കോൺഗ്രസ് നിലപാടുകൾ മൈദ മാവ് പോലെയെന്ന് മന്ത്രി കടകംപള്ളി

Posted on: April 13, 2019 11:36 pm | Last updated: April 15, 2019 at 12:41 pm


തിരുവനന്തപുരം: കോൺഗ്രസിന്റെ നിലപാട് മൈദ മാവ് പോലെ ആണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഓരോരുത്തർക്കും അത് ഓരോ രീതിയിൽ ഉപയോഗിക്കാം. കേന്ദ്ര നേതൃത്വം നല്ലവണ്ണം വെള്ളം ചേർത്ത് ദോശ ചുടും. കെ പി സി സി ഇതേ മൈദ മാവ് കട്ടിയിൽ കുഴച്ച് പൊറോട്ട ചുടും. ചില നേതാക്കൾ കാരവും പഞ്ചസാരയും ചേർത്ത് ബോണ്ട ഉണ്ടാക്കും. ഇങ്ങനെ ഒരേ വിഷയത്തിൽ തന്നെ പല പല നിലപാട് ആയിരിക്കും അവർ എടുക്കുക. എങ്ങനെ വീണാലും പൂച്ച നാല് കാലിൽ എന്ന് പറയുന്ന പോലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇതിൽ ഏതേലും ഒന്ന് കാണിച്ച് ഇതാണ് ഞങ്ങളുടെ നിലപാട് എന്ന് പറഞ്ഞ് രക്ഷപ്പെടാനും സാധിക്കും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിലാണ് കടകംപളളി സുരേന്ദ്രൻ തന്റെ അഭിപ്രായം ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ സിറ്റിംഗ് എം പി ശശി തരൂരിനെയും കോൺഗ്രസിനെയും പരിഹസിച്ചായിരുന്നു മന്ത്രിയുടെ പോസ്റ്റ്. അദാനിക്ക് വിമാനത്താവളം വിട്ടു കൊടുത്തപ്പോൾ കേരളം ഭരിച്ചത് ഇടതുപക്ഷമല്ലേ എന്ന ചോദ്യം കോൺഗ്രസ് ഉന്നയിച്ച സാഹചര്യത്തിലാണ് ഇതിപ്പോൾ പറയേണ്ടി വന്നത്. കേന്ദ്ര സർക്കാർ തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണ പദ്ധതി കൊണ്ട് വന്നപ്പോൾ മുതൽ അതിശക്തമായി ഇടതുപക്ഷ സർക്കാർ എതിർക്കുകയും വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വിമാനത്താവള നടത്തിപ്പിനായി സംസ്ഥാന സർക്കാർ സ്‌പോൺസർ ചെയ്യുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് എന്ന ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കുകയുണ്ടായി. ബിഡിനുള്ള നടപടിക്രമങ്ങളിൽ സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്ന എസ് പി വിക്ക് പരിധിയില്ലാത്ത റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിമിതമായ 10 ശതമാനം റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ നൽകാനാണ് കേന്ദ്രം സമ്മതിച്ചത്. തുടർന്ന് നടന്ന ടെൻഡറിൽ വിമാനത്താവള നടത്തിപ്പിൽ പ്രായോഗിക പരിജ്ഞാനം ഇല്ലാത്ത അദാനി ഗ്രൂപ്പ് നടത്തിപ്പ് അവകാശം നേടുകയായിരുന്നു.

വിമാനത്താവള സ്വകാര്യവത്ക്കരണത്തിന് അനുകൂലമാണോ എതിരാണോ കോൺഗ്രസ് നിലപാടെന്ന് വ്യക്തമാക്കാൻ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തയ്യാറാകണം. ശശി തരൂർ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടുകളെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്നും ശശി തരൂരിനെ തിരുത്താൻ ഉള്ള ആർജവം ഉണ്ടോ എന്നും വ്യക്തമാക്കണം. മൈദാമാവ് പരിപാടി ഇനിയിവിടെ വേവില്ല എന്ന് മനസിലാക്കുന്നത് നല്ലതാണെന്നും മന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.