എല്ലാം പണം കൊടുത്താല്‍ കിട്ടില്ലെന്ന് ബി ജെ പി തിരിച്ചറിയുന്ന ഒരുകാലം വരും: പ്രിയങ്ക

Posted on: July 24, 2019 12:56 pm | Last updated: July 24, 2019 at 4:22 pm

ന്യൂഡല്‍ഹി: 14 മാസം ആയുസുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറിനെ ്അട്ടിമറിച്ച് ഭരണം പിടിച്ച ബി ജെ പിക്ക് മുന്നറിയിപ്പുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
എന്തും പണം കൊടുത്ത് വാങ്ങാന്‍ കിട്ടുമെന്നും എല്ലാവരെയും അധിക്ഷേപിക്കാന്‍ എക്കാലവും സാധിക്കുമെന്നും ധരിക്കരുത്. ഒരിക്കല്‍ നിങ്ങള്‍ക്കത് മനസ്സിലാകും. എല്ലാ നുണകളും ഒരിക്കല്‍ പുറത്താകും- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ദശാബ്ദങ്ങളോളം ത്യാഗങ്ങള്‍ സഹിച്ച് നാം കെട്ടിപ്പൊക്കിയ ജനാധിപത്യത്തെ ദുര്‍ബലമാക്കുന്നതിലും ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതിലും അഴിമതിയിലും സഹികെട്ട പൗരന്മാര്‍ ബി ജെ പി ക്കെതിരെ ശബ്ദമുയര്‍ത്തും. അതോടെ തീരും അവരുടെ ആധിപത്യമെന്നും പ്രിയങ്ക പറഞ്ഞു.

കര്‍ണാടകയിലെ വിശ്വാസ് വോട്ടെടുപ്പില്‍ 99നെതിരെ 105 വോട്ട് നേടിയാണ് ബി ജെ പി കരുത്ത് അറിയിച്ചത്. കോണ്‍ഗ്രസ്, ജെ ഡി എസ് എം എല്‍ എമാരെ പണം നല്‍കിയാണ് ബി ജെ പി രാജിവെപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.