Connect with us

Kerala

ക്യാന്‍സറില്ലാത്തെ കീമോ തെറാപ്പി: ഡോക്ടര്‍മാര്‍ക്കും ലാബിനും വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗമില്ലാത്ത യുവതിക്ക് കീമോ തെറാപ്പി നല്‍കിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്. കൃത്യമായ രോഗ നിര്‍ണയത്തില്‍ സ്വകാര്യ ലാബിലെ പതോളജിസ്റ്റിന് തെറ്റുപറ്റിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കീമോ തെറാപ്പി ആരംഭിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ലാബിലെ റിപ്പോര്‍ട്ടിനായി ഡോക്ടര്‍മാര്‍ക്ക് കാത്തിരിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം, ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഡോ. കെവി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യ വകുപ്പിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്.

മാറിടത്തില്‍ മുഴയുമായി ചികിത്സക്ക് എത്തിയ കുടശനാട് സ്വദേശി രജനി(38)യെ ക്യാന്‍സറാണെന്ന് പറഞ്ഞ് കീമോ തെറാപ്പിക്ക് വിധേയയാക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കു സമീപമുള്ള ഡയനോവ ലാബോറട്ടറിയില്‍ നടത്തിയ ബയോപ്‌സി പരിശോധനയിലാണു മുഴ കാന്‍സറാണെന്നു തെറ്റായി റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ രജനിക്ക് കീമോതെറാപ്പി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ മുഴ ക്യാന്‍സറല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ നടത്തി പരിശോധനയിലും രോഗമില്ലെന്ന് വ്യക്തമായി. ഡയനോവയിലെ സാംപിള്‍ തിരിച്ചെടുത്ത് മെഡിക്കല്‍ കോളജ് ലാബില്‍ വീണ്ടും പരിശോധന നടത്തിയെങ്കിലും നഗറ്റീവായിരുന്നു ഫലം. ഇതോടെയാണ് കീമോ തെറാപ്പി നിര്‍ത്തിയത്.

സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിച്ച് രജനി നല്‍കിയ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിന്‍, കാന്‍സര്‍ വിഭാഗത്തിലെ ഡോ.സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയും തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്‌കാനിങ് സെന്റര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 366, 377 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.