കണ്ണൂര്‍, കരുണ മെഡി. കോളജ് പ്രവേശനം: 180 വിദ്യാര്‍ഥികളെ പുറത്താക്കണം

മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു
Posted on: April 5, 2018 11:09 pm | Last updated: April 6, 2018 at 10:50 am

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനും മാനേജ്‌മെന്റിനും തിരിച്ചടി. ഈ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് സാധുത നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു.

രണ്ട് കോളജുകളിലും 2016- 17 കാലയളവില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150ഉം പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെ 30ഉം വിദ്യാര്‍ഥികളെ പുറത്താക്കണമെന്നാണ് ബഞ്ച് വ്യക്തമാക്കിയത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്നും കോടതി ഓര്‍മിപ്പിച്ചു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം തടഞ്ഞ്് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. കോടതി ഉത്തരവ് ഓര്‍ഡിനന്‍സിലൂടെ റദ്ദാക്കിയതായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം തള്ളിയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്‍ ഗവര്‍ണറുടെ പരിഗണനയിലാണെന്നും അതിനാല്‍ ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു സര്‍ക്കാറിന്റെ ആവശ്യം.

എന്നാല്‍, ഇരു കോളജുകളിലെയും പ്രവേശനം റദ്ദാക്കിയതാണെന്നും അത് നിലനില്‍ക്കെ എങ്ങനെ അഡ്മിഷന്‍ കമ്മിറ്റിക്ക് ഇതിന്മേല്‍ തീരുമാനം എടുക്കാനാകുമെന്നും കോടതി ആരാഞ്ഞു. രണ്ട് കോളജുകളിലും 2016-17 കാലയളവില്‍ വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് മെറിറ്റിന്റെ അടിസ്ഥാനത്തിലല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികള്‍ യാതൊരുവിധ ആനുകൂല്യവും അര്‍ഹിക്കുന്നില്ല. വിദ്യാര്‍ഥികളുടെ പ്രവേശനം സാധുവാക്കുന്ന സര്‍ക്കാറിന്റെ മെഡിക്കല്‍ ബില്‍ നിയമവിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമ നിര്‍മാണാധികാരം ജുഡീഷ്യല്‍ അധികാരത്തെ ദുര്‍ബലപ്പെടുത്താനാകില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തത്.

കണ്ണൂര്‍, കരുണ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ പൊതു കൗണ്‍സിലിംഗിന് ശേഷം സ്വന്തം നിലയില്‍ നടത്തിയ പ്രവേശനം സുപ്രീം കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ വിധി മറികടക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20ന് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. കോളജ് മാനേജ്‌മെന്റുകള്‍ വിദ്യാര്‍ഥികളെ വഞ്ചിച്ചതാണെന്നും വിദ്യാര്‍ഥികള്‍ക്ക് മാനുഷിക പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഓര്‍ഡിനന്‍സെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം.