റാഫേല്‍ ഇടപാടും വിജ്രംഭിക്കുന്ന രാജ്യസ്‌നേഹവും

പോര്‍വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ കൈമാറാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ദസോള്‍ട്ട് ഏവിയേഷന് അവരുടെ കച്ചവട സാധ്യത നിലനിര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്. പോര്‍വിമാന നിര്‍മാതാക്കളായ വന്‍കിടക്കാര്‍ക്ക് അവരുടെ കോയ്മ തുടരാന്‍ വഴിയൊരുക്കുകയും. അതിന് എത്ര കോടി കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകും? സമ്മര്‍ദം ചെലുത്തിയ പുമാന്‍ നേരിട്ട് വാങ്ങിയെന്ന ആരോപണമൊന്നുമില്ലെങ്കിലും ആ ദേഹത്തോട് ഒട്ടിനില്‍ക്കുന്നവരുടെയോ ആ ദേഹത്തിന്റെ പാര്‍ട്ടിയുടെയോ ഒക്കെ അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുണ്ടാകണം. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്നാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് പറഞ്ഞതെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നതിന്റെ അര്‍ഥം അവിടെയാണ്.
Posted on: September 25, 2018 8:46 am | Last updated: September 24, 2018 at 8:55 pm

സ്വീഡിഷ് കമ്പനിയായ എ ബി ബൊഫോഴ്‌സില്‍ നിന്ന് ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങാന്‍ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന ആരോപണം ഉയരുന്നത് 1987ലാണ്. ഈ ഇടപാടില്‍ ഏതാണ്ട് 164 കോടി രൂപ കോഴയായി കൈമാറ്റം ചെയ്യപ്പെട്ടുവെന്നും അതില്‍ വലിയ പങ്ക് അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്കായിരുന്നുവെന്നും ഈ പണം സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നുമായിരുന്നു ആരോപണം. ആരോപണമങ്ങനെ നിന്നു കത്തി. രാജീവ് മന്ത്രിസഭയില്‍ നിന്ന് പുറത്തുവന്ന വിശ്വനാഥ് പ്രതാപ് സിംഗും ഇടതുപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിനെയും നേതാവായ രാജീവ് ഗാന്ധിയെയും തികച്ചും പ്രതിരോധത്തിലാക്കി. ലോക്‌സഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി ജെ പിയും ഇതിനൊപ്പം നിന്നു. ബൊഫോഴ്‌സ് കോഴ ആരോപണവും അഴിമതിക്കെതിരെ നിലപാടെടുത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്ന വിശ്വനാഥ് പ്രതാപ് സിംഗിനുണ്ടായ വലിയ പ്രതിച്ഛായയും 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയെ നിഷ്‌കാസിതനാക്കി. കോണ്‍ഗ്രസിനെ പുറത്താക്കാന്‍ രൂപംകൊണ്ട വിശാല സഖ്യത്തിന്റെ ഭാഗമായി നിന്ന ബി ജെ പി ലോക്‌സഭയിലെ അംഗ സംഖ്യ രണ്ടില്‍ നിന്ന് 84ലേക്ക് ഉയര്‍ത്തി.

164 കോടി രൂപ കൈക്കൂലി വാങ്ങി, നിലവാരമില്ലാത്ത തോക്കുകള്‍ വാങ്ങിയതിലൂടെ രാജ്യസുരക്ഷ അപകടത്തിലാക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത് എന്ന് അന്ന് ബി ജെ പിയുടെ നേതാക്കളായിരുന്ന അടല്‍ ബിഹാരി വാജ്പയിയും ലാല്‍ കൃഷ്ണ അഡ്വാനിയും നിരന്തരം ആരോപിച്ചിരുന്നു. കോഴ വാങ്ങി രാജ്യസുരക്ഷ അപകടത്തിലാക്കിയ രാജീവ് ഗാന്ധി, രാജ്യദ്രോഹിയാണെന്നായിരുന്നു ഈ നേതാക്കളുടെ ആരോപണങ്ങളുടെ വ്യംഗ്യം. സംഘ്പരിവാരം ഈ പ്രചാരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. 1998ല്‍ എ ബി വാജ്പയ് പ്രധാനമന്ത്രിയായിരിക്കെ കാര്‍ഗില്‍ യുദ്ധമുണ്ടായപ്പോള്‍ ഹോവിറ്റ്‌സര്‍ തോക്കുകള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടു. അന്ന് കാര്‍ഗില്‍ മലനിരകളില്‍ നിന്ന് പാക് സൈന്യത്തെ തുരത്തുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ സഹായം ചെയ്തു ഈ തോക്കുകള്‍ എന്നാണ് സൈന്യം തന്നെ അവകാശപ്പെട്ടത്. ബൊഫോഴ്‌സ് കോഴ ആരോപണം നിയമ സംവിധാനങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നില്ല, കോഴപ്പണം കൈമാറ്റം ചെയ്തുവോ എന്ന സംശയം ബലവത്തായി തുടരുന്നുവെങ്കിലും. പക്ഷേ, നിലവാരമില്ലാത്ത തോക്കുകള്‍ വാങ്ങി രാജ്യസുരക്ഷ അപകടത്തിലാക്കിയ രാജ്യദ്രോഹം, കാര്‍ഗില്‍ യുദ്ധത്തോടെ ഇല്ലാതായി.

ഈ യുദ്ധം, മറ്റൊരു ആരോപണത്തിന് വഴിയൊരുക്കി. കാര്‍ഗിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പട്ടാളക്കാരുടെ ശരീരം നാട്ടിലെത്തിക്കുന്നതിന് അമേരിക്കന്‍ കമ്പനിയില്‍ നിന്ന് വാങ്ങിയ ശവപ്പെട്ടികള്‍ നിലവാരമില്ലാത്തതായിരുന്നുവെന്നും അതു തന്നെ കൂടിയ വിലക്ക് വാങ്ങിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് വലിയ നഷ്ടമുണ്ടായെന്നുമായിരുന്നു ഒന്ന്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് പ്രകാരം 10 കോടി രൂപയുടെ നഷ്ടം. റഷ്യ, ദക്ഷിണാഫ്രിക്ക, ഇസ്‌റാഈല്‍ എന്നീ രാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടായെന്ന് അന്ന് ആരോപണമുണ്ടായി. എല്ലാം ചേര്‍ത്ത് 24,000 കോടി രൂപയുടെ ഇടപാട്. ഇതെച്ചൊല്ലിയുണ്ടായ കേസുകള്‍, പതിവുപോലെ തെളിവുകളുടെ അഭാവത്താല്‍ തള്ളപ്പെട്ടു.

കേസുകള്‍ ഇല്ലാതായെങ്കിലും കൊല്ലപ്പെട്ട പട്ടാളക്കാരുടെ ശരീരം, ഇറക്കുമതിചെയ്ത ശവപ്പെട്ടികളിലിരുന്ന് ജീര്‍ണിച്ചാണ് ബന്ധുക്കളുടെ മുന്നിലെത്തിയത് എന്നത് വസ്തുതയായി രാജ്യത്തിന് മുന്നിലുണ്ട്. ഒരു യുദ്ധത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ പോലും നിലവാരമില്ലാത്ത ശവപ്പെട്ടികള്‍ കൂടിയ വിലക്ക് വാങ്ങാന്‍ എ ബി വാജ്പയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ മടികാണിച്ചില്ല. അതിരുകാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജീവന്‍ നഷ്ടപ്പെട്ട ജവാന്‍മാരുടെ ശരീരം, അഴുകാതെ ബന്ധുക്കള്‍ക്ക് കൈമാറണമെന്ന നിര്‍ബന്ധം ‘രാജ്യ സ്‌നേഹി’കള്‍ക്കുണ്ടായില്ലെന്ന് ചുരുക്കം. ഇതേകാലത്താണ്, ആയുധക്കമ്പനികളുടെ ഏജന്റുമാരായി ചമഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ കൈയില്‍ നിന്ന് കൈക്കൂലി മടി കൂടാതെ വാങ്ങി ബി ജെ പിയുടെ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ബങ്കാരു ലക്ഷ്മണ്‍ ‘രാജ്യ സ്‌നേഹം’ തെളിയിച്ചത്. ഇവ്വിധം പല കാലങ്ങളിലായി ‘രാജ്യസ്‌നേഹം’ തെളിയിച്ചവരാണ് പല കാലങ്ങളില്‍ രാജ്യസുരക്ഷയെക്കുറിച്ച് ആശങ്കാകുലരാകുകയും വിജൃംഭിത രാജ്യസ്‌നേഹത്തിന്റെ മറ തീര്‍ത്ത് അധികാരമുറപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കള്ളപ്പണമില്ലാതാക്കാനെന്ന പേരില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം, സംഗതി രാജ്യത്തിന്റെ ഐശ്വര്യത്തിനാണെന്നും അല്ലെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്കെന്നെ ശിക്ഷിക്കാമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചത് രാജ്യസ്‌നേഹത്തെ വിജൃംഭിച്ച് നിര്‍ത്താനുള്ള മറ്റൊരു അടവ് മാത്രമായിരുന്നു.

അത്തരം അടവുകളുടെ സാഹചര്യത്തില്‍ വേണം ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടില്‍ നിന്ന് പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ മാറ്റം വരുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ കാണാന്‍. 126 വിമാനങ്ങള്‍ക്ക് ദസോള്‍ട്ടിന് കരാര്‍ കൊടുക്കാന്‍ ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ പറക്കുന്ന പാകത്തില്‍ 18 എണ്ണം വാങ്ങാനാണ് നിശ്ചയിച്ചത്. ബാക്കി 108 എണ്ണം ഹിന്ദുസ്ഥാന്‍ എയ്‌റോനോടിക്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയില്‍ നിര്‍മിക്കാനും. അതായത് റാഫേല്‍ എന്ന പോര്‍ വിമാനം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ എച്ച് എ എല്ലിന് ലഭിക്കുമെന്ന് അര്‍ഥം. 2015 ഏപ്രിലില്‍ നരേന്ദ്ര മോദി ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തി കരാര്‍ പുതുക്കുന്നതിന് ഒരു മാസം മുമ്പ് വരെ ഇതായിരുന്നു സ്ഥിതി. ദസോള്‍ട്ട് ഏവിയേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എറിക് ട്രാപ്പിയര്‍ 2015 മാര്‍ച്ച് 25ന് വാര്‍ത്താസമ്മേളനം നടത്തി കരാര്‍ 95 ശതമാനവും പൂര്‍ത്തിയായെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെയും എച്ച് എ എല്ലിന്റെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ശ്വങ്ങളിലുണ്ടായിരുന്നു. 15 ദിവസത്തിന് ശേഷം നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

എച്ച് എ എല്ലിന്റെ സ്ഥാനത്ത് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനി വന്നു. കരാര്‍ പ്രഖ്യാപിക്കുന്നതിന് പന്ത്രണ്ട് ദിവസം മുമ്പ് മാത്രം അനില്‍ അംബാനി തട്ടിക്കൂട്ടിയ കമ്പനിയും ദസോള്‍ട്ടും സംയുക്ത സംരംഭമുണ്ടാക്കുമെന്നും റാഫേല്‍ പോര്‍ വിമാനങ്ങള്‍ക്ക് വേണ്ട ഘടകങ്ങള്‍ അവിടെ നിര്‍മിക്കുമെന്നും തീരുമാനിക്കപ്പെട്ടു. പ്രതിരോധ മേഖലയില്‍ യാതൊരു മുന്‍ പരിചയവുമില്ലാത്ത അനില്‍ അംബാനിയുടെ കമ്പനിയെ പോര്‍ വിമാനങ്ങളുടെ നിര്‍മാണത്തില്‍ ദശകങ്ങളുടെ പരിചയ സമ്പത്തുള്ള ദസോള്‍ട്ട് പങ്കാളിയാക്കിയത് യാതൊരു സമ്മര്‍ദവുമില്ലാതെയാണെന്ന് വിശ്വസിക്കാന്‍ ഒരു നേരം അന്നാഹാരം കഴിക്കുന്നവര്‍ക്കൊന്നും സാധിക്കില്ല. അതാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോളന്‍ഡെ, ഇന്ത്യയുടെ സമ്മര്‍ദഫലമായാണ് സംയുക്ത കമ്പനിയുടെ പങ്കാളിയായി റിലയന്‍സിനെ തിരഞ്ഞെടുത്തത് എന്ന് തുറന്നു പറഞ്ഞതും. കരാര്‍ മാറ്റാന്‍ നിശ്ചയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ. അപ്പോള്‍ പിന്നെ ഫ്രാന്‍ഷ്യസ് ഹോളന്‍ഡെ, പറഞ്ഞ സമ്മര്‍ദം നമ്മുടെ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നാകണം ഉണ്ടായിട്ടുണ്ടാകുക. അംബാനി, അദാനി, എസ്സാര്‍ തുടങ്ങിയ ഗ്രൂപ്പുകളുടെ തലവന്‍മാരെ വിദേശ സന്ദര്‍ശനത്തിലൊക്കെ കൂടെക്കൂട്ടാന്‍ മടിക്കാത്ത, മുകേഷ് അംബാനിയുടെ കമ്പനിയുടെ പരസ്യമോഡലാകാന്‍ മടിക്കാത്ത നരേന്ദ്ര മോദി അനില്‍ അംബാനിയുടെ കമ്പനിക്കു വേണ്ടി സമ്മര്‍ദം ചെലുത്തിയിട്ടുണ്ടാകില്ലെന്ന് വിശ്വസിക്കാന്‍ അത്രക്കധികം വിജൃംഭിതമായ ‘രാജ്യസ്‌നേഹം’ വേണം.

ഈ വകയില്‍ രാജ്യത്തിനുണ്ടായ നഷ്ടം കണക്കിലെടുക്കുമ്പോള്‍ രാജ്യസ്‌നേഹം അത്രക്കധികം വിജൃംഭിക്കുന്നുമില്ല. എച്ച് എ എല്ലിനെ വിമാന നിര്‍മാണ പങ്കാളായായി നിശ്ചയിച്ചിരുന്നുവെങ്കില്‍ പോര്‍വിമാന നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ രാജ്യത്തിന് ലഭിക്കുമായിരുന്നു. ആഭ്യന്തരമായി പോര്‍വിമാനം നിര്‍മിക്കുന്ന എച്ച് എ എല്ലിന് അത് വലിയ ഊര്‍ജമാകുമായിരുന്നു. ഇന്ത്യന്‍ വ്യോമ സേനക്ക് പോര്‍വിമാനങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള ത്രാണി എച്ച് എ എല്‍ ആര്‍ജിച്ചിരുന്നുവെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം പോര്‍ വിമാനങ്ങളുടെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യക്ക് സ്ഥാനവും കിട്ടുമായിരുന്നു. നിലവില്‍ അമേരിക്ക, റഷ്യ, ഫ്രാന്‍സ് തുടങ്ങി ഏതാനും രാജ്യങ്ങള്‍ മാത്രം നേടിയെടുക്കുന്ന കരാറുകളില്‍ മത്സരിക്കാന്‍ എച്ച് എ എല്ലിന് സാധിക്കുമായിരുന്നു. ആ അവസരം ഇല്ലാതാക്കി അനില്‍ അംബാനിയുടെ കമ്പനിയെ ദസോള്‍ട്ടിന്റെ പങ്കാളിയാക്കി ഘടകങ്ങള്‍ നിര്‍മിക്കാനുള്ള കമ്പനിക്ക് വഴി തുറക്കുമ്പോള്‍ ഇന്ത്യന്‍ യൂനിയന്റെ വലിയ അവസരങ്ങളാണ് ‘രാജ്യ സ്‌നേഹി’ ഇല്ലാതാക്കിയത്. വരുമാന സാധ്യത മാത്രമല്ല, വലിയ തൊഴിലവസര സാധ്യത കൂടിയാണ് ഇല്ലാതാക്കിയത്. ബൊഫോഴ്‌സ്, ശവപ്പെട്ടി കുംഭകോണങ്ങളിലും വ്യാജ കമ്പനിയില്‍ നിന്ന് ബങ്കാരു ലക്ഷ്മണ്‍ കൈക്കൂലി കൈനീട്ടി വാങ്ങിയ കേസിലും ഇല്ലാത്ത കൊടിയ വഞ്ചന ഇവിടെയുണ്ട്.

സാങ്കേതിക വിദ്യ കൈമാറാനുള്ള ബാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ദസോള്‍ട്ട് ഏവിയേഷന് അവരുടെ കച്ചവട സാധ്യത നിലനിര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്. പോര്‍വിമാന നിര്‍മാതാക്കളായ വന്‍കിടക്കാര്‍ക്ക് അവരുടെ കോയ്മ തുടരാന്‍ വഴിയൊരുക്കുകയും. അതിന് എത്ര കോടി കൈക്കൂലിയായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടാകും? സമ്മര്‍ദം ചെലുത്തിയ പുമാന്‍ നേരിട്ട് വാങ്ങിയെന്ന ആരോപണമൊന്നുമില്ലെങ്കിലും ആ ദേഹത്തോട് ഒട്ടിനില്‍ക്കുന്നവരുടെയോ ആ ദേഹത്തിന്റെ പാര്‍ട്ടിയുടെയോ ഒക്കെ അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുണ്ടാകണം. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്നാണ് ഫ്രാന്‍സിന്റെ മുന്‍ പ്രസിഡന്റ് പറഞ്ഞതെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നതിന്റെ അര്‍ഥം അവിടെയാണ്.

കള്ളത്തരത്തിന്റെ വിടവിനെ നുണകൊണ്ട് അടയ്ക്കാനാണ് മോദി സര്‍ക്കാറിലെ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ശ്രമിച്ചത്. എച്ച് എ എല്ലിന്റെ അവസ്ഥ മോശമാണെന്നും ദസോള്‍ട്ട് മുന്നോട്ടുവെച്ച നിര്‍മാണ കരാറിലെ വ്യവസ്ഥകളോട് യോജിക്കാന്‍ എച്ച് എ എല്ലിന് സാധിച്ചില്ലെന്നുമാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്. എച്ച് എ എല്ലിന്റെ തലപ്പത്തു നിന്ന് ഏതാനും ആഴ്ച മുമ്പ് മാത്രം ഇറങ്ങിയ ടി സുവര്‍ണ രാജു, പ്രതിരോധ മന്ത്രിയുടെ വാദം തെറ്റാണെന്ന് പറയുമ്പോള്‍ പൊളിയുന്നത് നുണയും തെളിയുന്നത് കള്ളത്തരവുമാണ്. മുന്‍കാലം മുതല്‍ തന്നെ നുണയും കള്ളത്തരവും ‘രാജ്യ സ്‌നേഹ’ത്തിന്റെ അടയാളങ്ങളാക്കിയവര്‍ക്ക് ഇതും അലങ്കാരമാകുമെന്നതില്‍ തര്‍ക്കം വേണ്ട. ആകയാല്‍ അധികാരി കള്ളത്തരം കാട്ടുന്നുവെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാകുമെന്ന് ഉറപ്പ്.

നടത്തിക്കൊണ്ടിരുന്ന കച്ചവടങ്ങളാകെ പൊട്ടി, വിജയ് മല്യയോടും അദാനിയോടും മത്സരിക്കാന്‍ പാകത്തില്‍ കടത്തിന്റെ കുടിശ്ശിക വളര്‍ത്തിവെച്ചിരിക്കുന്ന അനില്‍ അംബാനിക്ക് ഈ ‘രാജ്യ സ്‌നേഹ’ത്തിന്റെ പരിലാളനം ഒരു പക്ഷേ തുണയായേക്കും. ആ പരിലാളനത്തിന് വേണ്ടി അംബാനി കൊടുത്ത പടിയെത്ര എന്നത് രഹസ്യം.