സി ബി ഐക്കെതിരെ മിന്നലാക്രമണം

Posted on: October 26, 2018 9:27 am | Last updated: October 26, 2018 at 9:27 am

നോട്ട് നിരോധനത്തെ ഓര്‍മിപ്പിക്കുന്ന സര്‍ക്കാറിന്റെ മറ്റൊരു അസാധാരണ പാതിരാ നടപടിയാണ് സി ബി ഐ തലപ്പത്തെ അഴിച്ചു പണി. ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമന സമിതിയാണ് സി ബി ഐ ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും മാറ്റി എം നാഗേശ്വര്‍ റാവുവിനെ പുതിയ ഡയറക്ടറായി നിമയിക്കാന്‍ തീരുമാനിച്ചത്. നിയമന ഉത്തരവ് വന്ന് നിമിഷങ്ങള്‍ക്കകം പുതിയ ഡയറക്ടര്‍ വന്‍ പോലീസ് അകമ്പടിയോടെ സി ബി ഐ ആസ്ഥാനത്തെത്തി സ്ഥാനം ഏല്‍ക്കുകയും ചെയ്തു. സി ബി ഐ യുടെ ചരിത്രത്തില്‍ ആദ്യമായാണ് തലപ്പത്തെ രണ്ട് ഉന്നതരെ ഒരേസമയം പുറത്താക്കുന്നത്.

ലോക്പാല്‍ നിയമം നിഷ്‌കര്‍ഷിക്കുന്നതനുസരിച്ച് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവുമടങ്ങുന്ന സമിതിയാണ് സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കേണ്ടത്. ഈ സമിതിക്കല്ലാതെ കേന്ദ്ര സര്‍ക്കാറിന് ഏകപക്ഷീയമായി ഡയറക്ടറെ നിയമിക്കാനും പുറത്താക്കാനും അധികാരമില്ലെന്നാണ് നിയമ വൃത്തങ്ങളുടെ പക്ഷം. സുപ്രധാന കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സുപ്രീം കോടതിയെ മുന്‍കൂട്ടി അറിയിക്കണമെന്ന് കോടതി നിര്‍ദേശവുമുണ്ട്. ഈ സംഭവത്തില്‍ സര്‍ക്കാര്‍ ഇതെല്ലാം ലംഘിച്ചിരിക്കുകയാണ്. ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയുള്ള സര്‍ക്കാറിന്റെ അസാധാരണമായ ഈ പാതിരാ നടപടിക്ക് എന്താണ് പ്രേരകം? അലോക് വര്‍മയും അസ്താനയും തമ്മിലുളള ഭിന്നത മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത നിലനിര്‍ത്താനാണ് മാറ്റങ്ങളെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി വി സി) ശിപാര്‍ശപ്രകാരമാണ് ഇത് നടപ്പാക്കിയതെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വിശദീകരണം.

എന്നാല്‍, റാഫേല്‍ വിമാന ഇടപാട് അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അഴിമതിയാരോപണം നേരിടുന്ന സി ബി ഐ ഉന്നതനും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയെ രക്ഷപ്പെടുത്തലുമാണ് ഇളക്കി പ്രതിഷ്ഠയുടെ പിന്നിലെന്നാണ് രാഷ്ട്രീയ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. റാഫേലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ ഈ മാസം നാലിന് സി ബി ഐ ഡയറക്ടറായിരുന്ന അലോക് വര്‍മക്ക് നേരിട്ട് ഹരജി നല്‍കിയിരുന്നു. വര്‍മക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സമയബന്ധിതമായി ഇതിന്റ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് മൂവരും സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

അലോക് വര്‍മ റാഫേല്‍കേസ് അന്വേഷിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയത്തോട് ഇതുസംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടതുമായാണ് വിവരം. കോടതി മേല്‍ ഹരജി അംഗീകരിക്കുകയും വര്‍മയുടെ നേതൃത്വത്തില്‍ സി ബി ഐ അന്വേഷണം നടക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ വെള്ളം കുടിക്കേണ്ടി വരുമെന്നുറപ്പ്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനാണ് വര്‍മയെന്നതിനാല്‍ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാറിന് സാധ്യമായെന്നു വരില്ല. അതേ സമയം നിരവധി അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ച ഉദ്യോഗസ്ഥനാണ് പുതുതായി നിയോഗിക്കപ്പെട്ട നാഗേശ്വര്‍ റാവു. ഒഡീഷ്യയില്‍ അഗ്നിശമന സേന അഡീഷനല്‍ ഡയറക്ടറായിരിക്കെ യൂനിഫോം അഴിമതി, വ്യാജ രേഖകള്‍ ഉപയോഗിച്ച് ഒഡീഷ്യയില്‍ ഭൂമി സ്വന്തമാക്കിയത്, വ്യാജകമ്പനികള്‍ വഴി ഭാര്യയുടെ പേരില്‍ സ്വത്ത് വാങ്ങിയത് തുടങ്ങി ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ റാവുവിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഡയറക്ടര്‍ സ്ഥാനത്ത് നിന്നു പുറത്താക്കപ്പെട്ട അലോക് കുമാര്‍ വര്‍മ റാവുവിനെതിരായ ആരോപണങ്ങളില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടതായിന്നു. കേന്ദ്ര വിജിലന്‍സ് ഡയറക്ടര്‍ കെ വി ചൗധരി അനുമതി നിഷേധിക്കുകയാണുണ്ടായത്. ഇതേ ചൗധരിയാണിപ്പോള്‍ വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.

അഴിമതിയുടെ കറപുരണ്ട ഉദ്യോഗസ്ഥര്‍ സി ബി ഐയുടെ തലപ്പത്ത് വന്നാല്‍ സര്‍ക്കാറിന് സ്വാധീനിക്കാന്‍ എളുപ്പമാണെന്നതായിരിക്കണം നാഗേശ്വര്‍ റാവുവിന് നറുക്ക് വീഴാന്‍ ഇടയാക്കിയതെന്നാണ് പ്രതിപക്ഷ ആരോപണം. രാകേഷ് അസ്താനയുടെ അഴിമതിക്കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട സി ബി ഐ ഉദ്യോഗസ്ഥരെ ഒന്നടങ്കം സ്ഥലം മാറ്റുകയായിരുന്നു അധികാരമേറ്റ ഉടന എം നാഗേശ്വര്‍ റാവുവിന്റെ ആദ്യ നടപടിയെന്നത് ഈ വാദത്തെ സാധൂകരിക്കുന്നു. അലോക് വര്‍മ ഡയറക്ടര്‍ ആസ്ഥാനത്ത് നിന്ന് വിരമിച്ചാല്‍ നിയമിതനാകേണ്ടിയിരുന്നത് രണ്ടാമനെന്ന നിലയില്‍ രാകേഷ് അസ്താനയായിരുന്നു. ഹവാല ആരോപണത്തില്‍ അസ്താന അകപ്പെട്ടതും കേസ് അന്വേഷിക്കാന്‍ വര്‍മ ഉത്തരവിട്ടതും അദ്ദേഹത്തിന്റെ ഡയറക്ടര്‍ പദവിക്ക് തടസ്സമാകും. വര്‍മക്കെതിരായ മിന്നലാക്രമണത്തിനു പിന്നില്‍ ഈയൊരു കാരണവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

നിയമപരമായുള്ള കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റിയ നടപടി ചട്ടലംഘനമാണെന്നു കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് വര്‍മ. പ്രമുഖ അഭിഭാഷകനായ ഗോപാല്‍ ശങ്കര്‍ നാരായണന്‍ വഴി നല്‍കിയ ഹരജി കോടതി ഇന്നാണ് പരിഗണനക്കെടുക്കുന്നത്. ഹരജി സ്വീകരിച്ച് വര്‍മയെ മാറ്റിയ നടപടി കോടതി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്താല്‍ സര്‍ക്കാറിന് അത് കനത്ത തിരിച്ചടിയാകും. ഏതായാലും സി ബി ഐയുടെ വിശ്വാസ്യതക്കും സ്വാതന്ത്ര്യത്തിനും മേലുള്ള നീതികരിക്കാനാവാത്ത കടന്നുകയറ്റമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയത്. സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചത് പോലെ കൂട്ടിലടച്ച തത്തയായി മാറിയിരിക്കുകയാണ് ഇതോടെ ഈ അന്വേഷണ ഏജന്‍സി.