രമ്യക്ക് സ്വീകരണം ഒരുക്കിയ സ്‌കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍

Posted on: June 13, 2019 9:58 am | Last updated: June 13, 2019 at 12:04 pm

ചിറ്റൂര്‍: ആലത്തൂര്‍ എം പി രമ്യ ഹരിദാസിന് ചിറ്റൂരിലെ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം ഒരുക്കിയ നടപടി വിവാദത്തില്‍. നിയമം ലംഘിച്ച് കുട്ടികളുടെ അധ്യയന സമയം നഷ്ടപ്പെടുത്തിയാണ് എം പിക്ക് സ്വീകരണമൊരുക്കിയതെന്ന് ആരോപിച്ച് ഇടത് അധ്യാപക സംഘനടയായ കെ എസ് ടി എ രംഗത്തെത്തി. എന്നാല്‍ സി പി എം പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ പി എസ് ടി എ ആരോപിച്ചു.

നന്ദി പറയാന്‍ ചിറ്റൂരിലെത്തിയ രമ്യ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്‌കൂളിലെത്തിയത്.

കുട്ടികളെ ഒരു മണിക്കൂറോളം വെയിലില്‍ നിര്‍ത്തിയാണ് സ്‌കൂള്‍ അധികൃതര്‍ എം പി സ്വീകരണം നല്‍കുന്ന പരിപാടി നടത്തിയതെന്ന് കെ എസ് ടി എ ചിറ്റൂര്‍ ഏരിയ കമ്മിറ്റി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുത് എന്ന ഉത്തരവ് ലംഘിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.സംഭവത്തില്‍ സി പി എം പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തി പ്രതിഷേധം അറിയിച്ചു.

എന്നാല്‍ സി പി എം പ്രവര്‍ത്തകര്‍ സ്‌കൂളിലെ അധ്യാപകരെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കെ പി എസ് ടി എ ചിറ്റൂര്‍ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു.

എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. പ്രവേശനോത്സവ ദിനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എം പി രമ്യ ഹരിദാസ് ചൊവ്വാഴ്ച ചിറ്റൂരിലെത്തിയപ്പോള്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വിശദീകരണം. രമ്യക്ക് വേണ്ടി പ്രത്യേക സ്വീകരണ പരിപാടികളൊന്നും ഒരുക്കിയിരുന്നില്ലെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. രാജീവന്‍ പറഞ്ഞു.