ശബരിമലയിലെ അക്രമം: 126 പേര്‍ അറസ്റ്റില്‍; എഴുന്നൂറോളം പേര്‍ക്കെതിരെ കേസ്

Posted on: October 25, 2018 11:25 am | Last updated: October 25, 2018 at 11:49 am

കൊച്ചി: സ്ത്രീ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. സംസ്ഥാന വ്യാപകമായി 126 പേരാണ് അറസ്റ്റിലായത്. എറണാകുളം റൂറലില്‍ 75 പേരും തൃപ്പൂണിത്തുറയില്‍ 51 പേരുമാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയിലാണ് കൂടുതല്‍ അറസ്റ്റുകളുണ്ടായത്. സംസ്ഥാന ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

തുലാമാസ പൂജക്കിടെ ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതികളുടെ ഫോട്ടോ പോലീസ് പുറത്ത് വിടുകയും ചെയ്തു.  210 പേരുടെ ഫോട്ടോ പത്തനംതിട്ട പോലീസാണ് പ്രസിദ്ധീകരിച്ചത്. വിവിധ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഫോട്ടോ കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളിലും യുവതികളെ തടഞ്ഞതിലും പ്രതികളായ മുഴുവനാളുകളെയും അറസ്റ്റ് ചെയ്യാന്‍ ഡി ജി പി നിര്‍ദേശിച്ചിരുന്നു.
146 കേസുകളിലായി എഴുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

സംഘം ചേര്‍ന്നുള്ള അക്രമം, നിരോധനാജ്ഞ ലംഘിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം തുടങ്ങിയ വകുപ്പുകളിലാണ് കേസ്.