കേരള ഉമറാ സമ്മേളനത്തിന് ഇന്ന് തുടക്കം

  • നവലോകത്തേക്ക് ചുവടുവെക്കാന്‍ ചരിത്ര നഗരം
  • ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
Posted on: May 4, 2018 6:02 am | Last updated: May 3, 2018 at 11:25 pm
കേരള ഉമറാ സമ്മേളന വേദിയുടെ കവാടം

കോഴിക്കോട്: ചരിത്ര നഗരത്തില്‍ ഇന്ന് മറ്റൊരു ചരിത്ര സംഗമത്തിന് തുടക്കം. കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഉമറാ സമ്മേളനത്തിന് സാക്ഷികളാകാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികളെയും പ്രസ്ഥാന ബന്ധുക്കളെയും വരവേല്‍ക്കുന്നതിന് കോഴിക്കോട് സ്വപ്‌നനഗരിയില്‍ ഒരുക്കം പൂര്‍ത്തിയായി. രണ്ട് നാള്‍ നീണ്ടുനില്‍ക്കുന്ന കേരള ഉമറാ സമ്മേളനത്തിന് വിളംബരം കുറിച്ച് ഇന്ന് വൈകീട്ട് നാലിന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തും. ‘നവലോകം, നവ ചുവടുകള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. വിഷന്‍- 2019 വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അവതരിപ്പിക്കും. പ്രസ്ഥാന കുടുംബത്തിലെ നേതാക്കള്‍ പ്രസംഗിക്കും. വൈകീട്ട് നാലിന് കേരള മുസ്‌ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സില്‍ ചേരും.

നാളെ രാവിലെ പത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ജസ്റ്റിസ് സി കെ എ റഹീം മുഖ്യാതിഥിയായിരിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും.
‘മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വര്‍ത്തമാനം’ എന്‍ അലി അബ്ദുല്ലയും ‘ഉമറാഇന്റെ കര്‍മ പഥം’ സി മുഹമ്മദ് ഫൈസിയും അവതരിപ്പിക്കും. ഡോ. അബ്ദുസ്സലാം, ഡോ. ഹുസൈന്‍ രണ്ടത്താണി, എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, എ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് രണ്ടിന് കള്‍ച്ചറല്‍ കോണ്‍ഫറന്‍സ് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ‘ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം ജീവിതം’ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോലയും വിശ്വാസിയുടെ സാമ്പത്തിക വ്യവഹാരം കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരും ‘ജീവിത വിശുദ്ധി’ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയും അവതരിപ്പിക്കും. ഡോ. മുഹമ്മദ് ഹനീഫ പ്രസംഗിക്കും.

വൈകീട്ട് 5. 30ന് നടക്കുന്ന സമാപന സെഷന്് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ളിയാഉല്‍ മുസ്തഫ, സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും.