Connect with us

National

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസ്: സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ്

Published

|

Last Updated

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സല്‍മാനെ ഇന്ന് തന്നെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും. വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് സല്‍മാന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി കേസിലെ മറ്റ് പ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം തുടങ്ങിയവരെ വെറുതെ വിട്ടിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് കൂട്ടുപ്രതികളെ വെറുതെ വിട്ടത്. വിധി കേള്‍ക്കാന്‍ സല്‍മാന്‍ ഖാന്‍ കോടതിയിലെത്തിയിരുന്നു.

1998 ഒക്ടോബര്‍ ഒന്നിന് ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ ഗോധ ഫാമില്‍ രണ്ട് കൃഷ്ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് സല്‍മാനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് കൂട്ടു പ്രതികള്‍. കേസില്‍ കഴിഞ്ഞ മാസം 28 നാണ് വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്.