National
വീട്ടുതടങ്കലിനിടെ ഗിലാനിക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കി; രണ്ട് ബി എസ് എന്‍ എല്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

ശ്രീനഗര്‍: ഹുര്‍റിയത് നേതാവ് സയ്യിദ് അലി ഷാ ഗിലാനിക്ക് വീട്ടുതടങ്കലില്‍ കഴിയുന്ന അവസരത്തില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയതിന് ബി എസ് എന്‍ എല്ലിന്റെ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ജമ്മു കശ്മീര്‍ സര്‍ക്കാറാണ് നടപടി സ്വീകരിച്ചത്. സംസ്ഥാനത്ത് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നാല് ദിവസവും ഗിലാനിക്ക് ബി എസ്. എന്‍ എല്‍ ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കിയെന്നാണ് ആരോപണം. ഈ സമയത്ത് ഗിലാനി സ്വന്തം ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ഇതിന് മുന്നോടിയായി തലേദിവസം കശ്മീരിലെ എല്ലാ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിച്ഛേദിക്കുകയായിരുന്നു. ഗിലാനിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് വരുന്നതുവരെ അദ്ദേഹത്തിന് ഇന്റര്‍നെറ്റ് സേവനം ലഭ്യമാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍, ഗിലാനിക്ക് മാത്രമായി എങ്ങനെ ഇന്റര്‍നെറ്റ് സേവനം ലഭ്യമായി എന്ന കാര്യത്തിലും ദുരൂഹതയുള്ളതായി ആരോപണമുണ്ട്.