Connect with us

Techno

ഇനി സിമ്മുകളില്ലാത്ത മൊബൈല്‍ ലോകം

Published

|

Last Updated

മൊബൈല്‍ ഫോണുകളുടെ പരിണാമങ്ങള്‍ നാം കാണാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മിന്നല്‍ വേഗതയിലാണ് ഈ മാറ്റങ്ങളത്രയും. ആന്റിനകളോടു കൂടിയ ആദ്യ കാലത്തെ മൊബൈലുകള്‍ നമ്മുടെ ഓര്‍മയില്‍ ഇന്നുമുണ്ട്. പിന്നെ മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് ആയി. ടച്ച്‌സ്‌ക്രീനുകളുടെ വരവോടെ വിപ്ലവകരമായ മാറ്റങ്ങള്‍ ഈ രംഗത്തു വന്നു. വിവിധ മോഡലുകള്‍,വിവിധ സൈസുകള്‍, അനേകം സൗകര്യങ്ങള്‍.
എന്നാല്‍മൊബൈല്‍ ടെക്‌നോളജിയുടെ ഈ മാറ്റങ്ങള്‍ക്കിടയിലും ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തോടെ നില്‍ക്കുന്ന ഒരാളുണ്ട്. മൊബൈല്‍ ഫോണുകളുടെ മര്‍മം എന്നു വിശേഷിപ്പിക്കാവുന്ന സിം കാര്‍ഡ്. ഇരുപത്തേഴു വര്‍ഷങ്ങള്‍ക്കു മുമ്പ്, 1991ലാണ് ജര്‍മന്‍ സ്മാര്‍ട് കാര്‍ഡ് നിര്‍മാതാക്കളായ ജീസെക്ക് ആന്‍ഡ് ഡെറിയെന്റ് ഫിന്നിഷ് എന്ന കമ്പനി അന്ന് ലോകത്ത് അദ്യമായി സിം കാര്‍ഡ് അവതരിപ്പിച്ചത്. എന്നാല്‍ അതിനു ശേഷം മൈക്രോ സിം,മിനി സിം,നാനോ സിം എന്നിങ്ങനെ പല വലിപ്പവ്യത്യാസങ്ങള്‍ വന്നു എന്നതൊഴിച്ച് രൂപത്തിലും ഭാവത്തിലും മാറ്റങ്ങളില്ലാതെ ഒരു യാഥാസ്ഥികനായി നില കൊള്ളുകയായിരുന്നു സിം കാര്‍ഡ്.
എന്നാല്‍ സിം കാര്‍ഡ് എന്ന സങ്കല്‍പം തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ മൊബൈല്‍ ലോകത്ത് ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. അതായത് ഇനി പുതിയ കണക്ഷന്‍ എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല എന്നര്‍ഥം.

ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്‌ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്‌പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപറേറ്റഴ്‌സിന്റെ അസ്സോസിയേഷനായ ജി എസ് എം എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും.
ഇസിം കൊണ്ടുള്ള പ്രധാന ഗുണം വിവിധ കണക്ഷനുകള്‍ക്കു വേണ്ടി വെവ്വേറെ സിമ്മുകള്‍ കൊണ്ട് നടക്കേണ്ട എന്നതാണ്. ഓരോ ഫോണിനും ഒരു സിം കാര്‍ഡ് എന്ന സംവിധാനത്തിലേക്കു മാറും. പുതിയൊരു കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിക്കൊണ്ട് ഉപയോഗിക്കുകയാണ് ചെയ്യുക.
ഒരു നമ്പറും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നതാണ് ഇസിമ്മിന്റെ പ്രത്യേകത.

ഉദാഹരണത്തിന്,ഐഫോണില്‍ ഉപയോഗിക്കുന്ന അതെ നമ്പര്‍ തന്നെ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചിലും സെറ്റ് ചെയ്യാം. വിദേശ സഞ്ചാരം നടത്തുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം. ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും. അതിനെല്ലാം പുറമെ,കുറെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.

വിവിധ രാജ്യങ്ങളിലെ ടെലികോം വകുപ്പുകള്‍ ഇതിനകം തന്നെ ഇസിം ഉപയോഗിക്കാനുള്ള അനുമതി മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കു നല്‍കിക്കഴിഞ്ഞു. സാംസങ്, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ ഒക്കെയും ഇസിം സംവിധാനത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. ഗൂഗിളിന്റെ പിക്‌സല്‍ 2ഫോണുകളിലാണ് ആദ്യമായി ഇസിം സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Latest