Connect with us

Eranakulam

ബന്ധുനിയമനം: ജലീലിനെതിരായ ഹരജി ഫിറോസ് പിന്‍വലിച്ചു

Published

|

Last Updated

കൊച്ചി: മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. രാഷ്ട്രീയം കളിക്കാനാണോ ഹരജിയുമായി കോടതിയിലെത്തിയിരിക്കുന്നതെന്ന് ഫിറോസിനോട് കോടതി ചോദിച്ചു. പരാതിയില്‍ ഗൗരവമേറിയ ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.

കീഴ്‌കോടതികളെ സമീപിക്കാതെ ഹരജി നല്‍കിയത് എന്തുകൊണ്ടാണെന്ന് ഈ മാസം 18ന് ഫിറോസ് വിശദീകരിക്കണമെന്ന് നേരത്തെ ജസ്റ്റിസ് പി ഉബൈദ് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഹരജി പിന്‍വലിച്ചത്. ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ഉചിതമായ ഫോറത്തില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചതായും ഫിറോസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. കേസില്‍ ഹര്‍ജിക്കാര്‍ക്ക് താത്പര്യമില്ലാത്തതിനാല്‍ ഹരജി തള്ളുകയാണെന്ന് കോടതി വ്യക്തമാക്കി.

ഗൗരവമേറിയ ആരോപണമാണ് പരാതിയിലുള്ളതെന്ന് ഫിറോസിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തെ കോടതി എതിര്‍ത്തു. ഗൗരവമേറിയതാണെങ്കില്‍ എന്തിനാണ് ഹരജി പിന്‍വലിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. കുറച്ച് ചോദ്യങ്ങള്‍ക്ക് മറുപടി വേണമെന്ന് നേരത്തെ നിര്‍ദേശിച്ചതാണ്. അത് ചെയ്തില്ല. ആരോപണമുന്നയിച്ചാല്‍ പടിപടിയായി ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ നേരെ ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

ബന്ധു നിയമന ആരോപണത്തില്‍ അഴിമതി തടയല്‍ നിയമപ്രകാരമുള്ള നടപടി സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. പൊതുജന സേവകന് എതിരെ പരിശോധനയോ അന്വേഷണമോ വേണമെങ്കില്‍ അഴിമതി നിരോധന നിയമത്തിലെ 17എ പ്രകാരം മുന്‍കൂര്‍ അനുമതി വേണം. അതിന് ഹരജിക്കാരന്‍ ശ്രമിച്ചിട്ടില്ല. ഇതൊന്നും ചെയ്യാതെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഹരജി പിന്‍വലിക്കുന്നതില്‍ തടസ്സമായി നില്‍ക്കില്ലെന്നും ഉന്നതമായ രാഷ്ട്രീയ പദവിയിലിരിക്കുന്നവര്‍ക്കെതിരെ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുകയാണ് ഫിറോസ് ചെയ്തതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സംസ്ഥാന അറ്റോര്‍ണി കെ വി സോഹന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷനില്‍ മന്ത്രി ജലീല്‍ അനധികൃതമായി ചട്ടങ്ങള്‍ പാലിക്കാതെ ബന്ധുനിയമനം നടത്തിയെന്നാരോപിച്ചായിരുന്നു ഫിറോസ് ഹരജി നല്‍കിയത്.

നടപടിക്രമങ്ങളുടെ ഭാഗമെന്ന് ഫിറോസ്
കൊച്ചി: മന്ത്രി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചത് സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്ന് പി കെ ഫിറോസ്. പരാതിയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനമാകുന്നത് വരെ കോടതിയില്‍ നല്‍കിയ ഹരജിയുമായി മുന്നോട്ടുപോകുന്നത് അനുചിതമാണെന്ന നിയമവിദഗ്ധരുടെ അഭിപ്രായം മാനിച്ചാണ് ഹരജി പിന്‍വലിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം മുന്നിലുണ്ട്. പഴുതുകളടച്ച് കേസ് മുന്നോട്ടു കൊണ്ടു പോകേണ്ടത് ലക്ഷോപലക്ഷം ഉദ്യോഗാര്‍ഥികളുടെ താത്പര്യമാണെന്നും ഫിറോസ് പറഞ്ഞു.