Connect with us

Kerala

പ്രതിദിനം നിരത്തുകളിൽ പൊലിയുന്നത് 11 ജീവനുകൾ

Published

|

Last Updated

തിരുവനന്തപുരം: വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് പൊതുനിരത്തിൽ പ്രതിദിനം 11 പേർ മരിക്കുന്നതായി കണക്കുകൾ. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനാണ് ഇതുസംബന്ധിച്ച കണക്കുകൾ നിയമ സഭയിൽ വെച്ചത്. അമിത വേഗത മൂലമാണ് അപകടങ്ങളിലധികവും.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ പൊതു നിരത്തുകളിൽ 12,392 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. റോഡ് അപകടങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. അമിത വേഗതയുടെ പേരിൽ മാത്രം ഇക്കാലയളവിൽ 2,192 പേരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. പി ടി എ റഹീം എം എൽ എ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമായിരുന്നു മന്ത്രിയുടെ മറുപടി.

2019 മാർച്ച് 31 വരെ സംസ്ഥാനത്ത് 1,33,19,353 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 16,44,955 ട്രാൻസ്‌പോർട്ട് വാഹനങ്ങളും 1,16,74,398 നോൺട്രാൻസ്‌പോർട്ട് ഗണത്തിലുമാണ്. രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ 6,14,681 സ്വകാര്യ വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇതിൽ എത്ര വാഹനങ്ങൾ ഇപ്പോഴും സർവീസ് നടത്തുന്നുണ്ടെന്നതിന് കൃത്യമായ കണക്കില്ല. നിരത്തിൽ കണ്ടെത്തുന്നവ പിടിച്ചെടുക്കുന്നുവെന്ന് മാത്രം.

143 ഓട്ടോമാറ്റിക് സ്പീഡ് എൻഫോഴ്‌സ്‌മെന്റ് ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 22 ക്യാമറകൾ പ്രവർത്തന രഹിതമാണ്. 2011 മുതൽ 2018 വരെ കാലയളവിൽ 20.2.6 കോടി രൂപ ചെലവഴിച്ചാണ് ഇത് സ്ഥാപിച്ചത്. ഇക്കാലയളവിൽ ഇതിന്റെ അറ്റകുറ്റ പണികൾക്കായി 34.02 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. കെൽട്രോണിനാണ് ഇതിന്റെ പ്രവർത്തന ചുമതല.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലം അപകടങ്ങൾ വർധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിൽ സേവന ഫീസ് ഇനത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 126.89 കോടി പിരിച്ചെടുത്തു. 2016- 17ൽ 43.27 കോടി, 2017- 18ൽ 41.72, 2018- 19ൽ 41.90 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. കഴിഞ്ഞ പത്ത് മാസത്തിനിടെ സേവന നിരിക്കിൽ 10 ശതമാനം വർധന വരുത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest