അബുദാബി: യു എ ഇ സ്‌പേസ് ഏജന്‍സിയും അമേരിക്കയുടെ ബഹിരാകാശ വിഭാഗമായ നാസയും ചരിത്രപരമായ കരാറില്‍ ഒപ്പിട്ടു. ബഹിരാകാശ ഗവേഷണങ്ങളും ബഹിരാകാശ യാത്രകളുമായും ബന്ധപ്പെട്ട പരസ്പര സഹകരണത്തിനാണ് കഴിഞ്ഞ ദിവസം കരാറൊപ്പിട്ടത്. 2020ല്‍ മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മാര്‍സ് സയന്റിഫിക് സിറ്റിയുടെ പദ്ധതികളുടെ ഭാഗമായുള്ള ബഹിരാകാശ ഗവേഷണ അന്വേഷണ വിഷയങ്ങളിലുള്ള സഹകരണമാണ് കരാര്‍ മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
യു എ ഇയില്‍ നിന്ന് ബഹിരാകാശ സഞ്ചാരത്തിനൊരുങ്ങുന്ന ശാസ്ത്രജ്ഞരെ ബഹിരാകാശ യാത്രാരംഗത്തെ സ്‌പെഷ്യലിസ്റ്റുകളായ നാസയിലെ ശാസ്ത്രജ്ഞരുടെ കീഴില്‍ കരാറനുസരിച്ച് പ്രത്യേക പരിശീലനത്തിനയക്കാനും അവസരമുണ്ടാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു. ഈ മാസം ഒന്നിന് ആരംഭിച്ച അഞ്ചിന് അവസാനിക്കുന്ന ജര്‍മനിയിലെ ബര്‍മിനില്‍ നടക്കുന്ന ബഹിരാകാശ യാത്രകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ചുള്ള ചടങ്ങിലാണ് യു എ ഇയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ കരാറില്‍ ഒപ്പിട്ടത്.
ചടങ്ങില്‍ മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് ഏജന്‍സിയെ പ്രതിനിധീകരിച്ച് യു എ ഇ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സ്‌പേസ് ഏജന്‍സി ഡയറക്ടറേറ്റ് ബോര്‍ഡ് ചെയര്‍മാനുമായ ഡോ. അഹ്മദ് ബിന്‍ അബ്ദുല്ല ബില്‍ഹൂല്‍ അല്‍ ഫലാസി സംബന്ധിച്ചു. നാസയെ പ്രതിനിധീകരിച്ച് ജയിംസ് ബ്രഡിന്‍സ്റ്റെയിനാണ് ഒപ്പിട്ടത്. മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് ഏജന്‍സിയുടെ ഡയറക്ടര്‍ യൂസുഫ് ഹമദ് അല്‍ ശൈബാനിയടക്കം നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ചടങ്ങില്‍ സന്നിഹിരതരായി.