Connect with us

National

ബംഗാളില്‍ സി ബി ഐയെ തടഞ്ഞ ഐ പി എസ് ഉദ്യോഗസ്ഥരുടെ പട്ടിക തേടി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി: ചിട്ടി തട്ടിപ്പു കേസില്‍ കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി ബി ഐ ഉദ്യോഗസ്ഥരെ പോലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന സ്ഥിതിഗതികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് കൊല്‍ക്കത്ത പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സി ബി ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐ പി എസ് ഉദ്യോഗസ്ഥരുടെ പട്ടിക നല്‍കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായ സംഭവത്തില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനാണ് സി ബി ഐ സംഘം കൊല്‍ക്കത്തയിലെത്തിയത്. ഈ കേസുകള്‍ അന്വേഷിച്ച പോലീസ് സംഘത്തിന് നേതൃത്വം നല്‍കിയത് രാജീവ് കുമാറായിരുന്നു.

രേഖകള്‍ അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷണര്‍ക്ക് പല തവണ സി ബി ഐ സമന്‍സ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ സി ബി ഐ സംഘം നേരിട്ട് രാജീവ് കുമാറിന്റെ വസതിക്കു മുമ്പിലെത്തുകയായിരുന്നു. എന്നാല്‍, സംഘത്തെ വീടിനകത്തേക്കു കടത്തിവിടാന്‍ അവിടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സി ബി ഐ സംഘത്തെ ബലം പ്രയോഗിച്ച് പാര്‍ക്ക് സ്ട്രീറ്റ്, ഷേക്‌സ്പിയര്‍ പോലീസ് സ്റ്റേഷനുകളിലേക്കു കൊണ്ടുപോയി. നാടകീയ നീക്കങ്ങള്‍ക്കു ശേഷം സംഘത്തെ മോചിപ്പിച്ചു.