യു പിയില്‍ ബി എസ് പി-എസ് പി സീറ്റ് ധാരണയായി

Posted on: February 21, 2019 5:11 pm | Last updated: February 21, 2019 at 8:19 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലെ സീറ്റുകള്‍ സംബന്ധിച്ച് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ധാരണയിലെത്തി. സംസ്ഥാനത്ത് ആകെയുള്ള 80 പാര്‍ലിമെന്റ് സീറ്റുകളില്‍ 75ലാണ് ധാരണയിലെത്തിയത്. ഇതുപ്രകാരം ബി എസ് പി 38ലും എസ് പി 37ലും ജനവിധി തേടും.

ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായ അമേത്തിയും റായ്ബറേലിയും കോണ്‍ഗ്രസിനു നല്‍കിയ വാഗ്ദാന പ്രകാരം മാറ്റിവച്ചിട്ടുണ്ട്. ബാക്കിയുള്ള മൂന്നു സീറ്റുകള്‍ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളിനു നല്‍കുമെന്നാണ് സൂചന. ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി തലവന്‍ അഖിലേഷ് യാദവും സംയുക്തമായാണ് പട്ടിക പുറത്തുവിട്ടത്. ഇതോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനു വേദിയൊരുങ്ങി.

അതേസമയം, യു പിയിലെ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ സീറ്റ് വിഭജന കാര്യത്തില്‍ മായാവതിയുടെ ഭാഗത്തു നിന്ന് പുനരാലോചനയുണ്ടാകുമെന്നാണ് കോണ്‍ഗ്രസിലെ വലിയൊരും വിഭാഗം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. എന്നാല്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനോട് അസംതൃപ്തിയുള്ള മായാവതി വഴങ്ങില്ലെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞാഴ്ച മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാറിനെ അവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ധാരണ പ്രകാരം ലക്‌നൗ, കാന്‍പൂര്‍, അലഹബാദ്, ഝാന്‍സി തുടങ്ങിയ പ്രധാനപ്പെട്ട ചില മണ്ഡലങ്ങളില്‍ എസ് പി മത്സരിക്കുമെന്നാണ് കരുതുന്നത്. ഇതിനു പുറമെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിര്‍ണായക സ്വാധീനമുള്ള ഗോരക്പൂരിലും പാര്‍ട്ടി ജനവിധി തേടും. മീറത്ത്, ആഗ്ര, ഗൗതം ബുദ്ധ് നഗര്‍, (നോയിഡ), അലിഗഢ്, സഹരന്‍പൂര്‍ തുടങ്ങിയവയായിരിക്കും മായാവതിയുടെ പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടവ.