യു എന്നും പറയുന്നു, കുടിയന്മാര്‍ പെരുകുകയാണ്‌

ഇപ്പോള്‍ ലോകത്ത് 2.3 ശതകോടി മനുഷ്യര്‍ ശരാശരി 33 ഗ്രാം ആല്‍ക്കഹോള്‍ കഴിക്കുന്നു. കുടിയുടെ കാര്യത്തില്‍ ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് മുന്‍പന്തിയിലെങ്കിലും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ അത് തെക്കുകിഴക്കേ ഏഷ്യയായി മാറുമെന്നാണ് പ്രവചനം. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ 237 ദശലക്ഷം പുരുഷന്മാരും 46 ദശലക്ഷം സ്ത്രീകളും മദ്യപിച്ചുള്ള രോഗങ്ങള്‍ക്ക് അടിമകളാണ്. മിക്കവാറും രാജ്യങ്ങളിലെയും 15ന് മുകളില്‍ പ്രായമുള്ള കുട്ടികളും ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ മദ്യപാനത്തിന് അടിമകളാണ് എന്നത് ഞെട്ടിക്കുന്നതാണ്.
Posted on: September 24, 2018 10:25 am | Last updated: September 24, 2018 at 10:25 am

2018 സെപ്റ്റംബര്‍ 21ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കു പ്രകാരം 2016ല്‍ ലോകത്തെ ഇരുപത് മരണങ്ങളില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ മരിച്ചത് മദ്യം കഴിച്ചത് കൊണ്ടാണ്. അത്തരത്തില്‍ മൂന്ന് ദശലക്ഷം പേര്‍ മരിച്ചുവെന്നും യു എന്‍ വെളിപ്പെടുത്തിയിരിക്കുന്നു. നിരവധി ആളുകളും അവരുടെ കുടുംബവും സമൂഹം പൊതുവെയും മദ്യം കഴിക്കുന്നവരുടെ അക്രമത്തിനും അവരുടെ ഹിംസാത്മകമായ പ്രവര്‍ത്തങ്ങള്‍ മൂലവും ബുദ്ധിമുട്ടുന്നുണ്ട്. പല കുടിയന്മാര്‍ക്കും അവര്‍ തന്നെ ഉണ്ടാക്കുന്ന സംഘട്ടനങ്ങള്‍ വഴി പരുക്ക് പറ്റുന്നു. ഇത് കൂടാതെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍, ലിവര്‍ സിറോസിസ്, സ്‌ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങളാല്‍ മദ്യപന്മാര്‍ കഷ്ടടപ്പെടുന്നുണ്ട്.

2018ലെ കണക്കനുസരിച്ചു മദ്യവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 28 ശതമാനവും റോഡ് അപകടങ്ങളാലും മദ്യപിച്ചു സ്വയം ഉണ്ടാക്കുന്ന ലഹളയും അക്രമവും മൂലമുള്ള പരുക്കുകള്‍ വഴിയുമാണ്. 21 ശതമാനം മദ്യപന്മാര്‍ മരണമടയുന്നത് ദഹന സംബദ്ധമായ കുടല്‍ രോഗങ്ങള്‍ മൂലമാണ്. ബാക്കി ഹൃദ്രോഗങ്ങളും സാംക്രമിക രോഗങ്ങളും ക്യാന്‍സര്‍, മാനസിക വിഭ്രാന്തി, മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലവുമാണ്. 2010നെ അപേക്ഷിച്ച് 2018ല്‍ മദ്യപിച്ചു മരിക്കുന്നവരുടെ സംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ലോകത്ത് 2.3 ശതകോടി മനുഷ്യര്‍ ശരാശരി 33 ഗ്രാം ആല്‍ക്കഹോള്‍ കഴിക്കുന്നു. ഇത് ഏകദേശം രണ്ട് ഗ്ലാസ്(150 എം എല്‍ ) വൈനിനും രണ്ട് കുപ്പി ബീയറിനും 40 എംല്‍ സ്പിരിറ്റിനും തുല്യമാണ്. കുടിയുടെ കാര്യത്തില്‍ ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് മുന്‍പന്തിയിലെങ്കിലും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ അത് തെക്കുകിഴക്കേ ഏഷ്യയായി മാറുമെന്നാണ് പ്രവചനം. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തെ 237 ദശലക്ഷം പുരുഷന്മാരും 46 ദശലക്ഷം സ്ത്രീകളും മദ്യപിച്ചുള്ള രോഗങ്ങള്‍ക്ക് അടിമകളാണ്. മിക്കവാറും രാജ്യങ്ങളിലെയും 15ന് മുകളില്‍ പ്രായമുള്ള കുട്ടികളും ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മദ്യപാനത്തിന് അടിമകളാണ് എന്നത് ഞെട്ടിക്കുന്നതാണ്. നമ്മുടെ രാജ്യത്ത് മദ്യ ഉപയോഗം ഒരു പതിറ്റാണ്ടില്‍ ഇരട്ടിയായി. ലോകത്തെ പ്രതിശീര്‍ഷ മദ്യ ഉപയോഗം കൂടിക്കൊണ്ടിരിക്കയാണെന്നാണ് ലോകരോഗ്യ സംഘടന പറയുന്നത്.

ഇന്ത്യയില്‍ 15 പേര്‍ മദ്യപാനം മൂലം പ്രതിദിനം മരണമടയുന്നുണ്ട്. അതായത് ഓരോ 96 മിനുട്ടിലും ഒരാള്‍ എന്ന തോതില്‍. കേരളത്തിലെ 69 ശതമാനം കുറ്റകൃത്യങ്ങളും മദ്യപിച്ചുണ്ടാകുന്നതത്രെ. കുടിയന്മാരുടെ എണ്ണവും ഏറ്റവും കൂടുതല്‍ കേരളത്തില്‍ തന്നെ. സംസ്ഥാനത്തെ കുടിയന്മാരില്‍ ഭൂരിപക്ഷവും 35 വയസ്സില്‍ താഴെയുള്ളവരാണ്. ഒരു സര്‍വേ പ്രകാരം എറണാകുളം ജില്ലയിലെ 58 കോളജുകളിലെ 5,784 വിദ്യാര്‍ഥികളില്‍ 38.3 ശതമാനം ആണ്‍ കുട്ടികളും 12.5 ശതമാനം പെണ്‍കുട്ടികളും ഒരിക്കലെങ്കിലും മദ്യപിച്ചിട്ടുള്ളവരാണ്. കേരളത്തില്‍ ഒരാളുടെ പ്രതിശീര്‍ഷ മദ്യഉപയോഗം പ്രതിവര്‍ഷം എട്ട് ലിറ്ററാണ്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടിയ ഉപയോഗമാണ്. കേരളത്തിലെ 40 ശതമാനം റോഡ് അപകടങ്ങളും മദ്യപിച്ചു വാഹനം ഓടിക്കുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തെ വിവാഹമോചനങ്ങളില്‍ എണ്‍പത് ശതമാനത്തിലും മദ്യമാണ് വില്ലന്‍.

കേരള സര്‍ക്കാറിന്റെ 40 ശതമാനം റവന്യൂ വരുമാനവും മദ്യ വില്‍പനയിലൂടെ ആണെന്നതാണ് വിരോധാഭാസം. നമ്മുടെ കുട്ടികള്‍, പുതിയ തലമുറ മദ്യപാനാസക്തിയിലന്നെന്നു നാം തിരിച്ചറിയണം. വീടുകളില്‍ നിന്നാണ് കുട്ടികള്‍ മദ്യഉപയോഗം കണ്ട് ശീലിക്കുന്നത്. മാതാപിതാക്കള്‍ പലപ്പോഴും മദ്യപാനത്തിനു കുട്ടികള്‍ക്ക് ഉത്തേജനമാകുന്നു എന്നത് മനസ്സിലാക്കണം. പുതിയ തലമുറയെ മദ്യപാനാസക്തിയില്‍ നിന്നു രക്ഷിക്കാനുള്ള വലിയ ദൗത്യം പഴയ തലമുറ ഏറ്റെടുത്തില്ലെങ്കില്‍ സമൂഹത്തിന് വലിയ വിലകൊടുക്കേണ്ടിവരും എന്ന് തീര്‍ച്ചയാണ്.