Gulf
ട്രക്കിന് പിറകില്‍ കാറിടിച്ച് സ്വദേശി യുവതി മരിച്ചു

ദുബൈ: ദുബൈയില്‍ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ സ്വദേശി യുവതി മരണപ്പെട്ടു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കിന് പിറകില്‍ താന്‍ ഓടിച്ച കാറിടിച്ചാണ് 23 കാരി മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30ഓടെ അല്‍ ഖവാനീജ് റോഡില്‍ മിര്‍ദിഫ് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായതെന്ന് പോലീസ് ഓപെറേഷന്‍ വിഭാഗം അറിയിച്ചു.
സംഭവമറിഞ്ഞെത്തിയ പോലീസ് പട്രോള്‍ സംഘവും പാരാമെഡിക്സ് ഗ്രൂപ്പും യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. യുവതി ഓടിച്ചിരുന്ന കാര്‍, ട്രക്കിന് പിറകെ ഇടിച്ചതിനെ തുടര്‍ന്ന് പൂര്‍ണമായും തകര്‍ന്നിരുന്നു. നിയമ നടപടികള്‍ക്ക് ശേഷം യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇശാ നമസ്‌കാരത്തിന് ശേഷം അല്‍ ഖൂസ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് നിസ്‌കാരം നിര്‍വഹിക്കുകയും ഖബറടക്കം നടത്തുകയും ചെയ്തു. അപകട കാരണത്തെ കുറിച്ച് ദുബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ സഹപാഠികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആദരാഞ്ജലികള്‍ അര്‍പിച്ചു. ഞങ്ങളുടെ പോസ്റ്റ് ഗ്രാഡ്വേഷന്‍ വിദ്യാര്‍ഥിയുടെ അകാല മരണം ഞങ്ങളെ ദുഃഖാര്‍ദ്രമാക്കിയിട്ടുണ്ട്. മികച്ച പഠന നിലവാരം പുലര്‍ത്തുന്ന ഞങ്ങളുടെ വിദ്യാര്‍ഥിയുടെ മരണം ഞങ്ങള്‍ക്ക് വന്‍ നഷ്ടം വരുത്തി. സര്‍വകലാശാല അധികൃതര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.