Connect with us

National

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഭൂമി ഏറ്റെടുക്കലിനെതിരെ ഗുജറാത്ത് കര്‍ഷകര്‍

Published

|

Last Updated

വഡോദര: അഹമ്മദാബാദ്- മുംബൈ അതിവേഗ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ കര്‍ഷകരുടെ പ്രതിഷേധം. വഡോദരയില്‍ സംഘടിപ്പിച്ച കണ്‍സള്‍ട്ടേഷന്‍ യോഗത്തിനെതിരെയാണ് ഹ്രസ്വകാലയളവില്‍ നോട്ടീസ് നല്‍കിയതില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഞായറാഴ്ചത്തെ പത്രത്തില്‍ പരസ്യം നല്‍കിയാണ് യോഗത്തിന്റെ വിവരം പദ്ധതി നടത്തിപ്പുകാരായ ദി നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ (എന്‍ എച്ച് എസ് ആര്‍ സി) കര്‍ഷകരെ അറിയിച്ചത്.

രണ്ടാം യോഗമെന്നാണ് നോട്ടീസിലുണ്ടായിരുന്നത്. എന്നാല്‍, ആദ്യമൊരു യോഗം നടന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ആദ്യഘട്ട യോഗത്തിന്റെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ പങ്കുവെക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ പറയുന്ന രണ്ടാം യോഗത്തിന്റെ അജന്‍ഡയും ലക്ഷ്യവും വ്യക്തമല്ല. ആദ്യ യോഗം നടന്നത് സംബന്ധിച്ച് ആര്‍ക്കുമറിയില്ലെന്നും കര്‍ഷക പ്രതിനിധി കൃഷ്ണ കാന്ത് പറഞ്ഞു. തിരക്കുപിടിച്ച് നടത്തിയതിനാലും യോഗത്തിന്റെ തലേന്ന് മാത്രമാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചതിനാലും ഭൂമി നഷ്ടപ്പെടുന്ന വലിയൊരു വിഭാഗം കര്‍ഷകര്‍ക്ക് യോഗസ്ഥലത്തെത്താന്‍ സാധിച്ചില്ല. യോഗം ഔപചാരികതക്ക് വേണ്ടി മാത്രമാണെന്ന് കാണിച്ച് വഡോദര, ഭാരൂഖ് കലക്ടര്‍മാര്‍ക്ക് കര്‍ഷകര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Latest