കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന്

Posted on: October 5, 2018 12:10 pm | Last updated: October 5, 2018 at 3:11 pm

കണ്ണൂര്‍: പുതുതായി പണി കഴിപ്പിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് നടക്കും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. അതേ സമയം ഉദ്ഘാടകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഉദ്ഘാടന ശേഷം കുറച്ച് ദിവസങ്ങള്‍ക്കകം ഇവിടെനിന്നുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ തുടങ്ങും. 2,300 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ആധുനിക സൗകര്യങ്ങളോട് കൂടി വിമാനത്താവളത്തിനവ് 3,050 മീറ്റര്‍ റണ്‍വേയാണ് ഇപ്പോഴുള്ളത്.

അന്താരാഷ്ട്രാ കാര്‍ഗോ കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തിലധികം ചതുരശ്രയയടിയാണിതിനുള്ളത്. ബോയിംഗ് 777 പോലുള്ള വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങുന്നതിനുള്ള സൗകര്യം വിമാനത്താവളത്തിലുണ്ട്. ഇരുപത് വിമാനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനാകും. വിശാലമായ വാഹന പാര്‍ക്കിംഗ് സൗകര്യവുമുണ്ട്. വിമാനത്താവളത്തിനുള്ള ഏറോഡ്രോം ലൈസന്‍സ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിരിക്കുന്നത്.