Connect with us

Malappuram

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ അതിഭീകരമായ വർധനയെന്ന് റിപ്പോർട്ട്. കഴിഞ്ഞ നാല് മാസത്തിനിടെ മാത്രം സംസ്ഥാനത്ത് പോക്‌സോ നിയമ പ്രകാരം 1,156 കേസുകൾ രജിസ്റ്റർ ചെയ്തതായി കേരള പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റ് പറയുന്നു.

സ്‌കൂൾ വിദ്യാർഥികൾ മുതൽ തെരുവിൽ കഴിയുന്ന കുട്ടികൾ വരെ അതിക്രമത്തിനിരയായിട്ടുണ്ടെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുമ്പോൾ റിപ്പോർട്ട് ചെയ്യാത്ത സംഭവങ്ങളുടെ എണ്ണം പതിൻമടങ്ങായിരിക്കുമെന്നും വിലയിരുത്തുന്നു.
ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ഔദ്യോഗിക റിപ്പോർട്ട് പ്രകാരം ജില്ലതിരിച്ചുള്ള കണക്കുകളിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളുടെ പേരിൽ കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ്. 176 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

25 എണ്ണം റിപ്പോർട്ട് ചെയ്ത പത്തനംതിട്ടയിലാണ് കുറവ്. തിരുവന്തപുരം സിറ്റി- 50, റുറൽ- 97, കൊല്ലം സിറ്റി -44, റൂറൽ -46, ആലപ്പുഴ -54, കോട്ടയം -64, ഇടുക്കി -44, എറണാകുളം സിറ്റി -36, എറണാകുളം റൂറൽ -78, തൃശ്ശൂർ സിറ്റി-53, റൂറൽ -29, പാലക്കാട്-82, കോഴിക്കോട് സിറ്റി-36, റൂറൽ -53, വയനാട്-48, കണ്ണൂർ-75, കാസർകോട്-60, റെയിൽവേ-1 എന്നിങ്ങനെയാണ് ജില്ലാതലങ്ങളിലെ കണക്കുകൾ.

2012 ലാണ് കുടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനും കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി പോക്‌സോ നിയമം നിലവിൽ വരുന്നത്. ഇതിന് ശേഷം 2013ൽ 1,016 കേസുകളായിരുന്നു രജിസ്റ്റർ ചെയ്തത്. 2014 ൽ 1,402 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടു. 2017ൽ ഇത് 2697 ആയി ഉയർന്നു. 2018ൽ 3,174 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടപ്പോഴാണ് 2019 ലെ ആദ്യ നാല് മാസത്തിനിടയിൽ കേസുകളുടെ എണ്ണം 1,156ലേക്ക് ഉയർന്നത്.

സംസ്ഥാനത്ത 2018 വരെ ആകെ 11,797 പോക്‌സോ കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പോലീസിന്റെ ഇടപെടലുകളും സ്‌കൂളുകളിൽ നടന്നുവരുന്ന കൗൺസിലിംഗുകളും വഴിയാണ് മിക്ക സംഭവങ്ങളും പുറത്തറിയുന്നത്. അതേസമയം, കേസുകളുടെ എണ്ണത്തിൽ വരുന്ന വർധന സംസ്ഥാനത്തെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ ഉണ്ടാക്കുന്നതാണ്. ഈ സാഹചര്യം നിലനിൽക്കെ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നാണ് സാമൂഹികപ്രവർത്തകർ പറയുന്നത്.