സ്വകാര്യ ബസ് സമരം: ബസുകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിക്കരുതെന്ന് ഗതാഗത മന്ത്രി

Posted on: February 19, 2018 9:13 am | Last updated: February 19, 2018 at 11:28 am

തിരുവനന്തപുരം: സമരം തുടരുന്ന സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ക്ക് സര്‍ക്കാറിന്റെ മുന്നറിയിപ്പ്. സമരം തുടരാനാണ് തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബസ് ഉടമകളുമായി ഇന്നലെ ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് മന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് സംഘടനാ ഭാരവാഹികള്‍ തീരുമാനിക്കുകയായിരുന്നു. കുറഞ്ഞ യാത്രാ നിരക്ക് വര്‍ധന, ഫെയര്‍ സ്റ്റേജ് നിരക്ക് വര്‍ധന എന്നിവ അംഗീകരിച്ച ബസുടകള്‍ വിദ്യാര്‍ഥികളുടെ കുറഞ്ഞ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് പരസ്യനിലപാട് സ്വീകരിച്ചതായി മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ അതേപടി സര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നില്ല. 24 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം നല്‍കരുതെന്ന കമ്മിഷന്‍ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധിയെന്നത് യുക്തിസഹമല്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.