ഉദ്ഘാടനം ചെയ്ത് രണ്ടാം ദിനം വന്ദേഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി

Posted on: February 16, 2019 12:17 pm | Last updated: February 16, 2019 at 7:05 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേഭാരത് ഉദ്ഘാടനം ചെയ്ത് രണ്ടാം ദിനം തന്നെ വഴിയില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ തുണ്ട്‌ല ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. വാരാണാസിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രക്കിടെ ട്രെയിനിന്റെ അവസാന കോച്ചുകളിലെ ബ്രേക്ക് തകരാറിലായതാണ്‌ പ്രശ്‌നത്തിന് കാരണം. തുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന എന്‍ജിനീയര്‍മാര്‍ പരിശോധന നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മറ്റ് രണ്ട് ട്രെയിനകളിലായി യാത്രക്കാരെ ഡല്‍ഹിയിലെത്തിച്ചു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിന്‍ ഫ്‌ളാഗ്
ഓഫ് ചെയ്തത്. ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് ഫഌഗ് ഓഫ് നിര്‍വഹിച്ചത്. ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്ക് ഒമ്പത് മണിക്കൂര്‍ 45 മിനുട്ട് കൊണ്ട് ഓടിയെത്തുതാണ് ട്രെയിന്‍. യാത്രക്കിടയില്‍ കാപൂരിലും അലഹബാദിലുമുള്ള 40 മിനുട്ട് വീതമുള്ള ഇടവേള ഉള്‍പ്പെടെയാണ് ഈ സമയം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ 16 എ സി കോച്ചുകളാണുള്ളത്. 1,128 പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കുക. വന്ദേഭാരത് എക്‌സ്പ്രസിലെ എല്ലാ കോച്ചുകളിലും ഓട്ടോോമാറ്റിക് വാതിലുകള്‍, ജി പി എസ് അധിഷ്ഠിത ഓഡിയോ വിഷ്വല്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയവയുണ്ട്.

ഓരോ സീറ്റിലെയും വെളിച്ചം അതത് യാത്രക്കാര്‍ക്ക് ക്രമീകരിക്കാനാകും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് ബുക്കിംഗ്. ചെയര്‍കാര്‍ ടിക്കറ്റിന് 1,760 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 3,310 രൂപയുമാണ് നിരക്ക്. ചെയൈിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേ ഭാരത് എക്‌സ്പ്രസ് നിര്‍മിച്ചത്. 18 മാസം കൊണ്ടായിരുന്നു നിര്‍മാണം.