Connect with us

National

സമരം ഏറ്റെടുക്കുകയാണെന്ന് ഡി എം കെ; വരും ദിവസങ്ങളില്‍ സമരം ശക്തമാകും

Published

|

Last Updated

തൂത്തുക്കുടി: സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 12 പേര്‍ മരിച്ചത് എടപ്പാടി സര്‍ക്കാറിനെതിരായ സംയുക്ത നീക്കത്തിനുള്ള അവസരമാക്കി പ്രതിപക്ഷം. സമരം ഏറ്റെടുക്കുകയാണെന്ന് ഡി എം കെ നേതാവ് സ്റ്റാലിന്‍ പ്രഖ്യാപിച്ചു.

പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം ശക്തമായ ഭാഷയിലാണ് അദ്ദേഹം സര്‍ക്കാറിനെ വിമര്‍ശിച്ചത്. കമ്പനിയുടെ പ്രവര്‍ത്തനം എന്നെന്നേക്കുമായി നിര്‍ത്തി വെക്കണം. വെടിവെച്ച പോലീസുകാര്‍ക്കെതിരെ ശിക്ഷാ നടപടി വേണം എന്നീ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ വരും ദിവസങ്ങളില്‍ സമരം ശക്തമാകുമെന്നുറപ്പായി. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനും രംഗത്തെത്തി. ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് തങ്ങള്‍ക്കറിയണമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഇത് എന്റെ മാത്രം ആവശ്യമല്ല. മരിച്ചവരുടെ കുടുംബാംഗങ്ങളുടേയും സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടേയും ആവശ്യമാണ്. നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇതില്‍ നിന്ന് രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഈ വ്യവസായം അടച്ചുപൂട്ടിയേ തീരൂ. ഇത് തന്നെയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതും” കമല്‍ഹാസന്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. ജാലിയന്‍വാലാബാഗ് വെടിവെപ്പിന് സമാനമാണ് തൂത്തുക്കുടിയിലെ സംഭവമെന്ന് ഡി എം ഡി കെ വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു. ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ ആവിഷ്‌കാരമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവത്തെ വിശേഷിപ്പിച്ചത്. തമിഴ്‌വികാരം ഉയര്‍ത്തിപ്പിടിക്കുന്ന ട്വീറ്റും അദ്ദേഹം പോസ്റ്റ് ചെയ്തു. തമിഴ് ജനത സംഘ് അജന്‍ഡയെ തിരസ്‌കരിക്കുന്നത് കൊണ്ടാണ് അവര്‍ ഇങ്ങനെ കൂട്ടക്കൊല ചെയ്യപ്പെടുന്നതെന്നാണ് രാഹുല്‍ തമിഴില്‍ നടത്തിയ ട്വീറ്റില്‍ പറയുന്നത്. തമിഴ് വികാരത്തെ അങ്ങനെയൊന്നും അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും രാഹുല്‍ പറയുന്നു.

എടപ്പാടിയും സംഘവും ബി ജെ പിയുമായി അടുത്തു നില്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ശക്തമായ ആക്രമണം അഴിച്ചു വിടാന്‍ ഈ അവസരം ഉപയോഗിക്കുകയാണ് ബി ജെ പി വിരുദ്ധ കക്ഷികള്‍ ചെയ്യുന്നത്. രണ്ടാം ദിവസവും വെടിവെപ്പുണ്ടായത് സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest