പുല്‍വാമ ഭീകരാക്രമണം: സര്‍വകക്ഷി യോഗം ഇന്ന്

Posted on: February 16, 2019 9:49 am | Last updated: February 16, 2019 at 12:00 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ കിരാതമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് പാര്‍ലിമെന്റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗം. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനാകും. ഭീകരാക്രമണത്തിന് എങ്ങനെ തിരിച്ചടി നല്‍കാമെന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇനി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കുകയെന്നതും യോഗം ലക്ഷ്യമിടുന്നു. സര്‍ക്കാരും സൈന്യവും കൈക്കൊള്ളുന്ന നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് മോദി സര്‍ക്കാരിന്റെ കാലത്ത് സര്‍വകക്ഷിയോഗം വിളിക്കുന്നത്. സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയ ശേഷം അതിനെക്കുറിച്ച് വിശദീകരിക്കാനാണ് ആദ്യത്തെ തവണ സര്‍വകക്ഷിയോഗം വിളിച്ചത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ സുരക്ഷാ സമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനും അതിര്‍ത്തിയില്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതും അടക്കമുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ, ധനമന്ത്രിമാര്‍ക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവലും മൂന്ന് സേനാ മേധാവികളും പങ്കെടുത്തു.