എൽ പി സ്‌കൂളുകളും ഹൈടെക് ആകുന്നു

Posted on: July 4, 2019 8:33 am | Last updated: July 4, 2019 at 2:42 pm
Image for representation

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലെ എട്ട് മുതൽ പന്ത്രണ്ട്‌ വരെ ക്ലാസുകളുള്ള 4,752 സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയതിന്റെ തുടർച്ചയായി പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും ഹൈടെക് ലാബുകൾ വരുന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ആനഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ലിറ്റിൽ കൈറ്റ്‌സ് യൂനിറ്റുകളുടെ പ്രവർത്തനത്തിൽ കഴിഞ്ഞ വർഷം സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച സ്‌കൂളുകൾക്കുള്ള അവാർഡ് വിതരണവും ചടങ്ങിൽ നടക്കും. സംസ്ഥാനത്തെ 9,941 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക് ലാബ് പദ്ധതിക്കായി കിഫ്ബി 292 കോടി രൂപ അനുവദിച്ചതിനെത്തുടർന്ന് 55,086 ലാപ്‌ടോപ്പുകൾ, യു എസ് ബി സ്പീക്കറുകൾ, 23,170 മൾട്ടിമീഡിയ പ്രൊജക്ടറുകൾ എന്നിവക്കുള്ള ടെണ്ടർ നടപടികൾ മെയ് മാസത്തിൽ പൂർത്തിയായിരുന്നു.

നാളെ മുതൽ കൈറ്റിന്റെ 14 ജില്ലാ കേന്ദ്രങ്ങളിലൂടെയും ഈ ഉപകരണങ്ങളുടെ വിതരണം ആരംഭിക്കുമെന്നും സെപ്റ്റംബർ മാസത്തോടെ പൂർത്തിയാക്കുമെന്നും കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് അറിയിച്ചു. സ്‌കൂളുകൾക്ക് ഉപകരണങ്ങൾ വാങ്ങാനുള്ള സമയക്രമം അതത് ജില്ലകളിൽ നിന്നും അവരെ അറിയിക്കും. ഇതിനായി സ്‌കൂളുകൾ കൈറ്റുമായി സർക്കാർ ഉത്തരവു പ്രകാരമുള്ള ധാരണാപത്രം ഒപ്പിടണം.

പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 82,000 പ്രൈമറി അധ്യാപകർക്ക് അവധിക്കാലത്ത് പ്രത്യേക ഐ ടി പരിശീലനം നൽകിയിട്ടുണ്ട്. 8,191 പ്രൈമറി സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് സൗകര്യവും ഒരുക്കിക്കഴിഞ്ഞു. ‘സമഗ്ര’ റിസോഴ്‌സ് പോർട്ടലിന്റെ ഉപയോഗം പരിശീലനത്തിൽ അധ്യാപകരെ പരിചയപ്പെടുത്തി. എഡ്യൂടെയിൻമെന്റ് രൂപത്തിൽ വിവിധ വിഷയങ്ങൾ ഐ ടി ഉപയോഗിച്ച് പഠിക്കാൻ കഴിയുന്ന കളിപ്പെട്ടി (പ്രൈമറി), ഇ@വിദ്യ (അപ്പർ പ്രൈമറി) പാഠപുസ്തകങ്ങൾ എല്ലാ കുട്ടികൾക്കും ലഭ്യമാക്കിയിട്ടുണ്ട്.

ഉദ്ഘാടനചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷനും ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷകനും ആയിരിക്കും. വി എസ് ശിവകുമാർ എം എൽ എ, മേയർ അഡ്വ. വി കെ പ്രശാന്ത്, നവകേരളമിഷൻ കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.