച്ചു സത്യസന്ധമായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തിൽ തണ്ടർ ബോൾട്ടിന്റെയോ പോലീസിന്റെയോ ഭാഷ്യം മാത്രം വിശ്വസിക്കാവതല്ല. രാജ്യത്ത് നിരവധി ഏറ്റുമുട്ടൽ കൊലകൾ നടന്നിട്ടുണ്ട്. അവയിലേറെയും വ്യാജ ഏറ്റുമുട്ടലായിരുന്നു. എന്നാൽ ഒരു സംഭവത്തിലും പോലീസ് സത്യം തുറന്നു പറയാറില്ല. അന്വേഷണങ്ങളിലൂടെയാണ് അതെല്ലാം വെളിപ്പെട്ടത്. മാത്രമല്ല, ഏത് കൊടുംകുറ്റവാളികളെയും കൊല്ലാൻ പാടില്ലെന്നും രാജ്യത്തെ വധശിക്ഷ എടുത്തുകളയണമെന്നും വാദിക്കുന്നവരാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. 2013 മെയിൽ സി പി എം കേന്ദ്ര കമ്മിറ്റി ഇതുസംബന്ധിച്ച ഒരു പ്രമേയം തന്നെ പാസ്സാക്കിയിട്ടുണ്ട്. അത്തരമൊരു പാർട്ടിയും മുന്നണിയും ഭരിക്കുന്പോൾ ഈ വിഷയത്തിൽ ഉയരുന്ന വിമർശം ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

ജനാധിപത്യവാദികളെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റ് ആശയങ്ങളോടു ഒരു വിധേനയും പൊരുത്തപ്പെടാൻ സാധ്യമല്ല. വനമേഖലകളിൽ അവർ ഉയർത്തുന്ന സുരക്ഷാ ഭീഷണി ഗൗരവത്തോടെ കാണേണ്ടതുണ്ട്. നാടിന്റെ സമാധാനത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന മാവോയിസത്തെ രാജ്യത്തു നിന്നു തുടച്ചു നീക്കേണ്ടത് അനിവാര്യവുമാണ്. അത് പക്ഷേ ആശയപരമായ ഏറ്റുമുട്ടലിലൂടെയോ നിയമവിധേയ മാർഗേണയോ ആയിരിക്കണം. ആയുധം കൊണ്ടാകരുത്.

ആശയത്തെ പ്രതിരോധിക്കാൻ ആയുധം കൈയിലേന്തുന്നത് ഫാസിസ്റ്റുകളുടെയും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും രീതിയാണ്. ഇത്തരം ആളുകളെ നേരിടാൻ രാജ്യത്ത് നിയമങ്ങളുണ്ട്. അതിൽ ഊന്നിക്കൊണ്ടായിരിക്കണം ജനാധിപത്യ സർക്കാറുകളുടെ പ്രതിരോധ രീതി. അതേസമയം സംസ്ഥാനത്ത് മാവോവാദികൾ കൊല്ലപ്പെടുമ്പോഴെല്ലാം പോലീസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും അംഗീകരിക്കാവതല്ല. പലപ്പോഴും ആത്മരക്ഷാർഥമായിരിക്കാം പോലീസ് വെടിവെക്കുന്നത്. ഘോരവനങ്ങൾ മാവോവാദികൾക്ക് സുപരിചിതമായിരിക്കും. വനത്തിനുള്ളിൽ ഒളിഞ്ഞിരുന്ന് പോലീസിനെ അക്രമിക്കാൻ പ്രത്യേക പരിശീലനവും അവർ നേടിയിരിക്കും. ഈയൊരു സാഹചര്യത്തിൽ അവരെ വെടിവെക്കാതെയും പരുക്കേൽപ്പിക്കാതെയും പിടികൂടി നിയമത്തിന് മുമ്പിൽ ഹാജരാക്കണമെന്ന തത്വോപദേശം പ്രായോഗികമല്ല. അട്ടപ്പാടിയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിലൂടെ പുറത്തു വരട്ടെ.