Connect with us

Cover Story

വരണ്ട മണ്‍ത്തട്ടിലെ പതിഞ്ഞ നെടുവീര്‍പ്പുകള്‍

Published

|

Last Updated

മരങ്ങളെയും മണ്ണിനെയും പുതഞ്ഞു കിടന്ന പ്രകാശം മങ്ങി, ആകാശത്ത് പൊള്ളുന്ന വെയിൽ പരക്കുന്നു. തുമ്പ കിളിർക്കാത്ത, തുമ്പി പറക്കാത്ത തരിശായി തീരഭൂമി മാറി. കേരളത്തിലെ എല്ലാ നദികളും അണക്കെട്ടുകളും നിറഞ്ഞൊഴുകി, കരയേത് പുഴയേത് എന്നറിയാൻ സാധിക്കാത്ത നിലയിൽ വൻപ്രളയമുണ്ടായിട്ടും വരൾച്ചയെ മുഖാമുഖം നോക്കുകയാണ് കേരളം. മുപ്പത്തൊമ്പതും നാൽപ്പതും ഡിഗ്രി സെൽഷ്യസിന് മുകളിൽ ദിവസവും ചൂടുകൂടുമ്പോൾ മെലിഞ്ഞുണങ്ങിയ പുഴകളെ കുറിച്ചോർത്ത് മലയാളി വല്ലാതെ ദുഃഖിച്ചു തുടങ്ങിയിട്ടുണ്ട്.

ഓരോ വേനലിലും ശരീരവും മനസ്സും ചുട്ടു പൊള്ളുമ്പോഴാണ് പുഴ മനസ്സിൽ കുളിരായി പെയ്തിറങ്ങുക. മലയാളി എപ്പോഴും അങ്ങനെയാണ്. കൺമുന്നിൽ നിന്ന് എല്ലാം നഷ്ടപ്പെട്ടു കഴിയുമ്പോഴാണ് ഓർത്ത് ദുഃഖിക്കുകയും പരിതപിക്കുകയും ചെയ്യുക. നമുക്ക് മുന്നിൽ നീണ്ടു നിവർന്നൊഴുകിയ പുഴകൾ മെലിഞ്ഞ് ഇല്ലാതായപ്പോൾ മാത്രമാണ് അവയുടെ മഹത്വത്തെയും ഗുണത്തെയും കുറിച്ച് അറിയാൻ ശ്രമിച്ചു തുടങ്ങിയത്. കേരളത്തിൽ പുഴമരണങ്ങൾ എങ്ങനെ സംഭവിക്കുമെന്നതിനെ കുറിച്ച് ആകുലപ്പെടുന്നതിനൊപ്പം ഇതേക്കുറിച്ച് നിരീക്ഷിക്കാനും പഠിക്കാനും വൈകിയെങ്കിലും നാം തുടങ്ങിയത് സ്വയം വിമർശനത്തിനെങ്കിലും ഉപകരിക്കുമെന്ന് കണക്കാക്കാം. പക്ഷെ, അതുകൊണ്ട് ഫലമില്ലല്ലോ.

പുഴക്കുമുണ്ട് യുവത്വവും വാർധക്യവും

കരയിലെ ഉയർന്ന ഇടങ്ങളിൽ നിന്ന് താഴേക്ക് നിലയ്ക്കാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ് പുഴയെന്ന വ്യാഖ്യാനത്തിൽ പെടുക. നമ്മുടെ നാട്ടിൽ അനേകം പുഴകളുണ്ട്. 15 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ള പുഴയെ കേരളത്തിൽ നദിയായി കണക്കാക്കുന്നു. എന്നാൽ, ഇന്ത്യയിലെ പ്രധാന നദികളുടെ പട്ടികയിൽ ഒന്ന് പോലും കേരളത്തിൽ നിന്നില്ല. പക്ഷെ കേരളം പോലെ ജലസമ്പത്തുള്ള മറ്റൊരു നാടുമില്ല. ലോകത്തൊരിടത്തും ഒരേ പോലുള്ള രണ്ട് പുഴകൾ ഉണ്ടാകില്ലത്രെ. ജലത്തിന്റെ അളവിലും സ്വഭാവത്തിലും രൂപത്തിലുമൊക്കെ ഒന്ന് മറ്റൊന്നു പോലെയായിരിക്കില്ല. ഒരു പുഴ തന്നെ അതിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സ്വയം മാറിക്കൊണ്ടേയിരിക്കും. അവ ജനിക്കുകയും വളരുകയും യുവത്വവും വാർധക്യവുമൊക്കെ പിന്നിട്ട് വയസ്സായി മരിക്കുകയും ചെയ്യുമത്ര. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മനുഷ്യപ്രവൃത്തികൾ നദികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അനുകൂലമായല്ല, പ്രതികൂലമായി മാത്രമാണ് ഈ സ്വാധീനമെന്ന് തിരിച്ചറിയുമ്പോഴാണ് പുഴകളുടെ നാശത്തിന്റെ കാരണങ്ങൾ വ്യക്തമാകുക.
കേരളത്തിൽ 44 നദികളുണ്ടെന്നാണ് സർക്കാർ കണക്ക്.

പൊതുമരാമത്തു വകുപ്പ് 1974ൽ പ്രസിദ്ധപ്പെടുത്തിയ ജലവിഭവ റിപ്പോർട്ട് പ്രകാരം 15 കിലോമീറ്ററിലധികം നീളമുള്ള പ്രവാഹങ്ങളായൊഴുകുന്ന നദികളിൽ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. അറബിക്കടലിലോ കായലുകളിലോ മറ്റു നദികളിലോ ചേരുന്ന പടിഞ്ഞാറോട്ടൊഴുകുന്ന നദികളിലേക്ക് ആയിരക്കണക്കിന് അരുവികളും തോടുകളും ഒഴുകിച്ചേരുന്നുണ്ട്. ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും ജൈവവൈവിധ്യ കലവറയുമായ പശ്ചിമഘട്ടം തന്നെയാണ് കേരളത്തിലെ എല്ലാ നദികളുടെയും ജീവൻ. കേരള അതിർത്തിയിൽ മാത്രം 44 നദികൾ ഈ ജലകൊടുമുടിയിൽ നിന്ന് ഉത്ഭവിക്കുന്നു. പശ്ചിമഘട്ടത്തിന്റെ നാശമാണ് നമ്മുടെ നദികളുടെ ആയുസ്സ് കുറക്കുന്നത്. വിവിധതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ് ലോകം ഇന്ന് പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്. കഴിഞ്ഞ 60 വർഷത്തിനിടെ മാത്രം ഇവിടുത്തെ 40 ശതമാനത്തോളം സസ്യജാലങ്ങൾ നാശോന്മുഖമായി.

കാടില്ലെങ്കിൽ പുഴയില്ല

ഈ നാശം ആദ്യം ബാധിച്ചത് കേരളത്തിലെ 44 നദികളെയാണ്. നദികളുടെ മരണത്തിന്റെ പ്രധാന കാരണം പണ്ട് മുതലേ നാം വായിച്ചും കേട്ടുമറിഞ്ഞതുപോലെ വനനശീകരണം തന്നെയാണെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലൊ. നദികളുടെ പ്രഭവ സ്ഥാനത്തെ ഉറവകൾ നശിക്കാൻ കാരണം മലനിരകളിലെ വ്യാപകമായ കൈയേറ്റമാണ്. തെക്കുപടിഞ്ഞാറ് നിന്ന് അറബിക്കടലിന് മുകളിലൂടെയുള്ള ഇടവപ്പാതിക്കാറ്റിനൊപ്പം വരുന്ന മേഘങ്ങൾ കടൽത്തീരത്തു നിന്ന് വായുവിലൂടെ കിഴക്കോട്ടു സഞ്ചരിച്ച് ഒടുവിൽ കാറ്റിന്റെ ഗതിക്കു വിഘാതം സൃഷ്ടിക്കുന്ന പശ്ചിമഘട്ട മല മുകളിലെത്തും. സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്ററെങ്കിലും ഉയരമുള്ള ആ മലകളിലെ നിത്യഹരിതവനങ്ങളാണ് കാറ്റിനെ തടുത്ത് അന്തരീക്ഷത്തെ തണുപ്പിച്ച് മഴ പെയ്യിച്ചിരുന്നത്. നിറഞ്ഞ് പെയ്യുന്ന ഈ മഴയിൽ പശ്ചിമ ഘട്ട മലനിരകൾ കുളിർക്കും. ഇവിടെ നിന്ന് പിന്നീട് വാർന്നു പോകുന്ന വെള്ളമാണ് നമ്മുടെ എല്ലാ നദീതടങ്ങൾക്കും രൂപം കൊടുത്തത്.

വേനലിലും വെള്ളം സംഭരിച്ച് സജീവമായി നിലനിർത്തിയിരുന്ന ഈ മലമുകളിലെ മരങ്ങളെ നിർദാക്ഷിണ്യം വെട്ടിയരിയുമ്പോൾ ഇങ്ങനെയൊരു ദുരന്തം മുൻകൂട്ടി കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാകും. ഇത് നദികളുടെ ആയുസ്സിന്റെ വലുപ്പം എളുപ്പം കുറച്ചു. ഏകവിളത്തോട്ടാങ്ങളായും പുൽമേടുകളായും ആദ്യമാദ്യം മാറിയ മലകൾ പിന്നീട് മൊട്ടക്കുന്നുകളായും ക്രമേണ സമതല പ്രദേശങ്ങളായും മാറിയതിനും മാറ്റുന്നതിനും ഇപ്പോഴും നമ്മൾ സാക്ഷിയാണ്. ഒരു പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനം കാത്തുസൂക്ഷിക്കാൻ ആകെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് ഭാഗം വനഭൂമിയായി സംരക്ഷിക്കേണ്ടതാണെന്ന് നാം എന്നേ എഴുതി പഠിച്ചതാണ്. എന്നിട്ടും താത്കാലിക ലാഭത്തിന് മുന്നിൽ മറന്നതായി ഭാവിച്ചു. നിർഭാഗ്യവശാൽ ഇപ്പോൾ കാടിന്റെ ധർമങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള കാടുകളുടെ വിസ്തൃതി കേരളത്തിൽ ആറ് ശതമാനം മാത്രമാണ്. ഒരു ഹെക്ടർ ഹരിതവനം രണ്ടര ലക്ഷം ലിറ്റർ വെള്ളം വേരുകളിൽ സൂക്ഷിച്ചു വെക്കുന്നുവെന്നാണ് കണക്ക്. കാടില്ലാതാകുമ്പോൾ പശ്ചിമഘട്ടത്തിലെ അന്തരീക്ഷ ആർദ്രത വളരെ വേഗം കുറയുന്നു. ഉണങ്ങിയ വായു മണ്ണിനെ ഉണക്കുന്നു. സസ്യസമൂഹങ്ങളിൽ നിന്ന് വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടുന്നതിന് വേഗത കൂടുന്നു. പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ മുമ്പ് ആറായിരം മില്ലിമീറ്റർ വരെ മഴ ലഭിച്ചിരുന്നുവെങ്കിൽ ഇന്ന് മഴയുടെ അളവ് കുറഞ്ഞ് ഈ പ്രദേശങ്ങൾ മരുവത്കരിക്കപ്പെട്ടു. എല്ലാറ്റിനും കാരണം വനമില്ലാത്തതാണെന്ന് നമുക്ക് അറിയാമെങ്കിലും വന നശീകരണവും ഖനനവും ഇപ്പോഴും നിർബാധം തുടരുന്നു.

കാടുകൾ നഷ്ടപ്പെടുന്നത് അപരിഹാര്യമാണെന്ന് കടലാസിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതല്ലാതെ ഒന്നും ചെയ്യാൻ നമുക്ക് കഴിയുന്നില്ല. കാടും മലകളും തന്നെയാണ് നദികളുടെ ജനനകേന്ദ്രം എന്നുറപ്പിക്കാൻ ഇപ്പോഴത്തെ നദികളുടെ ആവാസകേന്ദ്രങ്ങൾ ഒരിക്കലെങ്കിലും കണ്ടാൽ മതിയാകും. മണൽവാരൽ മാത്രമാണ് നദീനാശത്തിനിടയാക്കുന്നുവെന്ന് പറയുമ്പോൾ കാട് നശിക്കുന്നതിൽ ആരും അത്ര ഉത്കണ്ഠ കാട്ടുന്നില്ലല്ലോയെന്ന പരാതി ഉയരുന്നുണ്ട്. വന നശീകരണത്തിന് പുറമെ നദീതട കൈയേറ്റം, മാലിന്യ നിക്ഷേപം, കുന്നിടിക്കൽ, വയൽ നികത്തൽ, ജല ചൂഷണം ഇവയൊക്കെ പുഴകളുടെ ആയുസ്സ് കുറക്കുന്നതിന് വഴിതുറക്കുന്നുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടിൽ ജല ഉപഭോക്താക്കൾ മൂന്നോ നാലോ മടങ്ങായി. ജീവിതശൈലി കാരണം ആളോഹരി ഉപഭോഗം ഗണ്യമായി കൂടി. ഭക്ഷ്യാത്പാദനത്തിന്റെ ആവശ്യം ഏറിയതിനാൽ ജലസേചനത്തിനായി വലിയ ഒരളവ് വെള്ളം തിരിച്ചുവിടേണ്ടിവന്നു. പൊതുസ്ഥാപനങ്ങൾ, വ്യവസായങ്ങൾ, വാണിജ്യകേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിങ്ങനെ പുതിയ ഉപഭോക്താക്കൾ രംഗത്തുവന്നുകൊണ്ടേയിരിക്കുന്നു. ജനവാസം ഉള്ളിടങ്ങളിലൊക്കെ നഗരവത്കരണമായി. കാർഷിക രാസമാലിന്യങ്ങളും ഗാർഹിക മനുഷ്യമാലിന്യങ്ങളുമെല്ലാം ഒഴുകിയെത്തുന്നതും മനഃപൂർവം കൊണ്ടിടുന്നതും ചതുപ്പുകളിലേക്കോ നീർച്ചാലുകളിലേക്കോ ആകുന്നു. ഇടനാട്ടിലൊരിടത്തും മഴക്കാലം കഴിഞ്ഞാൽ പുഴകളിലേക്ക് വെള്ളമെത്തുന്നില്ല. കുന്നുകളിൽ റബ്ബർ കൃഷി മാത്രമേയുള്ളൂ. ജൈവാംശമുള്ള മണ്ണും ഉറവകളും കുന്നുകൾക്ക് പൂർണമായി നഷ്ടപ്പെട്ടു. ചെങ്കൽക്കുന്നുകൾ എല്ലായിടത്തും കല്ലുവെട്ടു കുഴികളായി. ഒഴുകിയെത്തുന്ന പുഴ പലയിടത്തും പിടഞ്ഞ് പിടഞ്ഞില്ലാതായി. എല്ലാ പുഴകളുടെയും തുടക്കം മലകളിലൂടെയുള്ള കുതിച്ചൊഴുക്കാണ്. പിന്നീട് ചെറിയ കുന്നുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ് ഒഴുകുന്നു. ഇതിനിടയിലെവിടെയെങ്കിലുമാണ് പുഴയെ അറിഞ്ഞും അറിയാതെയും നാം കൊല്ലുന്നത്. നിറഞ്ഞൊഴുകിയ നിള തന്നെ ഇതിനുദാഹരണം.

നമ്മുടെ നാട്ടിലെ നദികളെ ശരിയായ രീതിയിൽ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. കേരളത്തെപ്പോലെ നദികളാൽ സമ്പന്നമായൊരു ഭൂപ്രദേശം ലോകത്തു തന്നെ കുറവാണ്. കേരളത്തിൽ തെക്കു നിന്നു വടക്കോട്ട് യാത്ര ചെയ്താൽ ഓരോ 15 കിലോമീറ്ററിലും ഒരു പുഴയെങ്കിലും മുറിച്ചു കടന്നിട്ടുണ്ടാകണം.

എത്ര ചെറുതാണെങ്കിലും ഇവയുടെ ധർമമെന്തെന്ന് പഠിക്കാൻ ശ്രമിക്കണം. പുഴയുടെ നിലക്കാത്ത ഒഴുക്ക് കാലഘട്ടങ്ങൾക്കും സംസ്‌കൃതികൾക്കും മുകളിലൂടെയുള്ള നിരന്തര പ്രവാഹമാണെന്ന് അപ്പോൾ തിരിച്ചറിയാനാകും. തീരങ്ങൾ സാക്ഷിയായി ജനജീവിതം എങ്ങനെയുണ്ടായെന്ന് കാണാൻ കഴിയും. സസ്യ- ജന്തു വൈവിധ്യങ്ങൾ, പക്ഷികൾ, മണ്ണ്, കടവുകൾ, കൃഷി, ജലസേചനം അങ്ങനെ എന്തെല്ലാം വൈവിധ്യമാർന്ന കാഴ്ചകളിലൂടെയായിരിക്കും പുഴയുടെ സഞ്ചാരം. മാറിലടിഞ്ഞ മാലിന്യക്കൂമ്പാരങ്ങളാൽ മെയ് തളർന്ന്, ഒഴുകാൻ വഴിയില്ലാതെ അന്ത്യനിമിഷങ്ങളെണ്ണിക്കഴിയുന്ന പുഴയുടെ ദയനീയത ചിലപ്പോൾ ഹൃദയമുള്ളവരെ ഒന്നു പൊട്ടിക്കരയാൻ പ്രേരിപ്പിച്ചെന്നും വരും. കേരളത്തിൽ ഇപ്പോൾ ഏഴ് നദികളാണത്രെ മരണം കാത്തുകിടക്കുന്നത്. പെരിയാർ, ഭാരതപ്പുഴ, ചാലിയാർ, വളപട്ടണം, ചാലക്കുടി, പമ്പ, കബനി എന്നിവയാണവ. ഇവയുടെ പട്ടികയിലേക്ക് വൈകാതെ കൂടുതൽ പുഴകൾ ഒഴുകിയെത്തും. ചുവന്ന പട്ടികയിൽപ്പെട്ട ഇത്തരം നദികൾ പുനരുജ്ജീവിപ്പിക്കുകയെന്നത് വലിയ പ്രയാസമായതിനാൽ കേരളത്തിൽ വരാനിരിക്കുന്ന ആപത്ത് എത്രയാണെന്ന് ഊഹിക്കാനാകുമല്ലോയെന്നാണ് ഗവേഷകർ പറയുന്നത്. പ്രകൃതിയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള മനുഷ്യർ ഒന്നു നിനച്ചിറങ്ങിയാൽ എന്തെങ്കിലുമൊക്കെ ചെയ്യാനാകില്ലെ, ആകുമെന്ന് ആർക്കുമത്ര ഉറപ്പുമില്ല. നിറഞ്ഞ പുഴയിൽ പെയ്യുന്ന മഴയും പുഴയിലെ കുളിർ കാറ്റും ഹരിതാഭയണിഞ്ഞ തീരഭൂമിയും ഇനി സ്വപ്‌നങ്ങളിൽ മാത്രം കാണേണ്ടി വരുമോ…?

നാം പുഴകളെ സ്‌നേഹിക്കുന്നുണ്ടോ?

പുഴയെ വല്ലാതെ പ്രണയിച്ച പഴയ തലമുറയുടെ രണ്ട് പ്രതീകങ്ങളെ പരിചയപ്പെടാം. കട്ട പിടിച്ച ഇരുട്ടിനെ വകഞ്ഞു മാറ്റി അബൂക്ക ഉയർത്തിപ്പിടിച്ച റാന്തലിന്റെ വെളിച്ചം കടവത്തേക്ക് പരന്നു. പുകയുടെ ചുളിവീണ ആ ചെറു പ്രകാശത്തിൽ പുലർച്ചെ കടവത്തെത്തിയവർ അലിഞ്ഞു ചേർന്നു. ഉണങ്ങിയ മണ്ണിലേക്ക് തലേന്നു തൂകിയ പുതുമഴയുടെ മണം ഇളം മഞ്ഞിനിടയിൽ ഇഴഞ്ഞ് നടന്നു.
അക്കരക്കടവിലെ ആൽച്ചുവട്ടിൽ നിർത്തിയിട്ട ആദ്യ ബസ് ഇപ്പോൾ ഒരു പൊട്ടു പോലെ നേർത്തു കാണാം. അത് ലക്ഷ്യമാക്കി കടവിലെത്തിയവരിൽ മുമ്പൻ കണാരേട്ടനായിരുന്നു. പതച്ചു തൂവുന്ന പാൽപ്പാത്രവുമായി അയാൾ ഒതുക്കു കല്ലിലിരിപ്പുറപ്പിച്ചു.

തീവണ്ടിയാപ്പീസിലേക്കും അങ്ങാടിയിലേക്കും പോകേണ്ടവർ ചരൽക്കുന്നിറങ്ങി കടവിലെത്തി. റാന്തലിന്റെ തിരി താഴ്ത്തി. അബൂക്ക തോണിയടുപ്പിച്ചു. പാൽപ്പാത്രം തോണിയിൽ വച്ച് കണാരേട്ടൻ കുളിർ ജലത്തിൽ നന്നായൊന്ന് മുഖം കഴുകി. അയാളുടെ ഉറക്കച്ചടവ് പുഴയുടെ തണുപ്പിൽ ഞെട്ടിപ്പിടഞ്ഞു.
അബൂക്കയുടെ ജലയാനം പതുക്കെ നീങ്ങിത്തുടങ്ങി. തുറന്ന ആകാശമേലാപ്പിൽ അപ്പോൾ ഒറ്റപ്പെട്ട നക്ഷത്രങ്ങൾ കണ്ണുചിമ്മുന്നുണ്ടായിരുന്നു. ഇടക്ക് ഒന്നോ രണ്ടോ കൊള്ളിമീനുകൾ ആകാശവിശാലതയിലൂടെ ഒരു മിന്നൽ പോലെ ഊളിയിട്ടു. പുഴയിലെ കുഞ്ഞോളങ്ങളുടെ മൃദുസ്വരം നിശബ്ദതയെ കീറിമുറിച്ചു. ആരും മിണ്ടാത്തിടത്തു നിന്ന് പതിവു പോലെ അബൂക്ക പറഞ്ഞു തുടങ്ങി; പുഴയുടെ ആ പഴയ കഥ. താഴ്‌വരകളിൽ വെയിലിന്റെ മേച്ചിൽ പുറങ്ങൾ മുറിഞ്ഞ് മേഘങ്ങൾ ഭൂമിക്കു മീതെ പടർന്ന് തണുത്ത് വിറയാർന്ന കാറ്റു വീശി പെയ്യുന്നതും പിന്നെ മണ്ണിലെ വർണങ്ങളാകെ മാറുന്നതും പുഴ നിറഞ്ഞൊഴുകുന്നതും. അബൂക്ക പറയുമ്പോൾ കണാരേട്ടൻ കൂട്ടിച്ചേർക്കും. മഴയത്ത് നനഞ്ഞൊലിച്ച് പുഴയിൽ നീന്തിയാർത്ത കാലം.

തണുത്തുറഞ്ഞൊരു വർഷസന്ധ്യയിൽ ചെമ്മണ്ണു നിറഞ്ഞ ഇടവഴി പുഴയായി ഒഴുകിയപ്പോൾ പുഴയും കരയും തിരിച്ചറിയാനാകാതെ മുങ്ങി നിവർന്ന കുട്ടിക്കാലം. അങ്ങനെ പാട്ടും കഥയുമായി തോണി അക്കരെയെത്തും. അപ്പോൾ മഞ്ഞും നിലാവും പുണർന്നുറങ്ങിയ രാവ് പതിയെ ഉണർന്നെണീക്കും. അബൂക്കയുടെ ഭാഷയിൽ പറഞ്ഞാൽ “പുഴയും ചിരിച്ചുണരും.” അബൂക്കയും കണാരേട്ടനും സാങ്കൽപ്പിക കഥാപാത്രങ്ങളല്ല. മലമുകളിൽ ഉറവ പൊട്ടി കൂർത്ത കല്ലുകളെ തഴുകിയൊഴുകി ഉടൽ മുറിഞ്ഞ പുഴയുടെ ജനനം അവർ കണ്ടിരുന്നു. ചെളിക്കും ചരലിനും വെള്ളാരംകല്ലിനും കണ്ണാടിയായി അത് ഒഴുകുന്നതും ജീവിത കാലം മുഴുവൻ കണ്ടു. നാടിന്റെ ദാഹം തീർക്കാൻ ഒഴുകിയെത്തിയ പുഴയുടെ ഗതിയിൽ, കാറ്റിന്റെ കനിവിൽ ജീവിതങ്ങൾ തളിർക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും അവർ അനുഭവിച്ചറിഞ്ഞു.

എന്നാൽ, പുഴക്ക് കുറുകെ പാലം വരുമ്പോഴും കടവിലെ നനഞ്ഞ മണ്ണ് കറുത്ത പാതയായി പരിണമിച്ചപ്പോഴും അവർ ആകുലപ്പെട്ടില്ല. തോണിയിലെ പാട്ടും കഥയും കേൾക്കാനാളില്ലാത്തപ്പോൾ സങ്കടപ്പെട്ടില്ല. അവർ തമ്മിൽ തമ്മിൽ കഥ പറഞ്ഞു. പക്ഷെ, പുഴയൊഴുകിയ വഴിയിലെ അപശകുനങ്ങൾ ആരെക്കാളും മുമ്പെ തിരിച്ചറിയാൻ അബൂക്കക്കും കണാരേട്ടനും കഴിഞ്ഞിരുന്നു. ഉറവ കൊട്ടിയടച്ചതും വെള്ളാരംകല്ലുകൾക്ക് മീതെ ചെമ്മണ്ണ് നിറച്ചതും മണൽത്തിട്ടകൾ ഇടിഞ്ഞു വീണതും മാലിന്യക്കെട്ടുകൾ പുഴയുടെ വഴിമുടക്കിയതും ആദ്യം കണ്ടത് അബൂക്കയും കണാരേട്ടനും പ്രതിനിധാനം ചെയ്ത പഴയ കാലമായിരുന്നു. അവരുടെ വിലാപങ്ങൾക്ക് ആരും അന്ന് ചെവി കൊടുത്തില്ല. അവർ ന്യൂജനറേഷനല്ലെന്നും കെട്ട കാലത്തെ വെറും പ്രതീകങ്ങളാണെന്നും പരിഹസിച്ചു.

തൊണ്ട വരണ്ടപ്പോൾ പഴയ പച്ചയിലേക്ക് പോകണമെന്ന് പറഞ്ഞ് ആർത്തലച്ച് നാം അബൂക്കയെയും കണാരേട്ടനെയും പരതി നടന്നു. നനഞ്ഞ് കുഴഞ്ഞ് ശ്വാസം മുട്ടിയുള്ള പുഴയുടെ മരണം കാണാൻ പുഴസമൃദ്ധിയിൽ ജീവിച്ച അവർക്ക് കഴിയുമായിരുന്നില്ല. അവർ അപ്പോഴേക്കും കാലത്തിനൊപ്പം നടന്ന് മറഞ്ഞിരുന്നു. പിന്നെപ്പിന്നെ വരണ്ട മണൽത്തട്ടിൽ പുഴയുടെ പതിഞ്ഞ നെടുവീർപ്പുകളുയരാൻ തുടങ്ങി. എങ്ങോ പോയ്മറഞ്ഞ പൈതൃകത്തെയും പുഴയെയും തിരിച്ചു വിളിക്കാൻ ഇപ്പോൾ ധൃതിപ്പെടുമ്പോൾ, എന്തിനാണ് പുഴയെ കൊന്നു കളഞ്ഞതെന്ന അബൂക്കയുടെയും കണാരേട്ടന്റെയും പഴയ ആ ചോദ്യത്തിനു മുമ്പിൽ നമ്മൾ വല്ലാതെ വിയർക്കുന്നുണ്ട്.

സി വി സാജു

sajuponnaran@gmail.com

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി