Connect with us

National

ബോളിവുഡ് നടന്‍ കാദര്‍ഖാന്‍ നിര്യാതനായി

Published

|

Last Updated

മുംബൈ: പ്രശസ്ത ബോളിവുഡ് സിനിമാ നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) നിര്യാതനായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കാനഡയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നു രാവിലെയാണ് മരിച്ചത്. നടനും നിര്‍മാതാവുമായി സര്‍ഫറാസ് ഖാനാണ് മരണ വിവരം സ്ഥിരീകരിച്ചത്.

1937 ഡിസം: 11ന് കാബൂളില്‍ ജനിച്ച കാദര്‍ഖാന്‍ 1973ല്‍ ദാഗ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് മുന്നൂറോളം സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് വേഷമിട്ട് അഭ്രപാളികളില്‍ തിളങ്ങി. ഏറെയും കോമഡി, വില്ലന്‍ വേഷങ്ങളാണ് ചെയ്തത്. മികച്ച ഹാസ്യ താരം, സംഭാഷണ രചന എന്നിവക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 250 സിനിമകള്‍ക്ക് സംഭാഷണം എഴുതിയിട്ടുണ്ട്.

മന്‍മോഹന്‍ ദേശായിയോടൊത്ത് ധരംവീര്‍, ഗംഗ ജമുന സരസ്വതി, കൂലി, ദേശ് പ്രേമി, സുഹാഗ്, പര്‍വറിഷ്, അമര്‍ അക്ബര്‍ ആന്റണി പ്രകാശ് മെഹ്‌റയുമായി ചേര്‍ന്ന് ജ്വാലാമുഖി, ശരാബി, ലാവാരിസ്, മുഖദ്ദര്‍ കാ സിക്കന്തര്‍ തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. ആന്റി നമ്പര്‍ വണ്ണാണ് അവസാനം തിരക്കഥയെഴുതിയ സിനിമ. ഭാര്യ:അസ്‌റഖാന്‍.