ഒരു കോടിയുടെ വളരെ ലളിതമായ പരിപാടി‍!

Posted on: June 25, 2019 5:14 am | Last updated: June 25, 2019 at 11:18 am


ബെംഗളൂരു: ജനകീയ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആരംഭിച്ച ഗ്രാമവാസ്തവ്യ പരിപാടിയുടെ ഒരു ദിവസത്തെ പരിപാടിക്ക് മാത്രം ചെലവായത് ഒരു കോടി രൂപ. യാത്രയിൽ ആഢംബര സൗകര്യങ്ങൾ ഒഴിവാക്കി സ്‌കൂൾ മുറിയിലെ തറയിൽ കിടന്നുറങ്ങി ലാളിത്യം പ്രകടമാക്കിയ കുമാരസ്വാമിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് പരിപാടിക്ക് വൻ തുക ചെലവായതായുള്ള വിവരം വെളിവായത്.

യാദ്ഗിർ ജില്ലയിലെ ചന്ദർകി ഗ്രാമത്തിലേക്കാണ് മുഖ്യമന്ത്രി പരിപാടിക്ക് തുടക്കം കുറിച്ച് യാത്ര നടത്തിയത്. ഇതിന് വേണ്ടി മാത്രം ഒരു ദിവസം ചെലവാക്കിയത് ഒരു കോടി രൂപയാണെന്നാന്ന് പുറത്തുവരുന്ന വിവരം. 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടേയും ഒപ്പമുള്ളവരുടേയും ഭക്ഷണത്തിന് മാത്രം ചെലവായി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അധിവസിക്കുന്നവർ ഗ്രാമ സന്ദർശനത്തിൽ പങ്കാളികളായിരുന്നു. 25,000 പേർക്കാണ് ഉച്ചഭക്ഷണം ഒരുക്കിയത്. എന്നാൽ കഴിക്കാൻ 15,000 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അധ്യാപകർക്കും അഞ്ഞൂറോളം സ്‌കൂൾ വിദ്യാർഥികൾക്കും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമായി അത്താഴവും ഒരുക്കിയിരുന്നു. പ്രഭാത ഭക്ഷണ ചെലവും ഈ 25 ലക്ഷത്തിൽ ഉൾപ്പെടും.

ഗ്രാമീണരുടെ നിവേദനങ്ങളും മറ്റും സ്വീകരിക്കുന്നതിന് താത്്കാലിക ഓഫീസ് തയ്യാറാക്കാൻ 25 ലക്ഷം രൂപ വേറെയും ചെലവായി. സ്റ്റേജിനും അതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾക്കും 50 ലക്ഷം ചെലവായെന്നാണ് കണക്ക്. മുഖ്യമന്ത്രിയുടെ ഗ്രാമത്തിലേക്കുള്ള യാത്ര കെ എസ് ആർ ടി സി ബസിലായിരുന്നു. ചന്ദർകി ഗ്രാമത്തിലെ സർക്കാർ സ്‌കൂളിലായിരുന്നു താമസം. ആഡംബര സൗകര്യങ്ങൾ ഒഴിവാക്കി സ്‌കൂൾ മുറിയിലെ തറയിൽ പായ വിരിച്ചാണ് കുമാരസ്വാമി കിടന്നുറങ്ങിയത്. ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. യാത്രയിലുടനീളം ഗ്രാമങ്ങളിൽ മുഖ്യമന്ത്രിക്ക് പഞ്ചനക്ഷത്ര സൗകര്യമാണ് ഒരുക്കുന്നതെന്ന പ്രതിപക്ഷ ആരോപണം ശക്തമായതിനെ തുടർന്നാണ് സ്‌കൂളിലെ നിലത്ത് കിടന്നുറങ്ങുന്ന കുമാരസ്വാമിയുടെ ചിത്രം സമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. സ്‌കൂളിൽ ആഢംബര ശുചിമുറി സൗകര്യം ഉണ്ടാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

എന്നാൽ, അത് സ്‌കൂളിനും കുട്ടികൾക്കുമാണ് ഉപകാരപ്പെടുന്നതെന്നും തിരിച്ച് പോകുമ്പോൾ ഞാൻ കൊണ്ടുപോകില്ലെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. കുടിലിലും പഞ്ചനക്ഷത്ര ഹോട്ടലിലും കിടന്നുറങ്ങാൻ എനിക്ക് സാധിക്കും. നിലത്ത് കിടന്നുറങ്ങിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ജനങ്ങൾക്ക് വേണ്ടി റോഡിൽ കിടന്നുറങ്ങാനും താൻ തയ്യാറാണെന്നായിരുന്നു മറുപടി.
ഗ്രാമപ്രദേശങ്ങളിൽ താമസിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ടറിയുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഗ്രാമവാസ്തവ്യ പരിപാടി നടത്തുന്നത്. ഇത് രണ്ടാം വട്ടമാണ് കുമാരസ്വാമി ഗ്രാമങ്ങളിൽ നേരിട്ടെത്തി പ്രശ്‌നങ്ങളറിയുന്നത്. 2006-07 കാലഘട്ടത്തിൽ ആദ്യമായി മുഖ്യമന്ത്രിയായപ്പോഴാണ് ഗ്രാമവാസ്തവ്യ പരിപാടിക്ക് തുടക്കമിട്ടത്. അന്ന് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് ഇത്തവണയും തുടരാൻ തീരുമാനിച്ചത്.