വിപുലീകരണമില്ലെങ്കിൽ അലിഗഢ് ഭൂമി തിരിച്ചെടുക്കും

Posted on: June 13, 2019 8:54 am | Last updated: June 13, 2019 at 12:56 pm


തിരുവനന്തപുരം: അലിഗഢ് സർവകലാശാല ഓഫ് ക്യാമ്പസിനായി പെരിന്തൽമണ്ണയിൽ ഏറ്റെടുത്ത് നൽകിയ ഭൂമി തിരിച്ചെടുക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിശോധിക്കുന്നു. കൂടുതൽ കോഴ്‌സുകൾ അനുവദിക്കാനോ ക്യാമ്പസ് വിപുലീകരിക്കാനോ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം തയ്യാറാകാത്ത സാഹചര്യത്തിലാണ് ഈ നീക്കം. അലിഗഢ് ഓഫ് ക്യാമ്പസിനായി 385 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് നൽകിയിരുന്നത്. മൂന്ന് കോഴ്‌സുകളിലായി ഏതാനും വിദ്യാർഥികൾ പഠിക്കുന്ന ഇവിടം ഒരു ജൂനിയർ കോളജിന്റെ പദവിയിലേക്ക് പോലും ഉയർന്നിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ പറഞ്ഞു.

കൂടുതൽ കോഴ്‌സുകളും ബാച്ചുകളും അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെടുകയാണ്. സർവകലാശാലയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കേന്ദ്രത്തിന് താത്പര്യമില്ലെങ്കിൽ സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതികൾ ഈ സ്ഥലത്ത് നടപ്പാക്കുന്നത് പരിഗണിക്കും. പുതിയ കേന്ദ്ര മന്ത്രിയുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി കെ ടി ജലീൽ നിയമസഭയെ അറിയിച്ചു. അംഗങ്ങളായ പി ടി എ റഹീം, എ എൻ ഷംസീർ, മുഹമ്മദ് മുഹ്‌സിൻ, മഞ്ഞളാംകുഴി അലി, എം കെ മുനീർ, ടി വി ഇബ്‌റാഹിം, സി മമ്മൂട്ടി, റോഷി അഗസ്റ്റിൻ, എം ഉമ്മർ, കെ എസ് ശബരീനാഥ് എന്നിവരുടെ ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

ഏറെ പ്രതീക്ഷയോടെയാണ് സർക്കാർ ഈ ഭൂമി ഏറ്റെടുത്ത് നൽകിയത്. എന്നാൽ കേന്ദ്ര സർക്കാർ നയങ്ങളുടെ ഭാഗമായാണ് സർവകലാശാലയുടെ പ്രവർത്തനം അവതാളത്തിലായത്. നിലവിൽ മൂന്ന് കോഴ്‌സുകൾ മാത്രമാണ് ഇവിടെയുള്ളത്. പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി സർവകലാശാലയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ശ്രമം നടത്തും. എന്നാൽ സർവകലാശാലയുമായി മുന്നോട്ടുപോകാൻ കേന്ദ്ര സർവകലാശാലക്ക് താത്പര്യമില്ലെങ്കിൽ ഈ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കും.

സംസ്ഥാനത്തെ സർവകലാശാലകളുടെ ഏകീകൃത കലണ്ടർ 75 ശതമാനം പൂർത്തിയായതായും മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 24ന് ബിരുദ വിദ്യാർഥികളുടെയും 30ന് ബിരുദാനന്ദര ബിരുദ വിദ്യാർഥികളുടെയും ക്ലാസുകൾ ആരംഭിക്കും. അടുത്ത അധ്യയന വർഷം ഒന്ന് മുതൽ ബിരുദാനന്തര ബിരുദ തലം വരെ ഒറ്റ ദിവസം ക്ലാസുകൾ ആരംഭിക്കും. അടിസ്ഥാന സൗകര്യങ്ങളുള്ള സർക്കാർ എയിഡഡ് കോളജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കും. എൻജിനീയറിംഗ് കോളജുകളിൽ ഈ വർഷം ആരംഭിച്ച ന്യൂജെൻ കോഴ്‌സുകളായ ഫുഡ് ടെക്‌നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിസൈൻ എൻജിനീയറിംഗ്, റോബോട്ടിക് ഓട്ടോമേഷൻ എന്നിവ അടുത്ത അധ്യയന വർഷം വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.