വെല്‍ഫെയര്‍ പാര്‍ട്ടിക്ക് എന്തും പറയാം; ‘മേല്‍പ്പുരയില്ലാത്തവന് എന്ത് തീപ്പൊരി’, ലീഗ് അങ്ങനെയാണോ?: കെ ടി ജലീല്‍

Posted on: April 23, 2018 5:05 pm | Last updated: April 23, 2018 at 8:58 pm
SHARE

കോഴിക്കോട്: താനൂരില്‍ അപ്രഖ്യാപിത ഹര്‍ത്താലിനെ തുടര്‍ന്ന് തകര്‍ത്ത കടകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായ നിധി ഉണ്ടാക്കിയ നടപടിയെ വിമര്‍ശിച്ച ലീഗ് നേതൃത്വത്തെയും വെല്‍ഫെയര്‍ പാര്‍ട്ടിയേയും വിമര്‍ശിച്ച് മന്ത്രി കെടി ജലീല്‍. അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ സാമൂഹികദ്രോഹികള്‍ തീകൊടുത്ത് നശിപ്പിച്ച സംഭവത്തില്‍ പാണക്കാട് സയ്യിദലി ശിഹാബ് തങ്ങള്‍ നടത്തിയ ഇടപെടല്‍ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ജലീലിന്റെ പ്രതികരണം.

സഹായനിധി രൂപവത്കരിച്ചതിന ലീഗ് നേതൃത്വം വിമര്‍ശിച്ച പശ്ചാതലത്തിലാണ് ഇക്കാര്യം ഇപ്പോള്‍ ഓര്‍ത്തതെന്നും ജലീല്‍ പറയുന്നു. അങ്ങാടിപ്പുറത്തേത് പോലെ കുമ്മനം താനൂരിലും എത്തിയിരുന്നു , കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാന്‍. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് എന്തും പറയാം . ‘മേല്‍പ്പുരയില്ലാത്തവന് എന്ത് തീപ്പൊരി’ . എന്നാല്‍ മുസ്ലിംലീഗ് അങ്ങിനെയാണോ ? സംഘി അനുകൂലികള്‍ കുഴിച്ച കുഴിയില്‍ മുസ്ലിം ചെറുപ്പക്കാര്‍ വീണത് പോലെ , മുസ്ലിം സമുദായത്തിലെ ചില വൈകാരികന്‍മാര്‍ കുഴിച്ച കുഴിയില്‍ ലീഗ് വീണുപോകരുതായിരുന്നു.
ശിഹാബ് തങ്ങള്‍ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങള്‍ താനൂരില്‍ ചെയ്തിട്ടുള്ളു . ലീഗ് ചെയ്യേണ്ടിയിരുന്നത് അവര്‍ ചെയ്യാതെ വന്നപ്പോള്‍ ഞങ്ങള്‍ ചെയ്തു . അത്രമാത്രം . ഒരു കാര്യം ലീഗ് ചെയ്താല്‍ അത് മതസൗഹാര്‍ദ്ദ പ്രതീകവും ലീഗേതരര്‍ ചെയ്താല്‍ അത് വര്‍ഗ്ഗീയ പ്രതീകവും ആകുന്നത് എങ്ങിനെയാണെന്നും ജലീല്‍ ചോദിച്ചു

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…..

അന്ന് ശിഹാബ് തങ്ങള്‍ ചെയ്തു ; ഇന്ന് ഞങ്ങള്‍ ചെയ്തു : രണ്ടിനും ഒരേ ലക്ഷ്യം .
2007 ആഗസ്റ്റ് 3 , അന്നൊരു വെള്ളിയാഴ്ചയായിരുന്നു . നേരം വെളുക്കാന്‍ തുടങ്ങിയപ്പോഴാണ് ആ കാഴ്ച ജനങ്ങളുടെ ശ്രദ്ധയില്‍ പെടുന്നത് . അങ്ങാടിപ്പുറത്തെ ചിരപുരാതനമായ തളിക്ഷേത്രത്തിന്റെ ഗോപുരവാതില്‍ തീ കൊളുത്തി നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കറുത്ത പാടുകള്‍ അപ്പോഴും ഒടുങ്ങാത്ത കനലോടെ പുകഞ്ഞ് നില്‍ക്കുന്നു . കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് കൈവിരല്‍ വെച്ച് അല്‍ഭുതം കൂറി . പൊടിപ്പും തൊങ്ങലും ചേര്‍ത്ത വാര്‍ത്തകള്‍ നാടെങ്ങും പ്രചരിച്ചു . വര്‍ഗ്ഗീയ മുതലെടുപ്പിനായി കുമ്മനം ഓടിയെത്തി റോഡ് പ്രതിരോധിച്ചു . ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്ന നിലയില്‍ അടക്കം പറച്ചിലുകള്‍ സജീവമായി . തൊട്ടടുത്തുള്ള മുസ്ലിം പള്ളിയില്‍ എന്ത് ചെയ്യണമെന്നറിയാതെ നിഷ്‌കളങ്കരായ ഒരു പറ്റം ആളുകളും കൂടി നില്‍ക്കുന്നുണ്ട് . ഒരു ചെറിയ തീപ്പൊരി വീണാല്‍ എല്ലാം കത്തിച്ചാമ്പലാകുമെന്ന അവസ്ഥ . കൂട്ടംകൂടിനിന്നവര്‍ ശ്വാസം അടക്കിപ്പിടിച്ച് നില്‍ക്കുകയാണ് . ആരും ഒന്നും പറയുന്നില്ല . പക്ഷെ എന്തൊക്കെയോ അവരുടെ മുഖത്ത് കെട്ടിനില്‍ക്കുന്നുണ്ട് . പരിഹാരക്രിയക്കായി ഒരു ദൂതനെ ജനങ്ങള്‍ തേടുന്ന ഘട്ടത്തിലാണ് ഗൗരവമാര്‍ന്ന മുഖത്തോടെ തൂവെള്ള വസ്ത്രവും തൊപ്പിയും ധരിച്ച് ശിഹാബ് തങ്ങള്‍ സാമൂഹ്യദ്രോഹികള്‍ തീകൊടുത്ത് നശിപ്പിച്ച ക്ഷേത്ര കവാടത്തിനരികില്‍ വന്നിറങ്ങിയത് . എല്ലാവരും തങ്ങള്‍ക്ക് ചുറ്റും കൂടി . എല്ലാം ഒന്ന് വീക്ഷിച്ച തങ്ങള്‍ , കൂടിനിന്നവരോടായി പറഞ്ഞു ; ഗോപുരവാതില്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഞങ്ങള്‍ മുന്‍കയ്യെടുക്കും. ഇത് കേട്ടവര്‍ നെഞ്ചത്ത് കൈവെച്ച് ആശ്വാസം പ്രകടിപ്പിച്ചു . നിധിയിലേക്കുള്ള ആദ്യ സംഭാവന സാദിഖലി തങ്ങള്‍ നല്‍കി . എല്ലാം ശുഭകരമായി അവസാനിച്ചു . മുതലെടുപ്പ് ലക്ഷ്യമിട്ടെത്തിയ വര്‍ഗ്ഗീയ വാദികള്‍ ഓടിയ വഴിക്ക് പുല്ല് മുളച്ചിട്ടില്ല . അന്ന് തങ്ങളുടെ കൂടെ കുഞ്ഞാലിക്കുട്ടി സാഹിബും ഇപ്പോഴത്തെ എംഎല്‍എ ഹമീദ് സാഹിബും ഉണ്ടായിരുന്നു .

മലപ്പുറത്തെ മുസ്ലിങ്ങളെ ക്ഷേത്രത്തിന് തീ കൊളുത്തുന്നവരാക്കി ശിഹാബ് തങ്ങള്‍ മാറ്റിയെന്ന് പ്രസ്തുത സംഭവപരമായി ബന്ധപ്പെട്ട് ആരും പറഞ്ഞതായി അറിവില്ല . ഇരുട്ടിന്റെ ശക്തികള്‍ നടത്തിയ തെമ്മാടിത്തം ഒരു സമുദായത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് തുല്ല്യമായിപ്പോയി , തങ്ങളുടെ ഇടപെടലെന്ന് ആരെങ്കിലും ആരോപിച്ചതായും കേട്ടിട്ടില്ല . അന്നും ഇന്നും തമ്മില്‍ ഒരു വ്യത്യാസമേ ഉള്ളു . അന്ന് വെല്‍ഫയര്‍ പാര്‍ട്ടിയും മീഡിയ വണ്‍ ചാനലും ഉണ്ടായിരുന്നില്ല .

ഇതിപ്പോള്‍ ഓര്‍ത്തത് വാട്‌സ്അപ് ഹര്‍ത്താലിനെ തുടര്‍ന്ന് താനൂരിലെ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട രണ്ടു ഹൈന്ദവ സഹോദരങ്ങളുടെ കടകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഞങ്ങള്‍ മുന്‍കയ്യെടുത്ത് ഒരു നിധി രൂപീകരിച്ചതിനെ ലീഗ് നേതൃത്വം വിമര്‍ശിച്ച് പ്രതികരിച്ച പശ്ചാതലത്തിലാണ് . അങ്ങാടിപ്പുറത്തേത് പോലെ കുമ്മനം താനൂരിലും എത്തിയിരുന്നു , കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ . വെല്‍ഫെയര്‍ പാര്‍ട്ടിക്ക് എന്തും പറയാം . ‘മേല്‍പ്പുരയില്ലാത്തവന് എന്ത് തീപ്പൊരി’ . എന്നാല്‍ മുസ്ലിംലീഗ് അങ്ങിനെയാണോ ? സംഘി അനുകൂലികള്‍ കുഴിച്ച കുഴിയില്‍ മുസ്ലിം ചെറുപ്പക്കാര്‍ വീണത് പോലെ , മുസ്ലിം സമുദായത്തിലെ ചില വൈകാരികന്‍മാര്‍ കുഴിച്ച കുഴിയില്‍ ലീഗ് വീണുപോകരുതായിരുന്നു.
ശിഹാബ് തങ്ങള്‍ അങ്ങാടിപ്പുറത്ത് ചെയ്തതേ ഞങ്ങള്‍ താനൂരില്‍ ചെയ്തിട്ടുള്ളു . ലീഗ് ചെയ്യേണ്ടിയിരുന്നത് അവര്‍ ചെയ്യാതെ വന്നപ്പോള്‍ ഞങ്ങള്‍ ചെയ്തു . അത്രമാത്രം . ഒരു കാര്യം ലീഗ് ചെയ്താല്‍ അത് മതസൗഹാര്‍ദ്ദ പ്രതീകവും ലീഗേതരര്‍ ചെയ്താല്‍ അത് വര്‍ഗ്ഗീയ പ്രതീകവും ആകുന്നത് എങ്ങിനെയാണ് ? ‘ഏല്‍പ്പിച്ച ദൗത്യം ഒരു ജനത നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ ആ ഉത്തരവാദിത്തം നിറവേറ്റാന്‍ നാം മറ്റൊരു സമൂഹത്തെ പകരം കൊണ്ടുവരും’ (വിശുദ്ധ ഖുര്‍ആന്‍) .