വാഹനത്തില്‍ ഇനി ഡിജിറ്റല്‍ രേഖ സൂക്ഷിച്ചാല്‍ മതി; ഡിജിപിയുടെ സര്‍ക്കുലര്‍

ഡിജി ലോക്കറിന് സാധൂകരണം
Posted on: September 20, 2018 10:05 pm | Last updated: September 20, 2018 at 10:05 pm

തിരുവനന്തപുരം: ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റല്‍ രേഖകള്‍ക്ക് ആധികാരികത നല്‍കുന്നു. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡിജിലോക്കര്‍ നിയമപരമായി സാധുവായ രേഖയായി അംഗീകരിക്കണമെന്ന നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

മോട്ടോര്‍ വാഹന നിയമം 1988, കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകര്‍, അധികാരികള്‍ ആവശ്യപ്പെടുന്നപക്ഷം വാഹന ഉടമ, ഡ്രൈവര്‍ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നല്‍കേണ്ടതുണ്ട്.

എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് പ്രകാരം ഇനി മുതല്‍ അധികാരികള്‍ ആവശ്യപ്പെടുന്നപക്ഷം അവരവരുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള ഡിജി ലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധനയ്ക്കായി കാണിച്ചാല്‍ മതിയാകും. രേഖകളുടെ പകര്‍പ്പ് കടലാസ് രേഖയായി കൈവശം വെക്കണമെന്നില്ല. നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കില്‍ ബന്ധപ്പെട്ട നിയമപാലകര്‍ക്ക് രേഖകള്‍ പിടിച്ചെടുക്കാതെ തന്നെ വിവരം ഡിജി ലോക്കറില്‍ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.

രേഖകള്‍ കടലാസ് രൂപത്തില്‍ കൊണ്ടുനടന്ന് നഷ്ടപ്പെടാതെ ആവശ്യം വരുമ്പോള്‍ കാണിച്ചുകൊടുക്കുന്നതിനോ ഷെയര്‍ ചെയ്ത് നല്‍കുന്നതിനോ ഡിജിറ്റല്‍ ലോക്കറുകള്‍ പ്രയോജനപ്പെടുത്താം. മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റുകള്‍ തുടങ്ങിയവയില്‍ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്ക് രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം. നേരത്തെ കിട്ടിയിട്ടുള്ള കൈവശത്തിലിരിക്കുന്ന കടലാസ് രേഖകള്‍ സ്‌കാന്‍ ചെയ്ത് സ്വയം ഡിജിറ്റെസ് ചെയ്യുകയും അന്വേഷണം ഇ-ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്നതാണ്. ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യം സംബന്ധിച്ച് ട്രാഫിക് പരിശോധനയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു.